ആ പ്രാർഥനകളൊന്നും ദൈവം എന്തേ കേട്ടില്ല!!

വാർത്തകളില്ലാത്ത ലോകത്തേക്ക് സനൽ ഫിലിപ്പ് വിട പറയുമ്പോൾ അനാഥമാവുന്നത് എത്രയോ സൗഹൃദങ്ങളാണ്. പരിചയപ്പെടുന്നവർക്കെല്ലാം സനലിനെ ഓർത്തുവയ്ക്കാൻ ആ നിഷ്‌കളങ്കതയും മുണ്ടക്കയം ശൈലിയും മാത്രം മതിയായിരുന്നു. ആരെയും കൂസാതെ എന്തും വെട്ടിത്തുറന്നു പറയുമ്പോഴും സഹൃത്തുക്കളെ അവരുടെ സാന്നിധ്യത്തിൽ പോലും ട്രോളുമ്പോഴും സനൽ വ്യത്യസ്തനാവുകയായിരുന്നു.

ആ മരണം സൃഷ്ടിച്ച ശൂന്യത എത്രമാത്രം വലുതാണെന്ന് അവരോരുത്തരുടെയും വാക്കുകളിൽ നിറയുമ്പോൾ മരണമേ നീയിത്ര ക്രൂരനോ എന്ന ചോദ്യം മാത്രം അവശേഷിക്കുന്നു.

സുഹൃത്തുക്കളുടെ വാക്കുകളിലൂടെ…

 

സാധാരണക്കാരിൽ സാധാരണക്കാരൻ’.. അങ്ങനൊരാൾക്ക് പണവും അധികാരവും അതിരുതിരിക്കുന്ന രാജ്യ തലസ്ഥാനത്ത് മാധ്യമ പ്രവർത്തകനായി അതിജീവിക്കാനാകുമോ? പുറമെ നിന്ന് നോക്കുന്നവർക്ക് ദില്ലിയിലെ അങ്ങനെയൊരു ജീവിതം അപരിചിതമായേക്കും.. പക്ഷെ അങ്ങനെ ജീവിക്കുകയും പോരാടുകയും ചെയ്യുന്ന മാധ്യമ പ്രവർത്തകരിലെ സാധാരണക്കാരിൽ മുൻ നിരയിലുണ്ടായിരുന്നു സനിൽ ഫിലിപ്പ് .. വുഡ് ലാന്റ്സിന്റെ ഷൂസും ബ്രാൻഡഡ് ഷർട്ടുകളും പാന്റ്സും ധരിച്ച് ഇൻസേർട്ടാക്കി നടക്കുമ്പോഴേ ദില്ലിയിലെ മാധ്യമ പ്രവർത്തകരിൽ ഒരാളാകൂവെന്ന സ്വയം തോന്നലുകൾ എത്ര അനായാസമായാണ് അവൻ തകർത്തെറിഞ്ഞത്..

പഞ്ചനക്ഷത്ര ഹോട്ടലിൽ കയറാനും സ്ലിപ്പർ മതി. ജൻപഥിലെയും സരോജിനി നഗർ മാർക്കറ്റിലെയും പാലിക ബസാറിലെയും വസ്ത്രങ്ങൾ കൊണ്ട് നഗ്നത മറച്ചാൽ മതി. ജാഡകളിലല്ല കാര്യമെന്ന് ഞങ്ങളെയൊക്കെ അവൻ വേഷത്തിലൂടെയും ഇടപെടലിലൂടെയും പഠിപ്പിച്ചിരുന്നു.

ആ ലാളിത്യവും നിഷ്ക്കളങ്കതയും മറയില്ലായ്മയുമാണ് മുണ്ടക്കയംകാരൻ സനിൽ ഫിലിപ്പ്! കാഴ്ചയിൽ അതിപ്രതാപവാൻമാരായി വാർത്താ സമ്മേളനങ്ങളിൽ വാ തുറക്കാതിരിക്കുന്നവരുടെ സ്കൂളിലായിരുന്നില്ല സനിൽ പഠിച്ചത് .അവൻ ചോദ്യങ്ങൾ ഉറക്കെ ചോദിക്കും, മറുപടി പറയാൻ ബുദ്ധിമുട്ടേറിയ ചോദ്യങ്ങൾ വെട്ടിത്തുറന്നു തന്നെ ചോദിക്കും ..

