അരക്ഷിതമായ യാത്ര …

കെ എം അബ്ബാസ്‌ /കിഴക്കിന്റെ മധ്യത്ത്

ഗൾഫിൽ വേനലവധിയാണ്.വിദ്യാലയങ്ങൾ രണ്ടു മാസത്തേക്ക് പൂട്ടിയതിനാൽ വിദേശി കുടുംബങ്ങൾ സ്വദേശത്തേക്കു മടങ്ങിക്കൊണ്ടിരിക്കുന്നു. താൽകാലിക അവധിക്കാണ് പോകുന്നതെങ്കിലും,സ്ഥിരവാസത്തിൻറെ ഒരുക്കം പലരുടെയും മനസ്സിൽ ഉണ്ടാകും .ഗൾഫ് ജീവിതം,തുലാസിൽ ഉള്ളതാണ് . എപ്പോൾ വേണമെങ്കിലും അവസാനിക്കും.അതു കൊണ്ട് ,നാട്ടിലെ സ്ഥിരവാസത്തിൻറെ സാധ്യതകൾ കണ്ടുവെക്കണം. കുടുംബത്തിന് ഒരു വീട്,മികച്ച ജീവിതോപാധി,മക്കളുടെ തുടർ വിദ്യാഭ്യാസം എന്നിങ്ങനെ പല കണക്കു കൂട്ടലുകൾ .പല സങ്കീർണതകൾ .

dubai 6

ഇത്തവണയും വലിയ തുക വിമാന ടിക്കറ്റിനു കൊടുക്കേണ്ടി വരുന്നു . സാധാരണ ദുബൈ -തിരുവനന്തപുരം യാത്രക്ക് ശരാശരി 500 ദിർഹം മതിയാകുന്നിടത്തു ഇപ്പോൾ മൂന്നിരട്ടി .പരാതികളെല്ലാം ബധിര കർണങ്ങളിൽ . പലരും കടം വാങ്ങിയാണ് നാട്ടിലേക്ക് തിരിക്കുന്നത് .രണ്ടു കുട്ടികൾ ഉള്ള കുടുംബം ആണെങ്കിൽ ടിക്കറ്റിനു മാത്രം ഏതാണ്ട് രണ്ടു ലക്ഷം രൂപ വേണ്ടി വരും . ഉറ്റവർക് സമ്മാനങ്ങൾ വാങ്ങാൻ വേറെ .എല്ലാം കൂടി ആകുമ്പോൾ വലിയൊരു തുക ചെലവാകും .പല തരം സമ്മർദങ്ങൾ കാരണം പോകാതിരിക്കാനും ആവില്ല . സാമ്പത്തികമായി എത്ര തന്നെ ഉന്നതിയിൽ ഉള്ളവർക്കും ഗൾഫ് ജീവിതം അരക്ഷിതമാണ്. സാമ്പത്തിക കെട്ടുറപ്പില്ലായ്മയാണ് അരക്ഷിതാവസ്ഥക്ക് പ്രധാന കാരണം. വിദേശ വരുമാനം നാളെയും തുടരുമോയെന്ന് ഒരു ഉറപ്പും ഇല്ലാത്തതാണ്. ആഗോള സാമ്പത്തിക മാന്ദ്യം എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം നടുങ്ങുക, ഗൾഫു മലയാളികൾ.

