മറക്കരുത് ഈ ചെറുപ്പക്കാരനെ…

ഓർമ്മയില്ലേ സത്നാം സിംഗിനെ? നാലുവർഷം മുമ്പ് ദിവസങ്ങളോളം മാധ്യമങ്ങൾ കൊട്ടിഘോഷിച്ചിരുന്നു ആ ജീവിതത്തെ. പുതിയ പുതിയ വാർത്തകൾ വന്നുതുടങ്ങിയതോടെ സത്നാംസിംഗും കേട്ടുമറന്ന ഏതോ വാർത്തയായി മാറി. പക്ഷേ,ആ ചെറുപ്പക്കാരന്റെ വീട്ടുകാർക്ക് അവനെ അങ്ങനെ മറക്കാനാവില്ലല്ലോ!!
2012 ആഗസ്ത് 4നാണ് തിരുവനന്തപുരം പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിൽ വച്ച് സത്നാംസിംഗ് എന്ന 28കാരൻ മരിച്ച വാർത്ത കേരളം അറിയുന്നത്. മൂന്ന് ദിവസം മുമ്പ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട യുവാവ് കടുത്ത മാനസിക വിഭ്രാന്തിക്ക് അടിമപ്പെട്ടിരുന്നെന്നും ആശുപത്രിയിൽ വച്ചുണ്ടായ സംഘർഷത്തിലാണ് അയാൾ മരിച്ചതെന്നും പോലീസ് കേസെടുത്തു.തലയ്ക്കും കഴുത്തിനും കിഡ്നിയ്ക്കും കാര്യമായ പരിക്കുകൾ മരണസമയത്തുണ്ടായിരുന്നെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പറയുന്നത്.77ലധികം മുറിവുകൾ ശരീരത്തിലുണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ആശുപത്രിയിൽ വച്ച് സത്നാമുമായി സംഘട്ടനത്തിലേർപ്പെട്ടവരെ പ്രതി ചേർത്താണ് പോലീസ് കേസെടുത്തതും തുടരന്വേഷണം നടന്നതും. ഇതിൻപ്രകാരം തയ്യാറാക്കിയ കുറ്റപത്രമാണ് ഇപ്പോൾ കോടതിയുടെ പരിഗണനയിലുള്ളതും. എന്നാൽ, സത്നാമിന്റെ മരണം സംബന്ധിച്ച അന്വേഷണം ഇതുകൊണ്ടൊന്നും പൂർണമാവില്ല എന്നതാണ് സത്യം.
സത്നാം എങ്ങനെ മാനസികാരോഗ്യകേന്ദ്രത്തിലെത്തി?
സത്നാമിന് ഇന്റേണൽ ഇഞ്ച്വറി ഉണ്ടെന്നും മാനസികാസ്വാസ്ഥ്യങ്ങൾ പ്രകടിപ്പിക്കുന്നുണ്ടെന്നും ഉടൻ തന്നെ വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്നും അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ പോലീസിനോട് പറഞ്ഞിരുന്നു.
ആഗസ്ത് 1ന് കൊല്ലം വള്ളിക്കാവിലെ അമൃതപുരിയിൽ ഒരു സംഭവം നടന്നു. അമൃതാനന്ദമയി എത്തിയപ്പോൾ പരിഭ്രാന്തി പരത്തിയെന്നും ആക്രമിക്കാൻ തുനിഞ്ഞെന്നും ആരോപിച്ച് അംഗരക്ഷകർ ഒരു യുവാവിനെ പിടികൂടി മർദ്ദിച്ചു. ഇയാൾ അമൃതാനന്ദമയിയെ കൊല്ലാൻ വന്ന മതതീവ്രവാദിയാണെന്ന രീതിയിലായിരുന്നു ആദ്യപ്രതികരണങ്ങൾ പുറത്തുവന്നത്. തുടർന്ന് സത്നാമിനെ പോലീസിന് കൈമാറി. ഇയാളെ കരുനാഗപ്പള്ളി താലൂക്കാശുപത്രിയിലേക്കാണ് പോലീസ് പെട്ടന്ന് കൊണ്ടുപോയത്. സത്നാമിന് ഇന്റേണൽ ഇഞ്ച്വറി ഉണ്ടെന്നും മാനസികാസ്വാസ്ഥ്യങ്ങൾ പ്രകടിപ്പിക്കുന്നുണ്ടെന്നും ഉടൻ തന്നെ വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്നും അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ പോലീസിനോട് പറഞ്ഞിരുന്നു.അങ്ങനെയാണ് സത്നാം പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിക്കപ്പെടുന്നത്. അപ്പോഴും ഇയാൾ ആരാണെന്നത് സംബന്ധിച്ച വ്യക്തമായ വിവരങ്ങൾ ലഭിച്ചിരുന്നില്ല.
യുവാവ് സത്നാം സിംഗ് ആണെന്ന് തിരിച്ചറിയപ്പെടുന്നു
വാർത്ത പത്രത്തിലൂടെ അറിഞ്ഞ് സത്നാമിനെ തിരിച്ചറിഞ്ഞ കസിനും ആജ്തക് പത്ര ലേഖകനുമായ വിമൽ കിഷോർ ഉടൻ തന്നെ കേരളത്തിലെത്തി സത്നാമിനെ ജാമ്യത്തിലെടുക്കാൻ ശ്രമമാരംഭിച്ചു.മാനസികപ്രശ്നങ്ങളുള്ള സത്നാമിനെ ജാമ്യലഭിക്കാത്തവിധത്തിലുള്ള കുറ്റങ്ങളിൽ അകപ്പെടുത്തരുതെന്നും മികച്ച ചികിത്സ ലഭ്യമാക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.എന്നാൽ,ഉന്നതങ്ങളിൽ നിന്ന് സമ്മർദ്ദമുള്ളതിനാൽ ജാമ്യം നല്കാനാവില്ലെന്ന നിലപാടിലായിരുന്നു പോലീസ്.