പിണറായിയുടെ ദില്ലി സന്ദർശനങ്ങളിൽ ചോദ്യങ്ങൾ ചോദിക്കാൻ മാധ്യമപ്രവർത്തകർ അശങ്കപ്പെട്ട കാലത്തും കേരള ഹൗസിൽ വച്ച് സനൽ ചോദിച്ച മൂർച്ചയുള്ള ചോദ്യങ്ങൾ എത്ര.. കോടിയേരിയോട് ഒരിക്കൽ ഒരു വിവാദത്തെപ്പറ്റി ചോദിക്കാൻ മടിച്ച ഞങ്ങൾ കുറേ പേർ സനിലിനെ അതിരാവിലെ വിളിച്ചുണർത്തിയത് ഓർമ്മയിലുണ്ട്.. അപ്രിയ കാര്യങ്ങൾ ചോദിക്കാൻ എന്തിനുമടിക്കണം, ഇതാണ് നമ്മുടെ ചോറെന്ന് അവൻ പറയാറുണ്ടായിരുന്നു ..

ഒടുവിൽ ആഴ്ചകൾക്ക് മുമ്പ് പുതിയ ജോലിയെപ്പറ്റി പറയുമ്പോൾ അവന്റെ ശബ്ദത്തിൽ കേട്ട പ്രതീക്ഷയാണ് മരണം ഇത്ര തിടുക്കത്തിൽ തല്ലിക്കെടുത്തിയത്. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കണം , വിവാഹം കഴിക്കണം അങ്ങനെ പുതിയ പ്രതീക്ഷകളുടെ ഒരു ലോകത്തിന്റെ വാതിൽക്കൽ നിന്നാണ് അവൻ വേർപിരിയുന്നത്..

ക്ലേശങ്ങളിൽ മാത്രം കഴിഞ്ഞവർ ജീവിതത്തിന്റെ പച്ചില എത്തിപ്പിടിക്കാൻ പെടാപ്പാടുപെടുമ്പോൾ ഇത്ര നിർദ്ദയം അവരെ കവർന്നെടുക്കുന്നതെന്തിനാണ് മരണമേ …

(എം.ഉണ്ണിക്കൃഷ്ണൻ)https://www.facebook.com/photo.php?fbid=1382107058472304&set=a.209193959096959.61538.100000190699026&type=3

സനിലേ..
നിന്നെക്കുറിച്ച് പറഞ്ഞാലും പറഞ്ഞാലും തീരില്ലല്ലോ
ഡൽഹി കാലം, കാലി ബാരി മാർഗിലെ വീട് , പ്രസ് ക്ലബ്ബ് സായാഹ്നങ്ങൾ .
നീ പറഞ്ഞ നർമങ്ങൾ..
ആരുടെ മുഖത്തു നോക്കിയും ഒട്ടും കൂസാതെ നീ ചോദിച്ച ചോദ്യങ്ങൾ.
പി സി ജോർജിന്റെ കോട്ടയം പത്ര സമ്മേളനങ്ങൾ ടി വി യിൽ കാണുമ്പോഴൊക്കെ ചെവി വട്ടം പിടിച്ചിട്ടുണ്ട് നിന്റെ ചോദ്യങ്ങൾക്കായി .
കാരണം വാർത്ത പിറന്നത് പലപ്പോഴും നിന്റെ ചോദ്യങ്ങളിലായിരുന്നല്ലോ.
ഏറ്റവും ഒടുവിൽ
നീ എന്റെ സഹപ്രവർത്തകനായി ന്യൂസ് 18 ൽ വന്നപ്പോഴും നമ്മളോർത്തത് പഴയ ഡൽഹി കാലമായിരുന്നു.
ചേട്ടാ ഒരപകടം പറ്റി. വല്യ കൊഴപ്പമില്ല… എന്നൊക്കെ പറഞ്ഞ് ഈ അപകട ശേഷം നീ വിളിച്ചപ്പോഴും വരാനിരിക്കുന്ന ദുരന്തത്തിന്റെ തീവ്രത അറിയാനായില്ല . കാരണം നിന്റെ വാക്കുകളിൽ നിന്ന് വേദനയുടെ നിഴലാട്ടം പോലും വായിച്ചെടുക്കാനായില്ല. പിന്നെയും നമ്മൾ സംസാരിച്ചു. ആശുപത്രി ഫോണിലും സനോജിന്റെ ഫോണിലും ഒക്കെയായി.
എന്നാൽ മുണ്ടക്കയത്തു നിന്നും വൈക്കത്തെ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലായ ശേഷം നമുക്ക് മിണ്ടാനായില്ല .
അപ്പൊഴും അനീഷും സനോജുമൊക്കെ നിന്നെ കണ്ട ശേഷം കാര്യങ്ങൾ അറിയിച്ചിരുന്നു’.
നീ വരുമെന്നും മരണത്തെ തമാശ പറഞ്ഞ് തിരിച്ചയക്കുമെന്നും കരുതി.
നിന്റെ വീട്ടുകാരെക്കുറിച്ചോർത്ത് .. ജീവിതത്തെക്കുറിച്ചോർത്ത് ..
നീ തിരിച്ചുവരുമെന്നു കരുതി.
എല്ലാം വെറുതെയായി.
സനിലേ..
പോയില്ലേ..
ഇനി എന്ത് യാത്രാമൊഴി.

