Advertisement

സംസ്ഥാനത്ത് ഒന്നര ലക്ഷം കോടി രൂപയുടെ പൊതുകടമുണ്ടെന്ന് ധവളപത്രം

June 30, 2016
Google News 0 minutes Read
thomas isac

ധനമന്ത്രി തോമസ് ഐസക് ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. മുൻ ധനമന്ത്രി കെഎം മാണിക്കും യുഡിഎഫ് സർക്കാരിനും അതിരൂക്ഷ വിമർശനവുമായാണ് ധനമന്ത്രി തോമസ് ഐസക് ധവളപത്രം നിയമസഭയിൽ സമർപ്പിച്ചത്. സംസ്ഥാനത്ത് ഒന്നര ലക്ഷം കോടി രൂപയുടെ പൊതുകടമുണ്ടെന്നാണ് ധവളപത്രത്തിൽ പറയുന്നു. പ്രതിസന്ധി പരിഹരിക്കാൻ അടിയന്തിരമായി 5900 കോടി രൂപ ആവശ്യമാണെന്നും ധവളപത്രത്തിൽ പറയുന്നു.

യുഡിഎഫ് സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചയാണ് സംസ്ഥാനത്തെ ഇപ്പോഴത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്നാണ് എൽഡിഎഫ് സർക്കാരിന്റെ വാദം. നികുതി നിരക്കുകൾ കെഎം മാണിയുടെ ബജറ്റിൽ വർധിപ്പിച്ചെങ്കിലും അത് പിരിച്ചെടുക്കുന്നതിനുള്ള ക്രിയാത്മക നടപടി മുൻസർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായില്ല. നികുതി വരുമാനത്തിലുണ്ടായ കുറവാണ് പ്രതിസന്ധിയുടെ പ്രധാനകാരണം.

നികുതി വരുമാനം കുറഞ്ഞപ്പോഴും റവന്യൂ ചെലവിലും ബജറ്റിൽ ഉൾപ്പെടുത്താതെയുള്ള ഇതര ചെലവുകളിലൂടെയും പൊതുചെലവ് കുത്തനെ കൂട്ടുകയും ചെയ്തുവെന്ന് ധവളപത്രത്തിന് മുന്നോടിയായി ഡോ. തോമസ് ഐസക് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇത് സാധൂകരിക്കുന്നതിനുള്ള വിവരങ്ങൾ ധവളപത്രത്തിലുണ്ടാകും. ധവള പത്രത്തിൽ സംസ്ഥാന മന്ത്രിസഭയോഗം അംഗീകാരം നൽകി.

15 വർഷത്തെ സാമ്പത്തികനില തുറന്നുകാട്ടുന്നതാണ് ധവളപത്രം. ഒപ്പം ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതി കഴിഞ്ഞ ഇടതുസർക്കാറിന്റെ അവസാന കാലവുമായി താരതമ്യപ്പെടുത്തുന്നു. നികുതി പിരിവിലെ വളർച്ചാ നിരക്കിന്റെ താരതമ്യവും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. 2001ൽ ആൻറണി സർക്കാറും സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ധവളപത്രം പുറപ്പെടുവിച്ചിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here