Advertisement

ഗായിക ജ്യോത്സ്നയ്ക്ക് പറ്റിയ ചതി ഇനിയാർക്കും ഉണ്ടാകരുത്

July 28, 2016
Google News 1 minute Read

ഗായിക ജ്യോത്സ്ന ആദ്യം അത് വിശ്വസിച്ചു ! ചതിക്കുമെന്നു കരുതിയതേ ഇല്ല… ദീർഘ നാളത്തെ പരിചയത്തെ കച്ചവടത്തിന് വേണ്ടി ദുരുപയോഗിക്കുമെന്നു സ്വപനത്തിൽ പോലും ചിന്തിച്ചതും ഇല്ല. ചതിയുടെ രുചിയറിഞ്ഞ ജ്യോത്സ്ന തന്നെ ആ കഥ വിവരിക്കുകയാണ്.

സംഗതി ഫേസ്ബുക് പേജിന്റെ കാര്യമാണ്. നിസ്സാരമല്ല ; അഞ്ചു ലക്ഷത്തിലേറെ ലൈക്കുകൾ ഉണ്ടായിരുന്ന ജ്യോത്സ്നയുടെ ഔദ്യോഗിക ഫേസ് ബുക്ക് പേജ് ആണ് ഒരു ദിവസം അപ്രത്യക്ഷമായത്. തിരക്കുകൾ ഉള്ള എല്ലാ സെലിബ്രിറ്റികളും തങ്ങളുടെ സോഷ്യൽ മീഡിയ കാര്യങ്ങൾ നോക്കാൻ ഡിജിറ്റൽ വിദഗ്ധരെ ഏൽപ്പിക്കുകയാണ് പതിവ്. ജ്യോത്സ്നയ്ക്കും ഉണ്ടായിരുന്നു വിശ്വസിച്ച ഒരു സോഷ്യൽ മീഡിയ മാനേജ്‌മെന്റ് കമ്പനി. പേജ് തുടങ്ങി ഏതാനും നാളുകൾ കൊണ്ട് തന്നെ ലക്ഷക്കണക്കിന് ആരാധകരാണ് ഒഴുകിയെത്തിയത്. ലൈക്കുകൾ കൂമ്പാരമായി , അഞ്ചു ലക്ഷം കവിഞ്ഞു.

ഫേസ്ബുക്ക് പേജ് പെട്ടന്ന് അപ്രത്യക്ഷമാകുന്നത് …

പെട്ടെന്നാണ് അത് സംഭവിച്ചത്. പേജ് അപ്രത്യക്ഷം! പേജിന്റെ അഡ്മിനിസ്ട്രേറ്റർ ആയിരുന്ന ജ്യോത്സ്ന ഏറെ തിരഞ്ഞിട്ടും പേജില്ല. മാനേജ്‌മെന്റ് കമ്പനിയെ വിവരം ധരിപ്പിച്ചു. കമ്പനി കൂടെ തിരഞ്ഞു. ജ്യോത്സ്‌നയെക്കാൾ ആത്മാർത്ഥമായി തിരഞ്ഞു. എന്നിട്ടും കിട്ടീല്ല. ഫേസ് ബുക്കിന്റെ അതിസങ്കീർണ്ണമായ ചില അപ്‌ഡേഷൻ വഴികളിൽ പേജ് എന്നെന്നേക്കുമായി പോയി എന്ന് ജ്യോത്സ്നയുടെ ‘വിശ്വസ്ത’മാനേജർമാർ വിധി പറഞ്ഞു. പുതിയ പേജ് തുടങ്ങുക മാത്രമാണ് പോംവഴി എന്നും തീരുമാനിച്ചു. നിരാശയിലായ മനസോടെ (മനസില്ലാ…) പുതിയ പേജിലേക്ക് പോകാൻ തീരുമാനിച്ചെങ്കിലും തന്റെ അഞ്ചുലക്ഷം കൂട്ടുകാരുടെ ‘വേർപാട്’ താങ്ങാനാകാതെ ജ്യോത്സ്ന തന്റെ വഴിയിലൂടെ അന്വേഷണം ആരംഭിച്ചു. സമയക്കുറവു കൊണ്ട് സ്വന്തം പേജ് മാനേജ് ചെയ്യാൻ കമ്പനികളെ ഏൽപ്പിക്കുന്ന എല്ലാ സെലിബ്രിറ്റികളും ശ്രദ്ധിക്കേണ്ട വിവരങ്ങളാണ് പുറത്തുവന്നത്.

ഫേസ്ബുക്ക് അപ്‌ഡേഷൻ എന്ന വ്യാജം

ആദ്യം തന്നെ മനസിലായത് ഫേസ്ബുക്ക് അപ്‌ഡേഷൻ ചെയതലൊന്നും പേജ് പോകില്ല എന്ന വിവരം ആയിരുന്നു. പിന്നെ പേജെവിടെ? ആർക്കാണ് തന്റെ പേജ് കൊണ്ട് ലാഭം ? ലാഭമുണ്ട് ! ആ വിവരങ്ങളാണ് ജ്യോത്സ്നയെ കൊണ്ട് ഒരു തുറന്നു പറച്ചിൽ നടത്തിച്ചത്.

സെലിബ്രിറ്റികളുടെ പേരിൽ ആരംഭിക്കുന്ന പേജിലേക്ക് വൻതോതിൽ ലൈക്കുകൾ കിട്ടും. വലിയ ലൈക്കുകൾ ഉള്ള പേജുകൾക്ക് ആവശ്യക്കാർ ഏറെയുണ്ട്. ഓൺലൈൻ കച്ചവടങ്ങൾ നടത്തുന്നവർ, പബ്ലിഷർമാർ , ചെറിയ രാഷ്ട്രീയ നേതാക്കൾ , അപ്രശസ്ത താരങ്ങൾ തുടങ്ങിയവരൊക്കെ വലിയ ലൈക്കുകൾ ഉള്ള  പേജിന്റെ ആവശ്യക്കാരാണ്.

ലൈക്കൊന്നിനു ഒരു രൂപയാണ് നിരക്ക്. അതായതു അപ്രത്യക്ഷമായ ജ്യോത്സ്നയുടെ പേജിന്റെ വില 5,32000 രൂപ.  പുതിയ പേജ് തുടങ്ങാനും ലൈക്ക്‌ നേടാനുള്ള പരസ്യത്തിനും കൂടി വേണ്ടി വരുന്നത് ആകെ ഈ തുകയുടെ ഇരുപത്തിലൊന്നു പോലും ചെലവ് വരില്ല. ജ്യോത്സ്ന അടക്കമുള്ള സെലിബ്രിറ്റികൾക്ക് വീണ്ടും ലൈക് നേടിയെടുക്കാൻ പ്രയാസമില്ല. ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ അവരുടെ പേജിലേക്ക് വീണ്ടും ലൈക്കുകൾ ഒഴുകിയെത്തും. അതിനായി കുറച്ചു പണം ചിലവാക്കിയാലും കമ്പനിക്ക് ലാഭം.

സെലിബ്രിറ്റികളെ ചൂഴ്ന്നു നിൽക്കുന്ന ഈ ചതിക്കുഴി തുറന്നു കാണിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തു കൊണ്ട് ജ്യോത്സ്ന തന്നെ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here