(ബി.ദിലീപ്കുമാർ)https://www.facebook.com/photo.php?fbid=10208530506594226&set=a.4840501404475.178741.1054986512&type=3

വല്ലാത്ത പോക്കായി പോയി അണ്ണോ.. വിശ്വസിക്കാൻ പറ്റുന്നില്ല…. നിങ്ങൾ തിരിച്ചുവരുമെന്ന് ഉറച്ച് വിശ്വസിച്ചിരുന്നു. പോരാളി ആയിരുന്നല്ലോ നിങ്ങൾ. അനീഷേട്ടനും അമരവിളയും ആശുപത്രി വരാന്തയിൽ നിങ്ങളെ തിരിച്ചു കൊണ്ട് വരാൻ കാവൽ നിന്നിട്ടും നിങ്ങളങ്ങ് പൊയ്ക്കളഞ്ഞല്ലോ.

(ഉമേഷ് ബാലകൃഷ്ണൻ)https://www.facebook.com/photo.php?fbid=1212047118808428&set=a.224999674179849.66356.100000094543760&type=3

സനൽ…
ആ ചിരി മാഞ്ഞെന്നു കരുതാൻ കഴിയുന്നില്ല.
ഏതു പാതിരാവിലും ഒരു വിളിപ്പാടകലെ നീയുണ്ടായിരുന്നു.
കോട്ടയത്തു നിന്നും ഒരു വാർത്തയോ ആരുടെയെങ്കിലും ഫോൺ നമ്പറോ വേണമെങ്കിൽ നീയായിരുന്നു ആശ്രയം.
‘പറഞ്ഞോ ചേട്ടാ..’ എന്നായിരിക്കും ഫോൺ എടുത്താൽ ആദ്യം പറയുക. രാവെന്നോ പകലെന്നോ ഭേദമില്ലാതെ..
എത്ര വർഷം ഒരുമിച്ചു ജോലി ചെയ്തു എന്നു ഓർമയില്ല. വർഷങ്ങളും കടന്നു നീണ്ടുപോകുന്ന ഒരു ബന്ധം നമുക്കിടയിൽ എന്നും ഉണ്ടായിരുന്നു.
അതു അങ്ങനെതന്നെ ഉണ്ടാകും. നിത്യശാന്തി…

(സുരേഷ് വെള്ളിമുറ്റം)
https://www.facebook.com/photo.php?fbid=1093898490690192&set=a.253725368040846.63227.100002101536795&type=3

