അദാനി ഗ്രൂപ്പിന് ചുമത്തിയ 200 കോടി രൂപ പിഴ മോഡി സർക്കാറിനു വേണ്ട

അദാനി ഗ്രൂപ്പിന് മുൻ സർക്കാർ ചുമത്തിയ 200 കോടി രൂപ പിഴ മോഡി സർക്കാർ പിൻവലിച്ചു. കേന്ദ്ര സർക്കാർ പരിസ്ഥിതി മന്ത്രാലയമാണ് അദാനി പോർട്‌സ് ആന്റ് സെസിന് ഏർപ്പെടുത്തിയ പിഴ പിൻവലിച്ചത്. പരിസ്ഥിതി നിയമ ലംഘനത്തിന്റെ പേരിൽ ചുമത്തിയ ഏറ്റവും വലിയ പിഴയാണ് ഇത്. ബിസിനസ് സ്റ്റാന്റേർഡ് ആണ് റിപ്പോർട്ട് പുറത്തുവിട്ടത്.

ഗൂജ്‌റാത്തിലെ മുന്ദ്രയിൽ അദാനി സ്‌പോർട്‌സ് ആന്റ് സെസിന്റെ നദീതട വികസന പദ്ധതിയ്ക്ക് 2009 ൽ നൽകിയ പാരിസ്ഥിതിക അനുമതി പരിസ്ഥിതി മന്ത്രാലയം നീട്ടി നൽകുകയും ചെയ്തു. ഇതിനായി നേരത്തേ മന്ത്രാലയം നൽകിയ പല നിർദ്ദേശങ്ങളും പിൻവലിക്കുരകയും ചെയ്തതായി ബിസിനസ്സ് സ്റ്റാന്റേർഡ്.

2015 സെപ്റ്റംബറിലാണ് പിഴ പിൻവലിക്കാനുള്ള തീരുമാനം എടുക്കുന്നത്. 2015 ഒക്ടോബറിലാണ് പരിസ്ഥിതികാനുമതി നീട്ടാനുള്ള ഉത്തരവ് നൽകിയത്.
അദാനിയുടെ മുന്ദ്രാ പ്രൊജക്ടിനെതിരെ ഗുജ്‌റാത്ത് ഹൈക്കോടതിയിൽ പരാതി വന്നതിനെ തുടർന്ന് 2102 ൽ പദ്ധതിക്കെതിരെ ഉയർന്ന ആരോപണങ്ങൾ അന്വേഷിക്കാൻ സുനിത നരൈൻ കമ്മിറ്റിക്ക് രൂപം നൽകിയിരുന്നു.

അന്വേഷണത്തിൽ പദ്ധതിയുമായി ബന്ധപ്പെട്ട് നിരവധി നയമലംഘനങ്ങൾ നടന്നിട്ടുണ്ടെന്ന് കമ്മിറ്റി റിപ്പോർട്ട് നൽകിയിരുന്നു. പ്രദേശത്തെ ജൈവ പരിസ്ഥിതിയ്ക്ക് വൻ നാശനഷ്ടം ഉണ്ടാക്കിയതായി റിപ്പോർട്ടിൽ പറയുന്നു.

പ്രോജക്ടിന്റെ വടക്കൻ തുറമുഖം നിരോധിക്കണമെന്നും കമ്മിറ്റി ശുപാർശ ചെയ്തിരുന്നു. കൂടാതെ 200 കോടി രൂപയോ പ്രോജക്ട് ചെലവിന്റെ ഒരു ശതമാനമോ ഇതിൽ ഏതാണ് ഏറ്റവും കൂടുതലെങ്കിൽ അത് പിഴയായി ഈടാക്കണമെന്നും ശുപാർശ ചെയ്തിരുന്നു.

2013 ൽ അന്നത്തെ യു പി എ സർക്കാർ റിപ്പോർട്ട് പരിശോധിച്ച്‌ അദാനി ഗ്രൂപ്പിനും ഗുജ്‌റാത്തിലെ ഉദ്യോഗസ്ഥർക്കും കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. എന്നാൽ നിയമലംഘനം നടന്നിട്ടില്ലെന്ന നിലപാടാണ് അദാനി പോർട്‌സ് ആന്റ് സെസ് സ്വീകരിച്ചത്. ഗുജറാത്ത് സർക്കാർ ഇവർക്ക് ശക്തമായ പിന്തുണ നൽകുകയും ചെയ്തു.

എന്നാൽ ഇതിനെ മറികടന്ന് അദാനി ഗ്രൂപ്പിന് പിഴ ചുമത്താൻ യു പി എ സർക്കാർ തീരുമാനിക്കുകയായിരുന്നു. ഇതു സംബന്ധിച്ച് പ്രതികരിക്കാൻ അദാനി ഗ്രൂപ്പോ കേന്ദ്രസർക്കാരോ തയ്യാറായില്ലെന്നും ബിസിനസ് സ്റ്റാന്റേഡ് റിപ്പോർട്ട് ചെയ്യുന്നു.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE