മനുഷ്യർ പുഴുക്കളെ പോലെ ; പ്ലൈവുഡ് ഉടമകൾ കുടുങ്ങി ! ട്വൻറിഫോർ ന്യൂസ് റിപ്പോർട്ടുകൾ ശരി

മൃഗങ്ങൾക്കൊപ്പം മനുഷ്യർ പുഴുക്കളെ പോലെ അന്തിയുറങ്ങുന്ന വൃത്തിഹീനമായ ചുറ്റുപാടുകൾ !

പാചകം ചെയ്യുന്ന സ്ഥലങ്ങളിൽ പോലും അണുക്കൾ !

ദുർഗന്ധം വമിപ്പിക്കുന്ന കാഴ്ച്ച കണ്ടു മനം മടുത്ത് അന്വേഷണ സംഘം മടങ്ങി…

ഇതു പെരുമ്പാവൂരിലെ ആയിരത്തി ഇരുന്നൂറിലധികം ചെറുതും വലുതുമായ പ്ലൈവുഡ് ഫാക്ടറികളിലെ ലേബർ ക്യാമ്പുകളിലെ ഞെട്ടിക്കുന്ന കാഴ്ചകൾ. പരിശോധകർ കടന്നു ചെന്നത് ആകെ മൂന്നിടങ്ങളിൽ മാത്രം. പരിശോധന പൂർണമല്ലന്നും കർശന നടപടികൾ ഉണ്ടാകുമെന്നും തൊഴിൽ വകുപ്പ് ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറി പറഞ്ഞു. മാധ്യമപ്രവർത്തകർ വിഷയം ശ്രദ്ധയിൽ പെടുത്തിയതനുസരിച്ചാണ് പരിശോധന നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. ട്വൻറിഫോർ ന്യൂസ് പുറത്തു കൊണ്ടു വന്ന വിവരങ്ങൾ മറ്റു ചില മാധ്യമങ്ങൾ ഏറ്റെടുക്കുകയായിരുന്നു. എന്നാൽ പെരുമ്പാവൂരിലെ നിയമവിരുദ്ധ ലേബർ ക്യാമ്പുകളിൽ അഡീഷണൽ ചീഫ് സെക്രട്ടറി ടോം ജോസ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയ ഞെട്ടിക്കുന്ന വിവരങ്ങൾ ട്വൻറിഫോർ ന്യൂസ് റിപ്പോർട്ടുകളെ ശരി വയ്ക്കുന്നു. അന്യസംസ്ഥാന തൊഴിലാളികളുടെ ആവാസകേന്ദ്രങ്ങളിലെ പരിശോധനയിൽ മനം മടുപ്പിക്കുന്ന കാഴ്ചകളാണ് അഡീഷണൽ ചീഫ് സെക്രട്ടറി ടോം ജോസ് കണ്ടത്.

പെരുമ്പാവൂർ മുടിക്കലിലെ ‘പ്രമുഖ’ ‘സ്വകാര്യ’ സ്ഥാപനങ്ങളായ ചന്ദ്രിക പ്ലൈവുഡ്‌സ്, ക്രസന്റ്, സീപീസൺ എന്നിവടങ്ങളിലായിരുന്നു പരിശോധന

കിടന്നുറങ്ങുന്ന സ്ഥലം, പാചകപ്പുര, ടോയ്‌ലറ്റ് തുടങ്ങിയ ഇടങ്ങളിലൊന്നും ശുചിത്വത്തിന്റെ ലവലേശം കാണാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല. സന്ദർശനത്തിൽ താൻ ഒട്ടും തൃപ്തനല്ലെന്ന് അദ്ദേഹം ഒടുവിൽ പറഞ്ഞതും ഈ മനംമടുപ്പിക്കുന്ന കാഴ്ചകൾ മൂലമാണ്. പെരുമ്പാവൂർ മുടിക്കലിലെ ചന്ദ്രിക പ്ലൈവുഡ്‌സ്, ക്രസന്റ്, സീപീസൺ എന്നിവടങ്ങളിലായിരുന്നു പരിശോധന. കനത്ത മഴ തകർക്കുന്നതിനിടയിലായിരുന്നു പരിശോധന. ഉടമകളിൽ പലരും റെയ്‌ഡ്‌ വിവരമറിഞ്ഞ് മുങ്ങി. മുന്നിൽ നിന്നവർക്ക് ആകട്ടെ ചോദ്യങ്ങൾക്കു വ്യക്തമായ മറുപടിയുമുണ്ടായില്ല.

ശമ്പളത്തെക്കുറിച്ചും മറ്റും തൊഴിലാളികളോട് ചോദിച്ചു മനസിലാക്കിയെങ്കിലും ഓരോരുത്തരും പറഞ്ഞത് പല ഉത്തരങ്ങൾ. തൊഴിലാളികളെ എത്തിക്കുന്ന ഇടനിലക്കാർ പണം തട്ടുന്നുണ്ടോയെന്നും ഒരുഘട്ടത്തിൽ ടോം ജോസ് ആശങ്കപ്പെട്ടു. ചിലയിടത്ത് ഒരു ടൺ ഉൽപാദനത്തിന് നിശ്ചിത നിരക്ക് തൊഴിലാളികളുടെ കരാറുകാരന് നൽകും. ഇത് തൊഴിലാളിക്കു വീതിച്ചുനൽകും. പുരുഷന്മാർക്ക് 380-400 രൂപ നിരക്കിലാണ് കൂലി. വനിതകൾക്കിത് 300 രൂപയാണ്.

