മുതലപ്പൊഴിയും വിഴിഞ്ഞവും

ഹരീഷ് വാസുദേവ് / പുഴ മുതൽ നക്ഷത്രം വരെ

വിഴിഞ്ഞം ഉയർത്തുന്ന പുതിയ ആശങ്കകൾ 

മലയാള മനോരമ തിരുവനന്തപുരം എഡിഷനിൽ (29 ജൂൺ 2016) രണ്ട് തുറമുഖ സംബന്ധമായ റിപ്പോർട്ടുകളുണ്ട്. ആദ്യത്തേത് തിരുവനന്തപുരം ജില്ലയുടെ വടക്കു ഭാഗത്ത് ഇപ്പോഴും പണി തീർന്നിട്ടില്ലാത്ത മുതലപ്പൊഴി ഫിഷിംഗ് തുറമുഖത്തിന്റെ ദുരവസ്ഥയും അഞ്ചുതെങ്ങ് തീരദേശമേഖല നേരിടുന്ന പ്രതിസന്ധിയും വ്യക്തമാക്കുന്നു. മരണങ്ങളും അപകടങ്ങളും തുടർച്ചയായി സംഭവിക്കുന്ന മുതലപ്പൊഴിയിൽ നിർമ്മാണത്തിലെ അപാകതയാണ് തലക്കെട്ടിൽ പോലും സൂചിപ്പിക്കുന്നത്.

manorama news

ഈ തുറമുഖം ആദ്യം രൂപകൽപ്പന ചെയ്തത് ചെന്നൈ ഐ.ഐ.ടി-യിലെ വിദഗ്ദ്ധരാണ്. പാറക്കല്ലുകൾ കടലിൽ ഇട്ട് രണ്ട് പുലിമുട്ടുകൾ നിർമ്മിച്ചുള്ള കൃത്രിമ തുറമുഖമാണ് അവർ തയ്യാറാക്കിയ പ്ലാൻ. അത് നിർമ്മിച്ച ഉടനെ അപകടങ്ങളും കര നഷ്ടപ്പെടലും സംഭവിച്ചു. പിന്നീട് പൂനെയിലെ ഒരു കേന്ദ്ര സ്ഥാപനത്തിലെ വിദഗ്ദ്ധർ വന്ന് വടക്കേ പുലിമുട്ടിന്റെ നീളം 100 മീറ്ററോളം കൂട്ടി രൂപകൽപ്പനയിൽ മാറ്റം നിർദ്ദേശിച്ചു. രണ്ട് വർഷം മുമ്പ് സ്ഥലം എം.എൽ.ഏ-യും ഇപ്പോൾ ഡെപ്യൂട്ടി സ്പീക്കറുമായ വി.ശശിയെ അവിടെ ഒരു മീറ്റിംഗ് സമയത്ത് എനിക്ക് നേരിൽ കാണാൻ അവസരമുണ്ടായി. അന്ന് ഞാനദ്ദേഹത്തോട് പുലിമുട്ടിന് നീളം കൂട്ടിയാൽ പ്രശ്നം കൂടുതൽ രൂക്ഷമായേക്കും എന്ന് സൂചിപ്പിക്കുകയും പ്രശ്നം തീരുമെന്ന് അദ്ദേഹത്തിന് ഉറപ്പുണ്ടോ എന്നും ആരാഞ്ഞു? താൻ വിദഗ്ദ്ധനല്ലാത്തതിനാൽ ഇക്കാര്യത്തിൽ അഭിപ്രായം പറയുക വയ്യെന്നും സർക്കാർ കൊണ്ടുവരുന്ന വിദഗ്ദ്ധരെ വിശ്വസിക്കുകയല്ലാതെ മറ്റ് പോംവഴിയില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. വളരെ പണിപ്പെട്ടാണ് സംസ്ഥാന സർക്കാരിൽ നിന്നും പുതിയ നിർമ്മാണത്തിന് പണം അനുവദിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ ശ്രമവും ഫലം കാണുന്നില്ലെന്ന് മാത്രമല്ല ഇപ്പോൾ സ്ഥിതി കൂടുതൽ വഷളായിരിക്കുകയാണെന്നും അറിയാൻ മനോരമയിലെ ഇന്നത്തെ വാർത്തയെ ആശ്രയിച്ചാൽ മതിയാകും.

ഇന്നത്തെ മനോരമയിലെ രണ്ടാമത്തെ റിപ്പോർട്ട് വിഴിഞ്ഞത്ത് വാണിജ്യ തുറമുഖ നിർമ്മാണത്തിനായി വീണ്ടും കടൽ തുരക്കുന്നതിന് അദാനിയുടെ ഡ്രഡ്ജർ ശക്തിയാർജിച്ച് മടങ്ങിയെത്തിരിക്കുന്നു എന്നതിനെ കുറിച്ചാണ്. വിഴിഞ്ഞത്ത് തുരക്കൽ മാത്രമല്ല, മുതലപ്പൊഴിയിലെന്ന പോലെ പുലിമുട്ട് നിർമ്മാണവും തുടങ്ങിയിട്ടുണ്ട്. മുതലപ്പൊഴിയിലെ ദുരന്തത്തിൽ മനോരമ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി കണ്ണീരൊഴുക്കുകയാണെങ്കിൽ, വിഴിഞ്ഞത്ത് നിർമ്മാണത്തിൽ അപാകത ഉണ്ടോ എന്നന്വേഷിക്കാൻ മെനക്കെടാതെ തുറമുഖ നിർമ്മാണത്തിലൂടെ വൻ വികസനം നടക്കാൻ പോകുകയാണെന്ന പ്രതീക്ഷയാണ് മനോരമ പ്രകടമാക്കുന്നത്. വാണിജ്യ തുറമുഖത്തിനായി വിഴിഞ്ഞത്ത് 100 മീറ്ററിലധികം നീളത്തിൽ പുലിമുട്ട് നിർമ്മിച്ചു കഴിഞ്ഞു. 4 കി.മീ നീളമുള്ള കൂറ്റൻ പുലിമുട്ടാണ് ഉദ്ദേശിക്കുന്നത്. ഇതുവരെ പൂർത്തിയായ പുലിമുട്ടിന്റെ ചിത്രം VISL-ന്റെ വെബ്സൈറ്റിൽ കൊടുത്തിട്ടുള്ളത് ഇവിടെ ചേർക്കുന്നു.

visl

മുതലപ്പൊഴിയെക്കാൾ വലിയ ദുരന്തമാണ് വിഴിഞ്ഞത്ത് കേരള സർക്കാരിന്റെ പണവും വാങ്ങി അദാനി നമുക്ക് തരാൻ പോകുന്നത്. “കടൽ അടങ്ങുമ്പൊൾ” സെപ്റ്റംബറിൽ തുറമുഖ പുലിമുട്ട് നിർമ്മാണം വീണ്ടും തുടങ്ങുമെന്നാണ് മനോരമയിലെ വാർത്ത സൂചിപ്പിക്കുന്നത്. ദുരന്തങ്ങൾ ഏറ്റുവാങ്ങാൻ വിധിക്കപ്പെട്ടവരുടെ ഗണത്തിലേക്ക് അഞ്ചുതെങ്ങ് മേഖലയിലെ തീരദേശ ജനതക്കൊപ്പം പൂവാർ മുതൽ വേളി വരെയുള്ള മീൻപിടുത്ത സമൂഹവും നീങ്ങുകയാണോ ?

NO COMMENTS

LEAVE A REPLY