17 ഫീമെയിൽ മീററ്റ്

ഇങ്ങനെയാവണം പുതിയ കാലത്തെ പെൺകുട്ടികൾ

 

22 ഫീമെയിൽ കോട്ടയം എന്ന ആഷിഖ് അബു ചിത്രം പ്രേക്ഷകരിലേക്കെത്തിയപ്പോഴും അതിന് ശേഷവും നമ്മളിൽ പലരും ആഗ്രഹിച്ചിട്ടില്ലേ ഓരോ പെൺകുട്ടിക്കും ടെസ്സയുടെ ധൈര്യം ഉണ്ടായിരുന്നെങ്കിലെന്ന്. സ്ത്രീകളെ ലൈഗികമായി ചൂഷണം ചെയ്യാൻ ശ്രമിക്കുന്ന സിറിലുമാർ ശിക്ഷിക്കപ്പെടേണ്ടത് അങ്ങനെ തന്നെയാണെന്ന്.

സ്ത്രീകളോടുള്ള ലൈംഗിക അതിക്രമങ്ങൾ നാൾക്കുനാൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ അങ്ങനെയൊക്കെ ചിന്തിച്ചുപോവുന്നത് സ്വാഭാവികം. എന്നാൽ,ഇത് പ്രാവർത്തികമാക്കിയ ഒരു കൊച്ചുമിടുക്കിയെക്കുറിച്ചുള്ള വാർത്തയാണ് ഇത്. മീററ്റിൽ വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. 17 വയസ്സേ ഉള്ളു ദളിതയായ കഥാനായികയ്ക്ക്. കത്തി കാട്ടി ഭീഷണിപ്പെടുത്തി തന്നെ ഉപദ്രവിക്കാൻ വന്ന യുവാവിൽ നിന്ന് കത്തി തട്ടിയെടുത്ത് അവൾ തിരിച്ചാക്രമിച്ചു.അയാളുടെ ലൈംഗികാവയവയത്തിൽ മുറിവേൽപ്പിച്ച് അവൾ രക്ഷപെട്ടു. പോലീസ് സ്‌റ്റേഷനിൽ പരാതി നല്കാനും മറന്നില്ല.

മാരകമായി മുറിവേറ്റ യുവാവിന്റെ കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാർ ഇയാളെ ആശുപത്രിയിൽ എത്തിച്ചു. ഭാര്യയും അഞ്ചുവയസ്സുള്ള കുട്ടിയുമുണ്ട് ഇയാൾക്ക്. ആരോഗ്യനില മെച്ചപ്പെടാതെ കേസിന്റെ തുടർനടപടികളിലേക്ക് കടക്കാനാവാത്തതിനാൽ പോലീസ് കാത്തിരിക്കുകയാണ്.യുവാവും പെൺകുട്ടിയും വ്യത്യസ്ത സമുദായങ്ങളിൽ പെട്ടവരായതിനാൽ സംഘർഷസാധ്യത കണക്കിലെടുത്ത് ഗ്രാമത്തിൽ പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്.

സംഭവം വാർത്തയായതോടെ പെൺകുട്ടിയെത്തേടി അഭിനന്ദനപ്രവാഹമാണ്.ദളിത് പെൺകുട്ടികൾ നിരന്തരം ചൂഷണത്തിന് വിധേയരാകുകയും അധിക്ഷേപങ്ങളിൽ മനംനൊന്ത് തകർന്നുപോവുകയും ചെയ്യുന്ന ഇക്കാലത്ത് ഇവളുടെ ധൈര്യത്തിന് ഇരട്ടിത്തിളക്കമുണ്ട്. പെണ്ണായാൽ ധൈര്യമുണ്ടാവണം,എങ്കിൽ ഇത്തരം ചെറുത്തുനില്പ്പുകളിലൂടെ എതിരാളിയെ തോല്പ്പിക്കാനാവും എന്ന വലിയ സന്ദേശവും അവൾ പകർന്നുനൽകുന്നു.

NO COMMENTS

LEAVE A REPLY