കാശ്മീരിലെ പെല്ലറ്റ് ആക്രമണം; വിദഗ്ധ സമിതിയെ നിയോഗിച്ചു

കാശ്മീരിൽ പെല്ലറ്റ് തോക്കുകളുടെ ഉപയോഗം മൂലം നിരവധിപേർക്ക് കാഴ്ച നഷ്ടപ്പെടുകയും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത സാഹചര്യത്തിൽ പെല്ലറ്റ് തോക്കുകൾ ഒഴിവാക്കേണ്ടതുണ്ടോ എന്ന് പഠിക്കാൻ വിദഗ്ദ്ധ സമിതിയെ നിയോഗിച്ചു. ലോക്‌സഭയിൽ പ്രതിപക്ഷത്തിന് നൽകിയ മറുപടി പ്രസംഗത്തിലാണ് വിദഗ്ധ സമിതിയെ നിയോഗിച്ചതായി ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് അറിയിച്ചത്.

പാക്കിസ്ഥാൻ ഇന്ത്യയെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നതായും കാശ്മീരിലെ തീവ്രവാദ പ്രവർത്തനങ്ങൾക്ക് സഹായം നൽകുന്നത് പാക്കിസ്ഥാനാണെന്നും രാജ്‌നാഥ് സിങ് കുറ്റപ്പെടുത്തി.

കാശ്മീർ വിഷയം കൈകാര്യം ചെയ്തതിലെ വീഴ്ച്ചകൾ ഉയർത്തിക്കാട്ടി പ്രതിപക്ഷ പാർട്ടികൾ ലോക്‌സഭയിൽ രംഗത്തെത്തിയിരുന്നു. ഇതിനുള്ള മറുപടിയാണ് രാജ്‌നാഥ് സിങ്ങ് ഇന്ന് ലോക്‌സഭയിൽ നൽകിയത്.

അതേ സമയം കാശ്മീരിൽ ഇന്ന് മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി വിളിച്ച് ചേർത്ത സർവ്വ കക്ഷി യോഗത്തിൽ നാഷണൽ കോൺഫറൻസ് വിട്ടുനിന്നു. കാശ്മീർ വിഷയം വഷളാക്കിയത് പിഡിപി, ബിജെപി സർക്കാരാണെന്ന് ആരോപിച്ചാണ് കാശ്മീരിലെ പ്രധാന രാഷ്ട്രീയ പാർട്ടിയായ നാഷണൽ കോൺഫറൻസ് വിട്ട് നിന്നത്.

കാശ്മീരിൽ വിഘടനവാദി സംഘടനകളുടെ ഹർത്താൽ തുടരുകയാണ്. എന്നാൽ ഇന്ന് സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. പല ജില്ലകളിലും കർഫ്യു ഭാഗികമായി പിൻവലിക്കാനും തീരുമാനിച്ചിട്ടുണ്ട്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews