തീവ്രവാദമല്ല ജോലിയാണ് ലക്ഷ്യമെന്ന് വീട്ടുകാർക്ക് ഫോൺ സന്ദേശം

കേരളത്തിൽ നിന്ന് ദുരൂഹസാഹചര്യത്തിൽ കാണാതായവരിൽ ഒരാളുടെ ഫോൺ സന്ദേശം വീട്ടുകാർക്ക് ലഭിച്ചു. തങ്ങൾ ജോലിക്കായി വന്നതാണെന്നും സുരക്ഷിതരാണെന്നുമാണ് സന്ദേശം.കാസർഗോഡ് പടന്ന സ്വദേശി ഡോ.ഇജാസിന്റെ ഭാര്യ റഫീലയാണ് ഞായറാഴ്ച വൈകിട്ട് വീട്ടുകാരെ വിളിച്ചത്.
തീവ്രവാദപ്രവർത്തനത്തിനൊന്നുമല്ല തങ്ങൾ നാടുവിട്ട് പോന്നത്. ജോലിയ്ക്കായി പോന്നതാണ്. ഉടൻ തന്നെ ജോലിക്ക് കയറും. ആശങ്കയുടെ ആവശ്യമില്ല,തങ്ങൾ സുരക്ഷിതരാണ് എന്നും റഫീല പറഞ്ഞതായി ബന്ധുക്കൾ അറിയിച്ചു.എന്നാൽ,ഇപ്പോൾ എവിടെയാണുള്ളതെന്ന് റഫീല വ്യക്തമാക്കിയില്ല. ശബ്ദസന്ദേശം പോലീസിന് കൈമാറുമെന്നും വീട്ടുകാർ പറഞ്ഞു.
അതേസമയം, ഡോ ഇജാസും റഫീലയും ഉൾപ്പടെ പന്ത്രണ്ടു പേർ നാല് ഗ്രൂപ്പുകളായി ടെഹ്റാനിലേക്ക് കടന്നതായി വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്.കോഴിക്കോട്ടെ ട്രാവൽ ഏജൻസി വഴി വിമാനടിക്കറ്റുകൾ ബുക്ക് ചെയ്ത ശേഷം മേയ് 24,ജൂൺ 27,28 ജൂലൈ 3 എന്നീ ദിവസങ്ങളിലായി ഇവർ ടേഹ്റാനിലേക്ക് പോവുകയായിരുന്നു.മുംബൈ,ഹൈദരാബാദ്,ബംഗളൂരു വഴിയായിരുന്നു യാത്ര.ഡോ.ഇജാസാണ് ടിക്കറ്റുകൾ ബുക്ക് ചെയ്തത്.
അഞ്ചുസ്ത്രീകൾ ഉൾപ്പടെ 21 പേരെയാണ് ഒരുമാസത്തിനിടെ ദൂരൂഹസാഹചര്യത്തിൽ കാണാതായത്.ഇവരൊക്കെ അഫ്ഗാനിസ്ഥാനിലോ സിറിയയിലോ ഉള്ള ഇസ്ലാമിക് സ്റ്റേറ്റിന്റെ ക്യാംപിൽ എത്തിയതായി സംശയിക്കുന്നതായി കാട്ടി ബന്ധുക്കൾ കഴിഞ്ഞദിവസമാണ് മുഖ്യമന്ത്രിക്ക് പരാതി നല്കിയത്.ഇനി ദൈവിക ലോകത്താണെന്നും തങ്ങളെക്കുറിച്ച് അന്വേഷിക്കേണ്ടെന്നും കാട്ടി ഇവരിൽ പലരും വീട്ടുകാർക്ക് വാട്സ് ആപ്പ് സന്ദേശങ്ങൾ അയച്ചിരുന്നു.നാടു വിട്ടവരിൽ നിന്ന് വീട്ടുകാർക്ക് ലഭിച്ച ഒടുവിലത്തെ ഫോണിന്റെ ടവർ ലൊക്കേഷൻ അഫ്ഗാനിസ്ഥാൻ ആണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here