ആരായിരുന്നു സത്നാം സിംഗ് ?
ബീഹാറിലെ ഗയ ജില്ലയിലെ ഷെർഗാട്ടി സ്വദേശികളായ ഹരീന്ദർ കുമാർ സിംഗ് സുമൻസിംഗ് ദമ്പതികളുടെ അഞ്ചുമക്കളിൽ രണ്ടാമനായ സത്നാം സിംഗ് ഒരു നിയമവിദ്യാർഥിയായിരുന്നു. പഞ്ചാബിലെ രാം മനോഹർ ലോഹ്യ സർവ്വകലാശാലയിൽ വിദ്യാർഥിയായിരുന്ന ഈ ചെറുപ്പക്കാരൻ കവി,ആത്മീയാന്വേഷകൻ,എഴുത്തുകാരൻ എന്നീ നിലകളിലും സുഹൃത്തുക്കൾക്കും സമൂഹത്തിനും പരിചിതനായിരുന്നു.വ്യവസ്ഥാപിത ജീവിതശൈലികളെ ചോദ്യം ചെയ്തുകൊണ്ടുള്ള ജീവിതമായിരുന്നു സത്നാമിനെ വ്യത്യസ്തനാക്കിയത്. ഷെർഗാട്ടിയിലെ വസതിയിൽ നിന്ന് 2012 മെയ് 30ന് ഇയാളെ കാണാതാവുകയായിരുന്നു.
കേസിലെ കാണാപ്പുറങ്ങൾ
വള്ളിക്കാവിൽ വച്ച് ഇയാൾ ക്രൂരമർദ്ദനത്തിന് ഇരയായതോ അവിടെ നടന്ന സംഭവങ്ങളോ അന്വേഷണത്തിലൊരിക്കലും ഉൾപ്പെടുത്തിയില്ല. പോലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ പ്രതികൾ ആശുപത്രിയിൽ വച്ച് സത്നാമുമായി സംഘട്ടനത്തിലേർപ്പെട്ടവർ മാത്രമാണ്.
സത്നാംസിംഗ് പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലെത്തിയതു മുതലുള്ള കാര്യങ്ങൾ മാത്രം ഉൾപ്പെടുത്തിയാണ് പോലീസ് അന്വേഷണം നടത്തിയത്. വള്ളിക്കാവിൽ വച്ച് ഇയാൾ ക്രൂരമർദ്ദനത്തിന് ഇരയായതോ അവിടെ നടന്ന സംഭവങ്ങളോ അന്വേഷണത്തിലൊരിക്കലും ഉൾപ്പെടുത്തിയില്ല. പോലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ പ്രതികൾ ആശുപത്രിയിൽ വച്ച് സത്നാമുമായി സംഘട്ടനത്തിലേർപ്പെട്ടവർ മാത്രമാണ്. അമൃതപുരിയിൽ നിന്ന് പോലീസിന് കൈമാറിയ സത്നാമിന് ഇന്റേണൽ ഇഞ്ച്വറി ഉണ്ടായിരുന്നു എന്നതോ ജാമ്യം നല്കാതിരിക്കാൻ മാത്രം ഉന്നതതല സ്വാധീനം എവിടെനിന്നു വന്നു എന്നതോ അന്വേഷണ വിധേയമായിട്ടില്ല.
പോലീസ് ഫ്രെയിം ചെയ്ത കാര്യങ്ങളിലൊതുങ്ങി കേസന്വേഷണം നീങ്ങിയപ്പോൾ നീതി നിഷേധിക്കപ്പെട്ടത് സത്നാംസിംഗിൻരെ കുടുംബത്തിനാണ്. സത്യസന്ധമായ അന്വേഷണം ആവശ്യപ്പെട്ട് കഴിഞ്ഞ വർഷങ്ങളിലെല്ലാം അധികാരികളെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഭരണം മാറിയതോടെയെങ്കിലും അനുകൂല നടപടിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം.
സത്നാം മരിച്ചിട്ട് നാലുവർഷമായി. ഇതുവരെ അവന്റെ കൊലപാതകികൾക്ക് അർഹമായ ശിക്ഷ ലഭിച്ചിട്ടില്ല. കുറ്റവാളികൾ ആരെന്ന് എല്ലാവർക്കുമറിയാം.എന്നാലും നിശബ്ദത പാലിക്കുന്നു.
സത്നാമിന്റെ പിതാവ് ഹരീന്ദർ സിംഗിന്റെ ഈ വാക്കുകൾ എങ്ങോട്ടാണ് തിരിയുന്നതെന്ന് എല്ലാവർക്കുമറിയാം. എന്നിട്ടും സമൂഹവും അധികാരികളും ഇത്രനാളും പുറന്തിരിഞ്ഞു നിൽക്കുകയായിരുന്നു. ഒരിറ്റ് ദാഹജലത്തിനു വേണ്ടി അലറിക്കരഞ്ഞ് ആശുപത്രിച്ചുവരുകളിൽ ദീനരോദനമായി മാറിയ സത്നാമിന്റെ ശബ്ദവും അകാലത്തിൽ പൊലിഞ്ഞ ആ ജീവിതവും നമ്മെ ഒരുതരത്തിലും ബാധിക്കുന്നതല്ലല്ലോ എന്നാശ്വസിച്ച് മനപ്പൂർവ്വം സൃഷ്ടിച്ച മറവിയിൽ അവയെ ഉപേക്ഷിച്ച നമ്മുടെ സമൂഹവും കുറ്റവാളികൾ തന്നെയല്ലേ!!
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here