ഒ ആര്‍ എസ് ലായനി വയറിളക്കത്തിന്റെ ഏക പ്രതിവിധി

വയറിളക്കത്തിനുള്ള ശരിയായ ഏക പ്രതിവിധിയാണ് ഒ.ആര്‍.എസ് ലായനി. വയറിളക്കം വന്ന കുട്ടികള്‍ക്ക് എത്രയും പെട്ടെന്ന് ഒ.ആര്‍.എസ്. ലായനി നല്‍കുക വഴി ഏറെ ശിശു മരണങ്ങള്‍ കുറയ്ക്കാന്‍ കഴിയും.  ഒ.ആര്‍.എസ്. വാരാചരണത്തിന്റെ ഭാഗമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ശിശുരോഗ വിഭാഗവും ഇന്ത്യന്‍ അക്കാഡമി ഓഫ് പീഡിയാട്രിക്‌സ് തിരുവനന്തപുരം ശാഖയും സംയുക്തമായി എസ്.എ.ടി. ആശുപത്രിയില്‍ മാതാപിതാക്കള്‍ക്കായി സംഘടിപ്പിച്ച വയറിളക്ക രോഗങ്ങളെക്കുറിച്ചും പാനീയ ചികിത്സകളെക്കുറിച്ചുമുള്ള ബോധവത്കരണ പരിപാടിയിലാണ് ഡോക്ടര്‍മാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. വയറിളക്കം വന്ന കുട്ടികള്‍ക്ക് എത്രയും പെട്ടെന്ന് ഒ.ആര്‍.എസ്. ലായിനി നല്‍കുക വഴി ഏറെ ശിശു മരണങ്ങള്‍ കുറയ്ക്കാന്‍ കഴിയുമെന്നും അവര്‍ അഭിപ്രായപ്പെട്ടു.
ഒ ആര്‍ എസ് ലായനി തയ്യാറാക്കുന്ന വിധം
ഉപ്പും പഞ്ചസാരയും ചേര്‍ന്ന ഒരു മിശ്രിതമാണ് ഒആര്‍എസ് ലായനി. ഇത് ശരീരത്തിന് നഷ്ടപ്പെട്ട ലവണങ്ങള്‍ നിലനിറുത്തുകയും ജലം ആഗീരണം ചെയ്യുന്നതിന്റെ അളവു വര്‍ദ്ധിപ്പിക്കുകയും ചെയ്യും. മെഡിക്കല്‍ സ്റ്റോറുകളില്‍ ഇത് വാങ്ങാന്‍ കിട്ടും. ഈ കൂട്ട് ഒരു വ‍ൃത്തിയുള്ള പാത്രത്തില്‍ തിളപ്പിച്ചാറിയ ശുദ്ധജലത്തില്‍ കലക്കി ഉപയോഗിക്കാം. ലായനി തയ്യാറാക്കുന്നതിന് മുമ്പായി കൈകള്‍ വ‍ൃത്തിയായി സോപ്പുപയോഗിച്ച് കഴുകണം.
ഒആര്‍എസ് ലായനി വീട്ടില്‍ തയ്യാറാക്കുകയും ചെയ്യാം. ഒരു ലിറ്റര്‍ തിളപ്പിച്ചാറിയ വെള്ളത്തില്‍ 6 ടീ സ്പൂണ്‍ പഞ്ചസാര, അര ടീസ്പൂണ്‍ ഉപ്പ്, എന്നിവ ചേര്‍ത്ത് നന്നായി ഇളക്കി ഉപയോഗിക്കാം. ഈ അളവ് കൃത്യമായിരിക്കണം. അല്ലെങ്കില്‍ വയറിളക്കം വര്‍ദ്ധിക്കാന്‍ ഇടയുണ്ട്. ഒരിക്കല്‍ ലായനി തയ്യാറാക്കിയാല്‍24 മണിക്കൂറിനകം ഉപയോഗിക്കണം.
വയറിളക്കം ഉള്ളപ്പോള്‍ ഈ ലായനി ഇടവിട്ട് അല്‍പാല്‍പമായി കഴിക്കണം. ഛര്‍ദ്ദി ഉണ്ടെങ്കില്‍ ചര്‍ദ്ദിച്ച് കഴിഞ്ഞ് പത്ത് മിനിട്ടിനുശേഷം ലായനി കുടിയ്ക്കാം. രണ്ട് വയസുവരെയുള്ള കുട്ടികള്‍ക്ക് അരലിറ്റര്‍ ലായനിയും. രണ്ട് മുതല്‍ ഒമ്പത് വയസുവരെയുള്ളവര്‍ക്ക് ഒരു ലിറ്റര്‍ ലായനിയും നല്‍കാം. 10 വയസിന് മുകളിലുള്ളവര്‍ മൂന്നുലിറ്റര്‍ ഒആര്‍ എസ് ലായനിയും കഴിക്കണം.

NO COMMENTS

LEAVE A REPLY