ഈ മനോഹരഗാനങ്ങൾ നാം കേട്ടുതുടങ്ങിയിട്ട് ഇത് അമ്പതാം വർഷമോ!!!

മലയാളിയുടെ നാടൻപ്രണയവും നാട്ടുപച്ചകളും അതിമനോഹരമായി ഗാനങ്ങളിലൂടെ ആസ്വാദകരിലെത്തിച്ച കവി ആര് എന്ന ചോദ്യത്തിന് മലയാളിക്ക് അന്നും ഇന്നും എന്നും ഒരുത്തരമേ ഉണ്ടാവൂ,ശ്രീകുമാരൻ തമ്പി.തിരുവോണപ്പുലരിയുടെ തിരുമുൽക്കാഴ്ച കാണാൻ അണിഞ്ഞൊരുങ്ങി നില്ക്കുന്ന തിരുമുറ്റവും,പായിപ്പാട്ടാറ്റിലെ വള്ളംകളിയും,ആലോലമണിത്തിരകളിൽ നടനമാടുന്ന ആറന്മുള ഭഗവാന്റെ പൊന്നുകെട്ടിയ ചുണ്ടൻവള്ളവും,ചെട്ടികുളങ്ങര ഭരണിയും തേരോട്ടവും ഒക്കെ ആ ഗാനങ്ങളിലൂടെ മലയാളികൾക്ക് കൂടുതൽ പ്രിയങ്കരങ്ങളായി.

1966ലാണ് ചലച്ചിത്രലോകം തമ്പിയുടെ തൂലിക സ്വന്തമാക്കുന്നത്. കാട്ടുമുല്ല ആയിരുന്നു ആദ്യചിത്രം. അന്നുതൊട്ടിന്നോളം മൂവായിരത്തോളം ചലച്ചിത്രഗാനങ്ങൾ തമ്പി മലയാളസിനിമാ ശാഖയ്ക്ക് സമ്മാനിച്ചു.കഥ,തിരക്കഥ,സംവിധാനം തുടങ്ങി അദ്ദേഹം കടന്നുചെല്ലാത്ത സിനിമാ മേഖലകളില്ല. തൊട്ടതെല്ലാം പൊന്നാക്കിയ ചരിത്രവും മലയാളത്തിന്റെ ശ്രീ തൊട്ട തമ്പിക്ക് സ്വന്തം.

എങ്കിലും ശ്രീകുമാരൻ തമ്പി എന്ന പേരിനോട് ചേർത്ത് മലയാളി ആദ്യം മനസ്സിലോർക്കുക അദ്ദേഹമെഴുതിയ വരികൾ തന്നെ.കാരണം ഗ്രാമീണതയും പ്രണയവും തത്വചിന്തയുമെല്ലാം അത്രമേൽ ലളിതസുന്ദരമായി ആസ്വാദകരിലെത്തിച്ചു എന്നതു തന്നെ.ഹരിപ്പാടും കുട്ടനാടും കേരളമെമ്പാടുമുള്ള മലയാളികളിലേക്കെത്തിക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് വലുതാണ്. ആറാട്ടിന് ആനകൾ എഴുന്നള്ളുന്ന ഉത്സവക്കാഴ്ചകളും അമ്പലപ്പുഴ പാൽപ്പായസത്തിന്റെ മാധുര്യവും ചെട്ടികുളങ്ങര ഭരണിയുമെല്ലാം അദ്ദേഹം പാട്ടിലെഴുതാൻ മറന്നില്ല.

പ്രണയപരവശരായി കടക്കണ്ണെറിഞ്ഞ് ആൾക്കൂട്ടത്തിൽ ആരോരുമറിയാതെ പ്രണയിക്കുന്ന യുവമിഥുനങ്ങളുടെ മനോവിചാരങ്ങളും ആ തൂലിക അസാധ്യമായി അവതരിപ്പിച്ചു.വലിയകുളങ്ങര ദേവീക്ഷേത്രത്തിലെ അശ്വതിയുത്സവവും തേരുവലിയ്ക്കലും തിക്കും തിരക്കും അതിനിടയിൽ മൂകരായി അനേകായിരം വിശേഷങ്ങൾ പങ്കുവയ്ക്കുന്ന കാമുകീകാമുകന്മാരും ഗൃഹാതുര പ്രണയത്തിന്റെ നേർക്കാഴ്ച തന്നെയാണ്.

