വിക്‌സ് മിഠായി പണിതരുവേ!!

 

കടകളിൽ നിന്ന് സാധനം വാങ്ങി ഇങ്ങോട്ട് ചില്ലറ കിട്ടേണ്ടി വന്നാൽ ഉടൻ കടക്കാരൻ ചിരിച്ചോണ്ട് പറയും ‘ചേട്ടാ ചില്ലറയില്ല,മുട്ടായി തരട്ടെ? മെഡിക്കൽ സ്റ്റോറാണ് സംഭവസ്ഥലമെങ്കിൽ കോപിക്കോയ്ക്കും മെന്റോസിനും പകരും ഏലാദിയും വിക്‌സും സ്ഥാനം പിടിക്കുമെന്നു മാത്രം .എന്നാൽ അറിഞ്ഞോളൂ, അങ്ങനെ കിട്ടുന്ന വിക്‌സ് മിഠായി വെറുതെ കളയേണ്ടെന്ന് വിചാരിച്ച് വായിലിട്ടോണ്ട് വണ്ടിയോടിച്ച് ചെല്ലുമ്പോ പോലീസ് ഏമാൻമാർ വഴിയിൽ ഊത്ത് യന്ത്രവുമായി നില്പുണ്ടേൽ പണി പാളും!!

കഴിഞ്ഞ ദിവസം അങ്ങനെ വിക്‌സ് മിഠായി കഴിച്ച് വാഹനമോടിയച്ചയാളെ പോലീസ് പിടികൂടി. വരാപ്പുഴയിലാണ് സംഭവം. കടയിൽ നിന്ന് മൊബൈൽ ചാർജ് ചെയ്ത് ബൈക്കിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന തുണ്ടത്തുംകടവ് സ്വദേശി ചിറമേൽ ബെന്നി ഡയസിനെയാണ് പോലീസ് പിടികൂടിയത്.കടയിൽ നിന്ന് ചില്ലറയ്ക്ക് പകരം കിട്ടിയ വിക്‌സ മിഠായിയാണ് ബെന്നിക്ക് വില്ലനായത്.

മദ്യപിച്ചിട്ടുണ്ടോ എന്നറിയാൻ പോലീസുകാർ ഊത്ത് യന്ത്രത്തിലൂടെ ബെന്നിയെ ഊതിച്ചു.ഉടൻ വന്നു ബീപ് ശബ്ദം. മദ്യപിച്ചിട്ടില്ലെന്ന് ആണയിട്ടു പറഞ്ഞിട്ടും പോലീസ് ഏമാൻമാർ സമ്മതിച്ചില്ല. വിക്‌സ മിഠായി മാേ്രത കഴിച്ചുള്ളെന്ന് പറഞ്ഞ ബെന്നി ഡോക്ടറെക്കൊണ്ട് പരിശോധിപ്പിക്കാമെന്ന് പറഞ്ഞതോടെ പോലീസുകാർ ചെറുതായി അയഞ്ഞു. ഉടൻ തന്നെ ഒരു പോലീസുകാരൻ വിക്‌സ് മിഠായി വാങ്ങി കഴിച്ചു.എന്നിട്ട് ഊതിനോക്കിയതും യന്ത്രം ശബ്ദം പുറപ്പെടുവിച്ചു!!

ഇതോടെ പോലീസ് വെട്ടിലായി. ഒടുവിൽ ബെന്നിയെ സമാധാനിപ്പിച്ച് തടിയൂരുകയായിരുന്നു.

NO COMMENTS

LEAVE A REPLY