താരതമ്യേന കൊള്ളാമെന്നു പറയാവുന്ന സങ്കേതത്തിൽ പോലും ടോയ്‌ലറ്റ് പുറമെ വൃത്തിയുള്ളതെന്നു തോന്നിച്ചെങ്കിലും അകത്ത് സ്ഥിതി ശോചനീയമായിരുന്നു. ചിലയിടങ്ങളിൽ തൊഴിലാളികൾ കിടക്കുന്നയിടത്ത് തന്നെയായിരുന്നു ആടുമാടുകളുടെ വാസവും. പാചകപ്പുരകൾ ഒട്ടും വൃത്തിയുള്ളതായി കാണാനായില്ല. മഴയിൽ ചോരുന്ന, വെളിച്ചമില്ലാത്ത മുറികൾ.. എല്ലായിടത്തേയും കാഴ്ചകൾ ഏതാണ്ട് ഒന്നുപോലെയാണ് അനുഭവപ്പെട്ടത്. അതായത് മനുഷ്യ വാസ യോഗ്യമായ സൗകര്യങ്ങളൊന്നും തന്നെ പെരുമ്പാവൂരിലെ അന്യസംസ്ഥാന തൊഴിലാളി ക്യാമ്പുകളിൽ ഇല്ല. അന്യസംസ്ഥാന തൊഴിലാളികളോട് കപട സ്നേഹം പുലർത്തുന്ന പ്രാദേശിക ദിവ്യന്മാരും , സ്ഥലത്തെ ചില മുതലാളി പക്ഷ മാധ്യമ പ്രവർത്തകരും റെയ്‌ഡ്‌ നടക്കുമ്പോൾ ഒളിച്ചിരിക്കുകയായിരുന്നു.

roomsവലിയമുറിയിൽ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചാണ് പലയിടത്തും തൊഴിലാളികൾ കിടന്നിരുന്നത്. വായുസഞ്ചാരം കുറഞ്ഞതിനാൽ മുറികളിൽ രൂക്ഷമായ ഗന്ധം തങ്ങിനിന്നു. ഇവിടങ്ങളിൽ ബർത്ത് സൗകര്യം ചെയ്താൽ മാന്യമായി കിടക്കാനും മറ്റും സൗകര്യം ഉണ്ടാകുമെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി ചൂണ്ടികാട്ടി. താമസം, ഭക്ഷണം, പാചകം മറ്റ് സംവിധാനങ്ങളിൽ ശുചിത്വത്തിന്റെ കാര്യത്തിൽ ഗുരുതരമായ നിയമലംഘനം ആണ് നടക്കുന്നതെന്നും ടോം ജോസ് കണ്ടെത്തി. അവരും നമ്മളും ഇന്ത്യക്കാർ ആയതിനാൽ കുറേക്കൂടി മെച്ചപ്പെട്ട സൗകര്യത്തിന് അവർക്ക് അർഹതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രാവിലെ 10നാരംഭിച്ച സന്ദർശനം ഉച്ചയ്ക്ക് 12മണിയോടെയാണ് സമാപിച്ചത്. മറ്റു ചിലകേന്ദ്രങ്ങൾ കൂടി കാണാൻ ലക്ഷ്യമിട്ടിരുന്നെങ്കിലും എല്ലായിടത്തും ഇതാകും അവസ്ഥയെന്നതിനാൽ സന്ദർശനം വേണ്ടെന്നുവയ്ക്കുകയായിരുന്നു. പെരുമ്പാവൂരിൽ മാത്രം രണ്ടു ലക്ഷത്തിലേറെ അന്യസംസ്ഥാന തൊഴിലാളികൾ ഉണ്ടാകുമെന്നാണ് ഏകദേശ ധാരണ. പരിശോധകസംഘം സംസാരിച്ചവരെല്ലാം തന്നെ അസം സ്വദേശികളാണ്. കൂടുതലും അസമിൽ നിന്നുള്ളവരാണ് ഈ രംഗത്തുള്ളത്. ഇതിനു പുറമെ മറ്റു ജോലികളിലും ഇവർ ഏർപ്പെടുന്നുണ്ട്.

അഡീഷണൽ തൊഴിൽ കമ്മിഷണർ അലക്‌സാണ്ടർ, ഡപ്യൂട്ടി തൊഴിൽ കമ്മിഷണർ ശ്രീലാൽ, മേഖല ജോയിന്റ് ലേബർ കമ്മിഷണർ പി.ജെ.ജോയി, ജില്ല തൊഴിൽ ഓഫീസർ കെ.എഫ്. മുഹമ്മദ് സിയാദ്, അസിസ്റ്റന്റ് തൊഴിൽ ഓഫീസർമാർ തുടങ്ങിയവർ അഡീഷണൽ ചീഫ് സെക്രട്ടറിയെ അനുഗമിച്ചു.

രതി വൈകൃതങ്ങളുടെ പെരുമ്പാവൂർ ; അനാശാസ്യ കേന്ദ്രങ്ങളുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE