കുളച്ചൽ പദ്ധതി വിഴിഞ്ഞത്തെ ബാധിക്കുമെന്ന് ആശങ്ക

കുളച്ചൽ പദ്ധതിയിൽ കേരളത്തിന് ആശങ്കയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ ആശങ്ക പ്രധാനമന്ത്രിയെ അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കുളച്ചൽ പദ്ധതി യുക്തിരഹിതവും അശാസ്ത്രീയവുമാണെന്നും കുളച്ചിലിന് അനുമതി ലഭിച്ചപ്പോൾ തന്നെ കേരളത്തിന്റെ ആശങ്ക കേന്ദ്രത്തെ അറിയിച്ചതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിഴിഞ്ഞം തുറമുഖ പദ്ധതി സബ്മിഷനായി അവതരിപ്പിക്കാമെന്ന് സ്പീക്കർ അനുമതി നൽകിയിരുന്നു. തുടർന്ന് എം വിൻസന്റ് ആണ് നിയമസഭയിൽ സബ്മിഷൻ അവതരിപ്പിച്ചത്.  മുപ്പത് കിലോമീറ്റർ അകലം മാത്രമാണ് കുളച്ചിലും വിഴിഞ്ഞവും തമ്മിലുള്ളത്. ഇത് വിഴിഞ്ഞത്തെ ബാധിക്കും. വിഴിഞ്ഞത്തിന് ആഘാതമായി കുളച്ചൽ മാറുമെന്നും പ്രതിപക്ഷം പറഞ്ഞു.

കുളച്ചൽ വിഷയം ചർച്ചചെയ്യാൻ 17ആം തീയതി എംപിമാരുടെ യോഗം ചേരുമെന്നും പാർലമെന്റ് സമ്മേളനത്തിൽ വിഷയം അവതരിപ്പിക്കുമെന്നും മുഖ്യമന്ത്രി.

വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി സംസ്ഥാന സർക്കാർ മുമ്പോട്ട് പോകുമ്പോഴാണ് വിഴിഞ്ഞത്തിന് 30 കിലോമീറ്ററുകൾക്കകലെ ഒരു വൻകിട തുറമുഖ പദ്ധതിക്ക് കേന്ദ്രം അനുമതി നൽകുന്നത്. 21,000 കോടി രൂപയുടെ പദ്ധതിയാണ് തമിഴ്‌നാട്ടിലെ കുളച്ചലിനടുത്തുള്ള ഇണയത്തു ലക്ഷ്യമിടുന്നത് .

ആദ്യ ഘട്ടത്തിൽ 20 ലക്ഷം യുണിറ്റ് കണ്ടൈനറുകൾ ഇവിടെ കൈകാര്യം ചെയ്യും, ക്രമേണെ ഇത് 80 ലക്ഷമാക്കും .നിലവിൽ സിംഗപ്പുർ,കൊളംബോ എന്നി അന്താരാഷ്ട്ര തുറമുഖങ്ങളിലൂടെയാണ് മിക്ക ചരക്കു നീക്കവും നടക്കുന്നത്. ഇതിലൂടെ 1,500 കോടി രൂപയുടെ നഷ്ടമാണ് പ്രതി വർഷം ഇന്ത്യക്കുണ്ടാവുന്നത് അതിനാൽ ഇന്ത്യയുടെ ചരക്കു നിക്കത്തിനുള്ള കവാടമായി കുളച്ചലിനെ മാറ്റുക എന്നതാണ് ലക്ഷ്യമെന്ന് കേന്ദ്ര ടെലികോം മന്ത്രി രവിശങ്കർ പ്രസാദ്പറഞ്ഞിരുന്നു.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews