Advertisement

”ആ പോലീസുകാരൻ പ്രതികാരം ചെയ്യുകയായിരുന്നു”

July 10, 2016
Google News 1 minute Read

 

വിവാഹദിനമായിരുന്നു അന്ന്. ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസമാകേണ്ടതായിരുന്നു.പക്ഷേ,കണ്ണീരും മാനക്കേടും നിറഞ്ഞ ഒരു ദിവസമായി അതു മാറിയാലോ.അതും ചെയ്യാത്ത തെറ്റിന്റെ പേരിൽ. ചോദിക്കുന്നത് പത്തനംതിട്ട കൈപ്പുഴ സ്വദേശി വിഷ്ണു എസ് പ്രഭയാണ്. വിവാഹദിവസം വധു രാജിയുമൊത്ത് മൂന്നുമണിക്കൂർ പോലീസ് സ്‌റ്റേഷനിൽ കഴിച്ചുകൂട്ടേണ്ടിവന്നതിന്റെ വിഷമം ഇനിയും മാറിയിട്ടില്ല വിഷ്ണുവിന്.

വിവാഹം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുംവഴി ട്രോഫിക് നിയമം തെറ്റിച്ചെന്ന പേരിലാണ് വിഷ്ണുവിനെയും രാജിയെയും പോലീസ് പിടിച്ചുവച്ചത്.മുഹൂർത്തം തെറ്റാതെ വീട്ടിൽ ചെന്ന് കയറാൻ ആയില്ലെന്നത് പോട്ടെ സൗദിയിലേക്കുള്ള തന്റെ മടങ്ങിപ്പോക്കു പോലും ഇതുമൂലം പ്രതിസന്ധിയിലായിരിക്കുകയാണെന്ന് വിഷ്ണു പറയുന്നു. ഒരു പോലീസുകാരന്റെ പ്രതികാരമാണ് തന്റെ ജീവിതത്തിലെ ആ കറുത്തനിമിഷങ്ങൾക്ക് കാരണമെന്നും വിഷ്ണു പറയുന്നു.

ആറുവർഷമായി സൗദിയിൽ ജോലി ചെയ്യുന്ന വിഷ്ണുവും തൃശ്ശൂർ സ്വദശേിയായ രാജിയും തമ്മിലുള്ള വിവാഹം ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു. ഉച്ചയ്ക്ക് 12.15നായിരുന്നു മുഹൂർത്തം. വിവാഹശേഷം വരന്റെ വീട്ടിൽ ചെന്ന് കയറേണ്ട സമയം ഉച്ചകഴിഞ്ഞ് 3.50ഉം. സുഹൃത്ത് ഓടിച്ച സ്‌കോഡ കാറിലാണ് വിഷ്ണു വിവാഹത്തിനെത്തിയത്. എന്നാൽ,ആ സുഹൃത്തിന് അടിയന്തിരമായി വീട്ടിലേക്ക് മടങ്ങേണ്ടി വന്നതിനാൽ വിഷ്ണു തന്നെ വണ്ടി ഓടിക്കാൻ തീരുമാനിച്ചു.വധൂവരന്മാർ രണ്ടു മണിയോടെ വണ്ടിയിൽ കയറി.തൃശ്ശൂരിലെ വഴികൾ തനിക്കത്ര പരിചയമില്ലെങ്കിലും ആവേശത്തിന്റെ പുറത്താണ് സ്വയം ഡ്രൈവ് ചെയ്യാൻ തീരുമാനിച്ചതെന്ന് വിഷ്ണു തന്നെ പറയുന്നു.

കിഴക്കേനടയിൽ എത്തിയപ്പോഴേക്കും റോഡ് തെറ്റി കാറ് വൺവേയിലേക്ക് പ്രവേശിച്ചു.ഉടൻതന്നെ ഒരു പോലീസുകാരൻ കൈ നീട്ടി,വണ്ടി നിർത്തിയപ്പോൾ തെറ്റ് ചൂണ്ടിക്കാട്ടി. വണ്ടി തിരിക്കാം എന്ന് സമ്മതിച്ച് കുറച്ചുകൂടി മുന്നോട്ട് പോയി സുരക്ഷിതമായി വണ്ടി തിരിക്കാനാവുന്ന സ്ഥലത്തെത്തി തിരിച്ചു.മടങ്ങിവരുമ്പോൾ പോലീസുകാരൻ വീണ്ടും കൈനീട്ടി. വണ്ടി നിർത്തി താൻ പുറത്തേക്ക് ചെന്നു.വിൻഡോ ഗ്ലാസിന് പ്രശ്‌നം ഉണ്ടായിരുന്നതിനാലാണ് വണ്ടി നിർത്തി ഇറങ്ങിച്ചെന്നത്.

