Advertisement

”ധനമന്ത്രീ,ഞങ്ങൾക്ക് മൂത്രമൊഴിക്കണം”

June 27, 2016
Google News 0 minutes Read

വിഴിഞ്ഞം ഐബിയിൽ സംസ്ഥാനബജറ്റ് തയ്യാറാക്കുന്ന തിരക്കിലാണ് ധനകാര്യമന്ത്രി ഡോ.ടി.എം.തോമസ് ഐസക്. അദ്ദേഹത്തിനുള്ള തുറന്ന കത്ത് എന്ന നിലയിൽ മാധ്യമപ്രവർത്തകയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാവുന്നു. ഒരു മലയാളിപ്പെണ്ണ് എന്ന് സ്വയം സംബോധന ചെയ്യുന്ന അനുപമ മോഹന്റെ ഈ നിവേദനം
ഓരോ മലയാളിസ്ത്രീയുടെയും ആവശ്യത്തെ പ്രതിനിധീകരിക്കുന്നതാണ്.

13507170_10154297967377743_2232975914244635999_n

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം..

പ്രിയപ്പെട്ട ധനകാര്യമന്ത്രിക്ക് ഒരു നിവേദനം

വിഴിഞ്ഞം ഐബിയില്‍ ബജറ്റ് തയ്യാറാക്കുന്ന തിരക്കിലാണ് ശ്രീ. തോമസ് ഐസക്ക് എന്നറിയാം. അതുകൊണ്ട് തന്നെ എന്‍റെ, ഞങ്ങളുടെ, ആവശ്യം പെട്ടന്ന് പറയാം.

ധനകാര്യമന്ത്രീ, ഞങ്ങള്‍ സ്ത്രീകള്‍ക്ക് മൂത്രമൊഴിക്കണം.

കുരുക്ഷേത്രയുദ്ധത്തിന് മുന്‍പ് ദൂതിനിറങ്ങിയ കൃഷ്ണനോട് തന്‍റെ അഴിഞ്ഞുവീണ തലമുടി ചൂണ്ടിക്കാണിച്ചുകൊണ്ട് കൃഷ്ണ പറഞ്ഞത്രേ, എന്നോട് കാണിച്ച അനീതി മറക്കരുത് എന്ന്.

ഇവിടെ, ബജറ്റ് തയ്യാറാക്കുന്ന ധനകാര്യമന്ത്രിക്ക് മുന്നില്‍ കേരളത്തിലെ പെണ്‍കുഞ്ഞുങ്ങളും സഹോദരിമാരും അമ്മമാരും വലതുകയ്യിലെ കുഞ്ഞുവിരല്‍ ഉയര്‍ത്തിപ്പിടിച്ചു നല്‍ക്കുകയാണ്. ഞങ്ങളോട് കാലങ്ങളായി കാണിച്ചുകൊണ്ടിരിക്കുന്ന അനീതി അങ്ങ് മറക്കരുത് എന്ന് ഓര്‍മ്മിപ്പിക്കുകയാണ്.

പൊതുസ്ഥലങ്ങളില്‍ വൃത്തിയും സുരക്ഷിതത്വവുമുള്ള മൂത്രപ്പുര എന്ന ആവശ്യം അങ്ങെയ്ക്ക് നിസ്സാരമായി തോന്നിയേക്കാം. എന്നാല്‍ വേദനയ്ക്ക് അമോണിയയുടെ മണമാണെന്ന് വര്‍ഷങ്ങളുടെ യാതനയിലൂടെ പഠിച്ച ഞങ്ങള്‍ സ്ത്രീകള്‍ക്ക് അതൊരു പ്രധാന വിഷയമാണ്. ഈ ആവശ്യത്തിന് പരിഹരം കാണേണ്ടത് ധനകാര്യമന്ത്രി എന്ന നിലയില്‍ അങ്ങെയുടെ കൂടി ചുമതലയാണ്. ഔദാര്യമല്ല, അവകാശമാണ് ഞങ്ങള്‍ ചോദിക്കുന്നത്. അഭയാര്‍ഥിയായല്ല, ബജറ്റിന്‍റെ അവകാശികളായിത്തന്നെയാണ് ഇവിടെ നില്‍ക്കുന്നതും.

ഈ വിഷയം ആദ്യം സാമൂഹികമാധ്യമങ്ങള്‍ ഉയര്‍ത്തിയപ്പോള്‍ ആദ്യം പ്രതികരിച്ച് നേതാവ് ഇന്ന് കേരള മുഖ്യമന്ത്രിയാണ്. ക്രിയാത്മകനിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ച ആള്‍ ഇന്ന് ധനകാര്യമന്ത്രിയും. സ്ത്രീകള്‍ക്കായി ഈ സര്‍ക്കാര്‍ പ്രത്യേക വകുപ്പ് രൂപീകരിച്ചു. രണ്ട് സ്ത്രീകളെ സുപ്രധാന വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിമാരാക്കി. അത്രയും നല്ലത്. പക്ഷേ, ഇനിയെന്ത് ?

പ്രഖ്യാപനങ്ങളല്ല, നാല് ചുമരും അടച്ചുറപ്പുള്ള വാതിലുകളും അവശ്യ പ്ലംബിങ്ങും ഉള്ള ഒരു മുറിതന്നെ വേണം പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാനായി. ഇവിടെയാണ് അങ്ങെയുടെ സര്‍ക്കാരിന്‍റെ ഇച്ഛാശക്തി ഞങ്ങള്‍ക്ക് അറിയേണ്ടത്. ഈ ബജറ്റില്‍ ഞങ്ങള്‍ ഉന്നയിക്കുന്ന പൊതുമൂത്രപ്പുരകള്‍ എന്ന ആവശ്യത്തിന് എന്ത് പരിഗണനയാണ് അങ്ങ് നല്‍കുക. അതിന് കൃത്യമായ ഉത്തരം ഞങ്ങള്‍ക്ക് കിട്ടിയേ തീരു.

കാരണം, ധനകാര്യമന്ത്രീ, ഞങ്ങള്‍ക്ക് മൂത്രമൊഴിക്കണം..

എന്ന്,
ഒരു മലയാളിപ്പെണ്ണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here