കൂത്തമ്പലവും കൂടിയാട്ടവും ഒക്കെ തമ്പിയുടെ ഗാനങ്ങൾക്ക് പശ്ചാത്തലമായി. ഇവയെയെല്ലാം എത്ര മനോഹരമായി പ്രണയവുമായി കൂട്ടിയിണക്കിയിരിക്കുന്നു എന്ന് ഏവരും അതിശയിക്കും വിധം.

കലാകാരന്മാരോടുള്ള സ്‌നേഹവും ബഹുമാനവും തന്റേതായ രീതിയിൽ പ്രകടിപ്പിക്കുന്നതിനും ഗാനങ്ങളെ അദ്ദേഹം അവസരമാക്കി. ഡെയ്ഞ്ചർ ബിസ്‌കറ്റിലെ ഉത്തരാസ്വയംവരവും ബന്ധുക്കൾ ശത്രുക്കളിലെ ആലപ്പുഴ പട്ടണത്തിൽ എന്നു തുടങ്ങുന്ന ഗാനങ്ങളുമെല്ലാം ഉദാഹരണങ്ങൾ.

മലയാളകവിതയും സിനിമാഗാനവും തമ്മിൽ ഭേദിക്കാനാവാതെ കൂട്ടുപിണഞ്ഞുകിടന്ന അറുപതുകളിലും എഴുപതുകളിലുമെല്ലാം പി.ദേവരാജനും വയലാർ രാമവർമ്മക്കുമൊപ്പം തലയുയർത്തിനിൽക്കുന്ന കാവ്യബിംബമായി ശ്രീകുമാരൻ തമ്പി.മലയാളിയുടെ ഹൃദയസരസ്സിലേക്ക് താമരത്തോണി തുഴഞ്ഞെത്തിയ ആ പ്രിയ കവി പിന്നെ മലയാളത്തിന്റെ സൗന്ദര്യം തന്റെ രചനകളിലേക്ക് ആവാഹിക്കുന്നതു കണ്ട് കേരളം അത്ഭുതം കൂറി.

ബന്ധങ്ങളുടെ ആഴവും പരപ്പും ശത്രുതയും അടുപ്പവും എല്ലാം തമ്പി തന്റെ ഗാനങ്ങളിലൂടെ പറയാൻ ശ്രമിച്ചു.കുടുംബമെന്നാൽ ഹൃദയം കൊണ്ടെഴുതിയ കവിതയാണെന്നും പ്രണയമാണ് അതിന്റെ ഭാഷയെന്നും തമ്പി നമ്മെ ഓർമ്മിപ്പിച്ചു. ബന്ധുവിനെയും ശത്രുവിനെയും തിരിച്ചറിയാനാവാത്ത കാലത്താണ് നമ്മൾ ജീവിക്കുന്നതെന്ന തിരിച്ചറിവ് വേദനിപ്പിക്കുന്നതാണെന്നും ഓരോ മലയാളിക്കു വേണ്ടിയും അദ്ദേഹം എഴുതി.

അമ്പതാണ്ടിന്റെ രചനാവൈഭവവുമായി ചലച്ചിത്രഗാനവിഹായസ്സിൽ ശ്രീകുമാരൻ തമ്പിയുടെ പ്രയാണം തുടരുകയാണ്. കേട്ടാലും കേട്ടാലും മതിവരാത്ത എത്രയോ ഗാനങ്ങൾ..!!
മലയാളി സ്വയം ചോദിക്കുന്നുണ്ടാവും അദ്ദേഹം നമ്മുടെ മനസ്സിൽ വരയ്ക്കും വർണചിത്രങ്ങൾ മറക്കാൻ കഴിയുമോ എന്ന്.

NO COMMENTS

LEAVE A REPLY