കടകംപള്ളി ഭൂമി ഇടപാട്; സലീം രാജിനെ ഒഴിവാക്കി സിബിഐ കുറ്റപത്രം

വിവാദ ഭൂമി ഇടപാട് കേസായ കടകംപള്ളി ഭൂമി തട്ടിപ്പ് കേസിൽ സലീം രാജിനെയും ഭാര്യയെയും ഒഴിവാക്കി സിബിഐ കുറ്റപത്രം സമർപ്പിച്ചു. തിരുവനന്തപുരം സിബിഐ കോടതിയിലാണ് സലീം രാജിനെയും ഭാര്യയെയും ഒഴിവാക്കിക്കൊണ്ട് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.

മുൻ ഡപ്യൂട്ടി റെജിസ്റ്റാർ അടക്കം അഞ്ച് പേർക്കെതിരായാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. മുൻ ഡപ്യൂട്ടി തഹസീൽദാർ വിദ്യോദയ കുമാർ, നിസാർ അഹമ്മദ്, സുഹറാ ബീവി, മുഹമ്മദ് കാസിം, റുഖിയ ബീവി എന്നിവരാണ് പ്രതികൾ.

അന്വേഷണ സമയത്ത് സലീംരാജ് ഉൾപ്പെടെ 29 പേർ കേസിലെ പ്രതികളായിരുന്നു. 21 ാം പ്രതിയായിരുന്നു സലീം രാജ്. കടകംപള്ളി വില്ലേജിലെ 170 പേരുടെ 45.50 ഏക്കർ ഭൂമി വ്യാജ രേഖ നിർമ്മിച്ച് തട്ടിയെടുക്കാൻ ശ്രമിച്ചു എന്നതാണ് ഇവർക്കെതിരായ കേസ്.

മുഖ്യമന്ത്രിയുടെ ഗൺമാനായിരിക്കെയാണ് സലീം രാജ് ഭൂമി തട്ടിപ്പ് കേസ് നടത്തിയതെന്നത് ഏറെ വിവാദമായിരുന്നു. കടകംപള്ളി ഭൂമി തട്ടിപ്പ് കേസിൽ 14 കോടിയുടെ തട്ടിപ്പ് നടന്നതായാണ് സിബിഐയുടെ കണ്ടെത്തൽ. ഭൂമിയുടെ തണ്ടപ്പേര് മാറ്റാൻ അറുപത് ലക്ഷം ചെലവിട്ടതായും സിബിഐ കണ്ടെത്തിയിരുന്നു.

2015 ജൂൺ 24 ന് സലീം രാജ് ഉൾപ്പെടെ 10 പേരെ കേസുമായി ബന്ധപ്പെട്ട്  അറെസ്റ്റ് ചെയ്തിരുന്നെങ്കിലും പിന്നീട് ജാമ്യത്തിൽ വിടുകയായിരുന്നു.

NO COMMENTS

LEAVE A REPLY