സനിലേട്ടാ എന്തിനായിരുന്നു ഈ ധൃതി? ഞായറാഴ്ച ആശുപത്രിയിൽ നിന്നു തിരികെ പോന്നപ്പോൾ മനസിൽ ഉണ്ടായിരുന്നത് ഒരു 10 ശതമാനം പരുക്കുകളോടെ തിരിച്ചു നിറചിരിയുമായി വരുന്ന സനിലേട്ടന്റെ മുഖമായിരുന്നു. വൈക്കം മുതൽ കോട്ടയം വരെയുള്ള യാത്രയിൽ അനീഷേട്ടനും Anish Kumar M S ചേട്ടനും Abhilash Bhadra സംസാരിച്ചതു മുഴുവനും സനിലേട്ടനെ കുറിച്ചും ആശുപത്രിയിൽ നിന്ന് തിരികെ എത്തുന്ന സനിലേട്ടന്റെ ഫിസിയോതെറാപ്പിയെക്കുറിച്ചുമൊക്കെയായിരുന്നു. അതിനു വേണ്ട സജ്ജീകരണങ്ങൾ ചെയ്യാൻ ആരുമായൊക്കെയോ സംസാരിക്കുന്ന കാര്യവും അവർ രണ്ടുപേരും പറയുന്നുണ്ടായിരുന്നു. അതെല്ലാം വെറുതേയായിരുന്നോ? ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല… ഇനി സനിലേട്ടൻ വരില്ലെന്ന്. ന്യൂ ഇയറിന്റെ പടക്കം പൊട്ടിക്കലും ഭദ്രയുമായി അടിപിടി കൂടലും എല്ലാം കഴിഞ്ഞ് എന്റെ ഓർമ ശരിയാണെങ്കിൽ ബിനുരാജിന്റെ ഭാര്യയെ ആണെന്നു തോന്നുന്നു പാതിരിത്രി 12 നു വിളിച്ച് പുതുവർഷം ആശംസിച്ച ശേഷം എനിക്കു പരിചയപ്പെടാൻ ഫോൺ കൊണ്ടുതന്നതുമൊന്നും മനസിൽ നിന്നു മായുന്നില്ല. ഇല്ല… സനിലേട്ടൻ Sanil Philip ഇനിയും വരും… ഓരോരോ ആഘോഷങ്ങൾക്കായി…

(രേഖാഅഭിലാഷ്‌)https://www.facebook.com/rekha.abhilash.39/posts/1014646588621076

5 വർഷം മുൻപ്‌ കോട്ടയം പ്രസ്സ്‌ ക്ലബ്ബിൽ PK Firosനൊപ്പം പ്രസ്സ്‌ മീറ്റിലിരിക്കെ ചോദ്യശരം തൊടുത്തുവിട്ട മാധ്യമപ്രവർത്തകന്റെ മുഖത്തേക്ക്‌ നോക്കിയപ്പോളാണു സനലേട്ടന്റെ നിഷ്കളങ്ങമായ ആ ചിരി ആദ്യമായി കാണുന്നത്‌…
അവിടുന്ന് തുടങ്ങിയതാണു സൗഹൃദം..കോട്ടയത്തിന്റെ പല സായാഹ്നങ്ങളിലും ഒരുമിച്ചിരുന്ന് ഒരുപാട്‌ സംസാരിച്ചിട്ടുണ്ട്‌…
ആഗ്രഹങ്ങളും സ്വപ്നങ്ങളും ഓട്ടപാച്ചിലുകൾക്കിടെ നഷ്ടപെട്ട്‌ പോയ ഒരു സാധൂ..
ചെത്തിമിനുങ്ങി നടക്കുന്ന റിപ്പോർട്ടർമ്മാർക്കിടയിൽ ഇല്ലായ്മയുടെ കോലമായിരുന്നു സനലേട്ടൻ...
അപകടം പറ്റുന്നതിനു ദിവസങ്ങൾക്ക്‌ മുൻപും വിളിച്ചിരുന്നു..പലപ്പോഴും സനലേട്ടൻ വിളിക്കുന്നത്‌ യൂണിവേഴ്സിറ്റിയിൽ നിന്നുള്ള വാർത്തകളുടെ സത്യാവസ്ഥ അറിയാനാണു…സത്യത്തിനൊപ്പമേ നിന്നിട്ടുള്ളു നീതിക്ക്‌ വേണ്ടിയെ നാവനക്കിയിട്ടുള്ളു..
ഇനിയില്ല ആ നല്ല സുഹ്രുത്ത്‌…
അപകടം പറ്റിയപ്പോളും ഗുരുതരമാണെന്നറിഞ്ഞപ്പോളും ഇങ്ങനെ ഒരു പോക്ക്‌ പ്രതീക്ഷിച്ചില്ല…
വിശ്വസിക്കാനാകുന്നില്ല…
സഹിക്കാനാകുന്നുമില്ല…

(ഷബീർ ഷാജഹാൻ)https://www.facebook.com/photo.php?fbid=1183481175015477&set=a.349652538398349.82456.100000608166597&type=3

NO COMMENTS

LEAVE A REPLY