വൺവേ തെറ്റിച്ചതിന്റെ പേരിൽ അയാൾ വളരെ മോശമായാണ് തന്നോട് സംസാരിച്ചത്. വീട്ടിൽ അറിയിക്കാതെ ഒളിച്ചോടി വിവാഹം കഴിച്ചതാണോ എന്നൊക്കെ ചോദിച്ചായിരുന്നു ആക്ഷേപം.വീട്ടിൽ ചെന്നു കയറേണ്ട സമയം കഴിഞ്ഞുപോകുമെന്നും തങ്ങൾ പൊയ്‌ക്കോട്ടെ എന്നും കാലിൽ വീണു കേണിട്ടും പരിഹാരമുണ്ടായില്ല.അതോടെ തന്റെ നിയന്ത്രണം വിട്ടു. പെറ്റിക്കേസ് ചാർജ് ചെയ്യാനുള്ള കുറ്റമല്ലേ താൻ ചെയ്തുള്ളു എന്ന് ചോദിച്ചത് അയാളെ ചൊടിപ്പിച്ചു.നീ വണ്ടിയിൽ കയറി സ്റ്റാർട്ട് ചെയ്യെടാ എന്ന് വെല്ലുവിളിച്ചപ്പോൾ പിന്നൊന്നും നോക്കിയില്ല. കാർ സ്റ്റാർട്ട് ചെയ്ത് മുന്നോട്ടെടുത്തതും പോലീസുകാരൻ വണ്ടിക്കു മുന്നിലേക്ക് ചാടിക്കയറി അലറിക്കൊണ്ടു നിലത്തുവീണു.

എന്താണ് സംഭവിക്കുന്നതെന്ന് തനിക്ക് മനസിലായില്ല. ഒരു വണ്ടി പോലീസ് വന്ന് നീ പോലീസുകാരനെ ഇടിച്ചിടുമോ എന്ന് ചോദിച്ച് ബഹളം വച്ചു. വണ്ടി ഗുരുവായൂർ സ്‌റ്റേഷനിലേക്ക് തിരിച്ചുവിടാൻ പറഞ്ഞു.അവിടെച്ചെന്ന് അവർ ഉപദേശരൂപത്തിലാണ് തുടങ്ങിയത്. പോലീസുകാരോട് മുട്ടിയാൽ എന്താകുമെന്ന് അറിയാമോ എന്നൊക്കെ ചോദിച്ചു.അതിനിടെ ഭാര്യയെ സർക്കിൾ ഇൻസ്‌പെക്ടറുടെ മുറിയിലേക്ക് വിളിപ്പിച്ചു.അവളുടെ കരയുന്ന മുഖമാണ് ഇപ്പോഴും മനസ്സിൽ.ബന്ധുക്കൾ കേണപേക്ഷിച്ചിട്ടും പോലീസുകാർ സമ്മതിച്ചില്ല.

അതിനിടെ ആ പോലീസുകാരൻ ആശുപത്രിയിൽ പോയി വലിയ വെച്ചുകെട്ടൊക്കെയായി വന്നു. തന്നെ അസഭ്യം പറയാൻ അയാളും കൂടി. ഒടുവിൽ അഞ്ച് മണിയോടെയാണ് ജാമ്യം തരാൻ തയ്യാറായത്. പോലീസുകാരന് നേർക്ക് വധശ്രമം,കൃത്യനിർവ്വഹണം തടസ്സപ്പെടുത്തൽ,ഡ്രൈവ് ചെയ്യുന്നതിനിടെ മൊബൈൽ ഉപയോഗിക്കൽ തുടങ്ങിയ വകുപ്പുകളും തനിക്കെതിരെ ചുമത്തി. ബന്ധുക്കളുടെ ആൾജാമ്യത്തിൽ തന്നെ വിട്ടയയ്ക്കുമ്പോൾ അതേ പോലീസുകാരനെ
വീണ്ടും കണ്ടു.അപ്പോൾ അയാളുടെ ശരീരത്ത് മുറിവുകളോ വെച്ചുകെട്ടുകളോ ഇല്ലായിരുന്നു.പോലീസിനോട് കളിച്ചാൽ നീ അനുഭവിക്കുമെന്ന് റോഡിൽവച്ച് പറഞ്ഞതിന്റെ അർഥം അപ്പോഴാണ്‌ തനിക്ക് മനസ്സിലായതെന്നും വിഷ്ണു മാധ്യമങ്ങൾക്ക് നല്കിയ അഭിമുഖത്തിൽ പറഞ്ഞു.
സംഭവത്തെത്തുടർന്ന് പോലീസുകാർക്കെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്. ഒടുവിൽ പോലീസുകാരെ ന്യായീകരിച്ച് ഒരു പോലീസുകാരൻ ഫേസ്ബുക്കിൽ പോസ്റ്റിട്ടതോടെ സംഭവത്തെക്കുറിച്ച് പുതിയ വ്യാഖ്യാനങ്ങളും പുറത്തുവന്നിരുന്നു.ഇതിനിടെയാണ് സംഭവിച്ചത് എന്താണെന്ന വിഷ്ണുവിന്റെ തുറന്നുപറച്ചിൽ.

 

പോലീസുകാരന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം
http://twentyfournews.com/police-facebook-post-goes-viral/

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here