തീവണ്ടിയിൽ ജീവിച്ച ആർച്ചയുടെയും അതിരയുടെയും ജീവിതകഥ

കൊല്ലത്തേക്ക് വരുന്ന ആദ്യ തീവണ്ടിയിൽ ആരംഭിക്കുന്നു ആർച്ചയുടെയും അതിരയുടെയും ഒരു ദിവസം. കുളിച്ചൊരുങ്ങി തീവണ്ടിയിൽ നിന്നും ഇറങ്ങും. നേരെ സ്‌കൂളിലേക്ക്. രാത്രി മുതൽ ഓരോരോ തീവണ്ടികളിൽ മാറി മാറി നേരം വെളുപ്പിക്കും. രാത്രിയിൽ ആദ്യം ആലപ്പുഴ നിന്നും തെക്കോട്ടു പോകും. പിന്നെ പാതിരാത്രിയിൽ വടക്കോട്ടുള്ള വണ്ടിയേറും. ചിലപ്പോൾ ഗുരുവായൂർ വരെ.

അച്ഛനും അമ്മയും നാലിലും രണ്ടിലും പഠിക്കുന്ന തങ്ങളുടെ പെൺമക്കളെ കണ്ണിമ വെട്ടാതെ നോക്കിയിരിക്കും. രാവിലെ തിരികെ കൊല്ലത്തേക്കുള്ള ആ തീവണ്ടി… അപ്പോഴേക്കും മക്കളെ ഉണർത്തും. പല്ലുതേപ്പിക്കും , കുളിപ്പിക്കും , ഉടുപ്പുകൾ ഇടുവിക്കും. അപ്പോഴേക്കും തീവണ്ടി ലക്ഷ്യത്തിലെത്തും. മുട്ടം മുല്ലക്കര എൽപി സ്‌കൂളിലെ നാലാം ക്ലാസുകാരി ആർച്ച ക്ലാസിൽ ഒന്നാമതാണ്. അനിയത്തി ആതിര രണ്ടിലും. കൂട്ടുകാരെയോ അധ്യാപകരെയോ ഒന്നും അറിയിക്കാതെയാണ് ഇത്രയും നാൾ ഈ കുരുന്നുകൾ ആ പൊന്നോമനകൾ തീവണ്ടിയിൽ തന്നെ ജീവിതം തള്ളി നീക്കിയത്. നാടറിഞ്ഞപ്പോൾ കേട്ടവർ നടുങ്ങി.

അച്ഛൻ പ്രദീപ് അവശനാണ്. രണ്ട് വർഷങ്ങൾക്കുമുമ്പ് നടന്ന അപകടത്തിൽ കാൽപ്പാദം നഷ്ടപ്പെട്ട് തൊഴിൽ ചെയ്യാനാകാത്ത അവസ്ഥയിലാണ് അയാൾ. ആദ്യം വാടക വീട്ടിൽ കഴിഞ്ഞിരുന്ന ഇവർ വരുമാനം ഇല്ലാതായതോടെ അമ്പലപ്പറമ്പിലേക്ക് മാറുകയായിരുന്നു. മഴ പെയ്യുമ്പോൾ അമ്പലമുറ്റത്തെ താമസം കുട്ടികൾക്ക് ബുദ്ധിമുട്ടായതോടെ താമസം തീവണ്ടിയിലേക്ക് മാറ്റി.

ഫ്‌ളവേഴ്‌സ് ചാനലിന്റെ ‘ശേഷം’ പകർത്തിയ ആർച്ചയുടെയും ആതിരയുടെയും അമ്മ രമ്യയുടേയും അച്ഛൻ പ്രദീപിന്റെയും ജീവിത കഥ ഇന്ന് രാത്രി 9 മണിക്ക് സംപ്രേക്ഷണം ചെയ്യും.

കേട്ടറിഞ്ഞു സഹതപിച്ചവർക്കിടയിലൂടെ സഹായവും നീട്ടി ആദ്യമെത്തിയത് മഞ്ജു വാരിയർ ആണ്. ആലപ്പുഴ ജില്ലയിലെ ഹരിപ്പാട്ടെ രമ്യയ്ക്കും പെൺമക്കൾക്കും നടി മഞ്ജുവാര്യരുടെ സഹായം എത്തിയത് വീടിന്റെ രൂപത്തിലാണ് . ആദ്യം വാടകയ്‌ക്കൊരു വീട് അടിയന്തിരമായി എടുത്തു നൽകി. ആർച്ചയും ആതിരയും ഇനി മുതൽ മഞ്ജു എടുത്തു നൽകിയ വാടക വീട്ടിലിരുന്ന് ഗൃഹപാഠം ചെയ്യും. സ്വന്തമായി വീടില്ലാത്ത ഇവർക്ക് വീട് നിർമ്മിച്ചു നൽകാൻ മഞ്ജു മുൻകൈ എടുക്കും.

NO COMMENTS

LEAVE A REPLY