വരുന്നുണ്ടേ ചക്കവണ്ടി

ചക്ക വെറുമൊരു പഴം മാത്രമല്ല ഔഷധ വീര്യമുള്ള ഭക്ഷണവുമാണ്. ചക്കകൊണ്ട് നൂറ് അല്ല നാനൂറ് വിഭവങ്ങളും ഉണ്ടാക്കാം.

ചക്ക ഒരു ഔഷധംകൂടിയാണെന്ന സന്ദേശമുയർത്തുന്ന കേരള ചക്ക വിളംബര യാത്രയ്ക്ക് തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയൻ യാത്ര ഫഌഗ് ഓഫ് ചെയ്തു. പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപത്തുനിന്ന് യാത്ര ആരംഭിച്ച ചക്കവണ്ടിയിൽ പ്ലാവിൻതൈ മുതൽ ചക്ക ഐസ്‌ക്രീംവരെയുണ്ട്.

ജാക്ക്ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ, ചപ്പാത്ത് ശാന്തി ഗ്രാം, ജാക്ക്ഫ്രൂട്ട് പ്രൊമോഷൻ കൺസോർട്യം എന്നിവയുടെ ആഭിമുഖ്യത്തിലാണ് വിളമ്പര പ്രയാണം സംഘടിപ്പിച്ചിരിക്കുന്നത്.

പ്ലാവും ചക്കയുമെല്ലാം ഇന്നത്തെ തലമുറയെ പരിചയപ്പെടുത്തേണ്ട സ്ഥിതി വിശേഷമാണെന്ന് യോഗം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു.

കാർഷിക വിളകളിൽനിന്ന് മൂല്യവർധിത ഉൾപന്നങ്ങൾ നിർമിക്കുന്നതിന് ഒക്ടോബർനവംബർ മാസങ്ങളിൽ അന്തർദേശീയ ശിൽപശാല സംഘടിപ്പിക്കുമെന്ന് കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു.

ചടങ്ങിനെത്തിയ എല്ലാവർക്കും ചക്കപ്പഴം വിതരണം ചെയ്തു.കുടിക്കാൻ നൽകിയത് ചക്ക ജ്യൂസ്. പ്ലാവിൻ തൈകളുടെ പ്രദർശനവും സമീപത്തു ഒരുക്കിയിരുന്നു.

ചക്ക വിളമ്പര പ്രയാണത്തോടനുബന്ധിച്ച് പോസ്റ്റർ പ്രദർശനം, ചക്ക ഉൽപന്ന നിർമാണ പരിശീലനം, പാചക മത്സരം, സെമിനാർ, പഠന പരിശീലന ക്‌ളാസുകൾ എന്നിവയും നടക്കും. മന്ത്രി തോമസ് ഐസക്, ജാക്ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ ചെയർമാൻ റൂഫസ് ഡാനിയേൽ, എസ്.എഫ്.എ.സി മാനേജിങ് ഡയറക്ടർ കെ.സി. രുഗ്മിണി ദേവി എന്നിവരും പങ്കെടുത്തു.

NO COMMENTS

LEAVE A REPLY