dubai 7

‘ഗള്‍ഫ് കുടുംബ’ത്തെയും നാട്ടിലെ ഉദ്യോഗസ്ഥ കുടുംബത്തെയും താരതമ്യം ചെയ്തു നോക്കൂ. ഭൂരിപക്ഷം ഗള്‍ഫ് മലയാളിയുടെയും മാസവരുമാനത്തില്‍, കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ കാര്യമായ മാറ്റമില്ല. ജീവിതച്ചെലവ് ഉയര്‍ന്നാല്‍ ഗള്‍ഫ് മലയാളിയും നാട്ടിലെ കുടുംബവു൦ മുണ്ട് കുറേക്കൂടി മുറുക്കിയുടുക്കും. വയര്‍ ഒട്ടുന്നതിനനുസരിച്ച് മുണ്ട് ഊര്‍ന്ന് വീഴാതിരിക്കാനാണിത്. അതേസമയം, നാട്ടിലെ ഉദ്യോഗസ്ഥര്‍ക്ക്, ജീവിത നിലവാരം കണക്കാക്കി ശമ്പള വര്‍ധനവുണ്ട്. വിലക്കയറ്റം കൂടുമ്പോള്‍, ആനുകൂല്യം വര്‍ധിക്കും. സേവനാനന്തര ജീവിതം ഭദ്രമാക്കാന്‍ പെന്‍ഷന്‍. ഗള്‍ഫ് മലയാളികളില്‍ 95 ശതമാനവും വെറും കയ്യോടെയാണ് മടക്കം. നാട്ടിലെത്തിയാല്‍, അധ്വാനം തുടര്‍ന്നില്ലെങ്കില്‍, അടുപ്പു പുകയില്ല. എന്നാല്‍, ദീര്‍ഘകാലം ഗള്‍ഫില്‍ കഴിഞ്ഞവര്‍ക്ക്, നാട് അപരിചിതമായ മേച്ചില്‍ പുറമായി അനുഭവപ്പെടും. ആരോഗ്യം ക്ഷയിച്ചിട്ടുണ്ടെങ്കില്‍ ചത്തതിനൊക്കുമേ ജീവിച്ചിരിക്കലും എന്ന അവസ്ഥയും. ഗള്‍ഫ് കുടുംബങ്ങള്‍ പലതരം സമ്മര്‍ദങ്ങള്‍ക്ക് വിധേയമാണെന്നത് രഹസ്യമല്ല. സ്വാഭാവികമായ പ്രക്രിയയാണെന്നതിനാല്‍ പരിഹാരം എളുപ്പമല്ല. ഓരോ നാടിനും സമൂഹത്തിനും ഓരോരോ പരാധീനതകള്‍ എന്നേ കരുതാനാകൂ.

dubai 8

അതേസമയം, ഭരണകൂടം സാമൂഹിക ക്ഷേമ പദ്ധതികള്‍ ഫലപ്രദമായി നടപ്പാക്കുകയാണെങ്കില്‍ ഒരു പരിധിവരെ ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പറ്റും. ചൈനയില്‍ കുടുംബങ്ങള്‍ക്ക് വരുമാനം നേടിക്കൊടുക്കുന്ന ചെറുകിട സംരംഭങ്ങള്‍ ഭരണകൂടം ആവിഷ്‌കരിക്കാറുണ്ട്. സ്ത്രീകളെക്കൂടി ഉള്‍പ്പെടുത്തി, റസിഡന്‍സ് അസോസിയേഷനുകള്‍ വഴിയുള്ള സംരംഭങ്ങള്‍. കരകൗശലങ്ങള്‍, ഇലക്‌ട്രോണിക്‌സ് ഉല്‍പന്നങ്ങള്‍ എന്നിങ്ങനെ നിര്‍മാണത്തിനാവശ്യമായ പരിശീലനം ആദ്യ നല്‍കും. സ്ത്രീകള്‍ തന്നെയാണ് കുടുംബിനികള്‍ക്ക് അതിന്റെ ബാലപാഠങ്ങള്‍ പറഞ്ഞുകൊടുക്കുന്നത്. കുടുംബത്തിലെ സ്ത്രീകളുടെ മാനവ വിഭവ ശേഷി സക്രിയമാകും .താൽകാലിക അവധിക്ക് നാട്ടിൽ എത്തുന്നവരിൽ പലരും ഗൾഫിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നില്ല. എന്തെങ്കിലും ജീവിതോപാധി നാട്ടിൽ കാണുന്നുണ്ടെങ്കിൽ മടക്കം ഉണ്ടാകില്ല ,തീർച്ച !

NO COMMENTS

LEAVE A REPLY