അന്വേഷണറിപ്പോർട്ടിലെ ആ ഒന്നാം പ്രതി ആരെന്ന് മാണിസാർ വെളിപ്പെടുത്തുമോ??

0

 

കേരളാ കോൺഗ്രസ് ചരൽക്കുന്നിൽ യോഗം കൂടിയതൊന്നും വെറുതെയായിരുന്നില്ല. പല നിർണായക തീരുമാനങ്ങൾക്കും വേദിയായിട്ടുണ്ട് അത്തരം യോഗങ്ങൾ.അതുകൊണ്ട്തന്നെ ഇന്നാരംഭിക്കുന്ന നേതൃയോഗവും കേരളരാഷ്ട്രീയത്തിൽ നിർണായകമാണ്.കേരളാ കോൺഗ്രസ് യുഡിഎഫ് വിടുമോ,നിയമസഭയിൽ പ്രത്യേക ബ്ലോക്കായി ഇരിക്കുമോ ബിജെപിയിലേക്ക് ചേക്കേറുമോ എന്നിങ്ങനെയുള്ള ചോദ്യങ്ങൾക്കാണ് ചരൽക്കുന്ന് ക്യാമ്പിൽ തീരുമാനമാകുക.ജനാധിപത്യപരമായ ചർച്ചയിൽക്കൂടി അത്തരം തീരുമാനങ്ങൾ ചരൽക്കുന്ന് ക്യാമ്പിൽ എടുക്കുമെന്ന് ജോസ് കെ മാണി എംപിയും സൂചന നല്കിക്കഴിഞ്ഞു.ചരൽക്കുന്നിൽ യോഗം ചേരുന്നതിന് മുന്നോടിയായി കേരളാ കോൺഗ്രസ് എം സ്റ്റിയറിംഗ് കമ്മിറ്റി യോഗം ചേരുകയാണ്.

ബാർ കോഴ കേസിൽ  ഗൂഢനീക്കം നടത്തിയത് ചില കോൺഗ്രസ് നേതാക്കൾ തന്നെയാണെന്നാണ് കെ.എം.മാണി വിശ്വസിക്കുന്നത്. മുന്നണിയിൽ നിന്ന് അകലാനുള്ള പ്രധാന കാരണവും അതു തന്നെ. മുഖ്യമന്ത്രിക്കസേരയിലേക്ക് മാണിയെ അടുപ്പിക്കാതിരിക്കാനുള്ള രാഷ്ട്രീയനീക്കങ്ങളുടെ ഭാഗമായിരുന്നു വിവാദങ്ങളെന്ന് രാഷ്ട്രീയവിലയിരുത്തലുകളുമുണ്ട്.

തന്നെ പിന്നിൽ നിന്ന് കുത്തിയത് ആരൊക്കെയാണെന്ന് തനിക്കറിയാമെന്നും അതു സംബന്ധിച്ച റിപ്പോർട്ട് കേരളാ കോൺഗ്രസിന്റെ പക്കലുണ്ടെന്നും മാണി തന്നെ പറഞ്ഞിരുന്നു. രമേശ് ചെന്നിത്തലയെയാണ് മാണി പ്രധാനമായും വിരൽ ചൂണ്ടുന്നതെന്നും അഭ്യൂഹങ്ങൾ പരന്നു. എന്നാൽ,ചെന്നിത്തലയല്ല സംഭവത്തിലെ പ്രധാന വ്യക്തിയെന്ന സൂചനകളാണ് ഏറ്റവും ഒടുവിലായി പുറത്തുവരുന്നത്. ആ റിപ്പോർട്ടിലെ വിവരങ്ങൾ തുറന്നു പറഞ്ഞ് യുഡിഎഫ് വിടാനുള്ള ആർജവം മാണി കാട്ടുമോ എന്നാണ് ഇനി അറിയാനുള്ളത്.

Comments

comments

youtube subcribe