സൗദി പ്രശ്‌നം: മന്ത്രി കെ ടി ജലീൽ സൗദിയിലേക്ക്

k t jaleel

മന്ത്രിസഭാ തീരുമാനങ്ങൾ പുറത്തുവന്നു. സൗദി അറേബ്യയിൽ മലയാളികളടക്കമുള്ള ഇന്ത്യക്കാർക്ക് തൊഴിലും ഭക്ഷണവുമില്ലാതെ ദുരിതമനുഭവിക്കുന്ന സാഹചര്യം പരിഗണിച്ച് തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീൽ, സ്‌പെഷ്യൽ സെക്രട്ടറി ഡോ. വി.കെ. ബേബി എന്നിവരെ സൗദി അറേബ്യയിലേക്ക് അയയ്ക്കാൻ തീരുമാനിച്ചു.

മറ്റ് തീരുമാനങ്ങൾ

മഴക്കാല മീൻപിടുത്തവുമായി ബന്ധപ്പെട്ട് ബോട്ടും വലയും നഷ്ടപ്പെട്ട ഗ്രൂപ്പുകൾക്ക് ഒരു ലക്ഷം രൂപാ വീതം ധനസഹായം നൽകും.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ ഡയറക്ടർ ബോർഡ് പുനഃസംഘടിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ചെയർമാനും, തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി വൈസ് ചെയർമാനുമാകും. ഡോ. ജയകുമാറിനെ മാനേജിംഗ് ഡയറക്ടറും സി.ഇ.ഒ.യും ആയി നിയമിച്ചു. മന്ത്രിമാരായ ടി.എം. തോമസ് ഐസക്, ജെ. മേഴ്‌സിക്കുട്ടി അമ്മ, കടകംപള്ളി സുരേന്ദ്രൻ, ഇ. ചന്ദ്രശേഖരൻ, ടി.പി. രാമകൃഷ്ണൻ എന്നിവർ ഡയറക്ടർമാരാണ്. ശശി തരൂർ എം.പി., ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ്, ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ.എം. എബ്രഹാം, പ്രിൻസിപ്പൽ സെക്രട്ടറി ജെയിംസ് വർഗ്ഗീസ് എന്നിവർ അംഗങ്ങളാണ്.

നാഷണൽ യൂണിവേഴ്‌സിറ്റി ഫോർ പോലീസ് സയൻസ് ആന്റ് സർവ്വീസ് സ്റ്റഡീസിന്റെ നോഡൽ ഓഫീസറായി ഡോ. അലക്‌സാണ്ടർ ജേക്കബിനെ നിയമിച്ചു. എൻഡോ സൾഫാൻ ദുരിതബാധിതർ എടുത്തിട്ടുള്ള എല്ലാ ലോണുകൾക്കും മൂന്നുമാസത്തേയ്ക്ക് മോറട്ടോറിയം പ്രഖ്യാപിച്ചു.

വയനാട്ടിലെ കാർഷിക പ്രതിസന്ധിയെത്തുടർന്ന് ദുരിതത്തിൽ അകപ്പെട്ട് വായ്പ തിരിച്ചടയ്ക്കാനാകാത്ത കർഷകരുടെ കടങ്ങൾക്ക് മൂന്നുമാസത്തേയ്ക്ക് മോറട്ടോറിയം പ്രഖ്യാപിച്ചു. ഇതുമായി ബന്ധപ്പെട്ടുള്ള എല്ലാ ജപ്തി നടപടികളും നിർത്തിവയ്ക്കാൻ മന്ത്രിസഭായോഗം നിർദ്ദേശം നൽകി.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE