Advertisement

കട്ജുവിന് നന്ദി പറഞ്ഞ് മുഖ്യമന്ത്രി

August 12, 2016
Google News 1 minute Read
note ban

 

കേരളീയരെ പുകഴ്ത്തി ഫേസ്ബുക്ക് പോസ്റ്റിട്ട സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് മാർക്കണ്ഡേയ കട്ജുവിന് നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് നന്ദി അറിയിച്ചത്.

കട്ജുവിന്റെ വാക്കുകൾ മുഖ്യമന്ത്രിയെന്ന നിലയിലും മലയാളിയെന്ന നിലയിലും അഭിമാനമുണ്ടാക്കുന്നു. എന്നാൽ ദളിത് വിഭാഗങ്ങൾ കേരളത്തിൽ വിവേചനം അനുഭവിച്ചിട്ടില്ലെന്ന കട്ജുവിന്റെ പരാമർശം തെറ്റാണെന്നും പിണറായി വിജയൻ ചൂണ്ടിക്കാട്ടി.

തൊട്ടുകൂടായ്മയുടെ കാലഘട്ടം കേരളത്തിലും ഉണ്ടായിരുന്നു ശക്തമായ പ്രക്ഷോഭങ്ങളിലൂടെയാണ് ഇന്നത്തെ കേരളം കെട്ടിപ്പടുത്തത്. അതുകൊണ്ടു തന്നെ കേരളത്തിന്റെ ചരിത്രം സമരങ്ങളുടെ ചരിത്രം കൂടിയാണ്. ഭൂവുടമകൾക്കെതിരെയും ജന്മിത്വത്തിനെതിരെയും നടന്ന പുന്നപ്രവയലാർ, കയ്യൂർ, കരിവെള്ളൂർ, മൊറാഴ, ഒഞ്ചിയം സമരങ്ങളുടെ സ്മരണകൾ ആവേശമുണർത്താത്ത മലയാളികൾ കുറവാണ്. പിണറായി മലയാളികളെ കുറിച്ച വാചാലനാകുന്നുണ്ട് പോസ്റ്റിൽ.

കേരള ചരിത്രവും ചരിത്ര പുരുഷൻമാരെയും ചരിത്ര സമരങ്ങളെയും ഓർമ്മപ്പെടുത്തുന്നതായിരുന്നു പിണറായിയുടെ പോസ്റ്റ്.

പോസ്റ്റിന്റെ പൂർണ്ണ രൂപം

നന്ദി, ജസ്റ്റിസ് മാർക്കേണ്ഡയ് കട്ജു.

കേരളത്തെക്കുറിച്ച് താങ്കൾ ഫെയ്‌സ്ബുക്കിൽ എഴുതിയ നല്ല വാക്കുകൾക്ക് നന്ദി. ഒരു മലയാളിയെന്ന നിലയിലും, കേരളത്തിന്റെ മുഖ്യമന്ത്രി എന്ന നിലയിലും താങ്കളുടെ നല്ല വാക്കുകൾ അഭിമാനമുണ്ടാക്കുന്നു. അങ്ങയുടെ പോസ്റ്റിൽ സൂചിപ്പിക്കപ്പെട്ട പോലെ വ്യത്യസ്ത ദേശങ്ങളിൽ നിന്നും, മതവിഭാഗങ്ങളിൽ നിന്നും ഉള്ളവരെ സ്വീകരിക്കാനുള്ള ജനാധിപത്യമനസ്സ് എന്നും കേരളം പുലർത്തിയിട്ടുണ്ട്.

എന്നാൽ ദളിത് വിഭാഗങ്ങൾ കേരളത്തിൽ വിവേചനം അനുഭവിച്ചിട്ടില്ലെന്ന ഒരു വാചകം താങ്കളുടെ പോസ്റ്റിൽ കാണുകയുണ്ടായി. ചരിത്രപരമായി അത് തെറ്റാണെന്ന് സൂചിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. തൊട്ടുകൂടായ്മയുടെയും, തീണ്ടിക്കൂടായ്മയുടേ തുമായ ഒരു കാലഘട്ടം കേരളത്തിലുണ്ടായിരുന്നു. ജാതിവിവേചനങ്ങൾക്കെതിരെ യും, ജാതീയതയെ ഉദ്ദീപിപ്പിച്ച ജന്മിത്വവ്യവസ്ഥയ്‌ക്കെതിരെയും നടന്ന ശക്തമായ പ്രക്ഷോഭങ്ങളിലൂടെയാണ് ഇന്നുകാണുന്ന ഒരു കേരളം കെട്ടിപ്പടുക്കാൻ സാധിച്ചത്. അതുകൊണ്ടു തന്നെ കേരളത്തിന്റെ ചരിത്രം സമരങ്ങളുടെ ചരിത്രം കൂടിയാണ്.

ഭൂവുടമകൾക്കെതിരെയും ജന്മിത്വത്തിനെതിരെയും നടന്ന പുന്നപ്രവയലാർ, കയ്യൂർ, കരിവെള്ളൂർ, മൊറാഴ, ഒഞ്ചിയം സമരങ്ങളുടെ സ്മരണകൾ ആവേശമുണർത്താത്ത മലയാളികൾ കുറവാണ്. ജാതിവിവേചനങ്ങൾക്കെതിരെ പ്രതികരിക്കുന്ന ഒരു മനസ്സ് കേരളത്തിൽ രൂപപ്പെട്ടുവരുന്നതിൽ ശ്രീനാരായണഗുരു, അയ്യങ്കാളി, സഹോദരൻ അയ്യപ്പൻ തുടങ്ങിയ അനേകം നവോത്ഥാനനായകരുടെയും ഇടതുപക്ഷപ്രസ്ഥാന ങ്ങളുടെയും ഇടപെടലുകൾ നമ്മൾ കാണാതിരുന്നൂടാ.

അധഃസ്ഥിതരുടെ ആരാധനസ്വാതന്ത്ര്യത്തിനും സഞ്ചാരസ്വാതന്ത്രത്തിനുമായി നടത്തപ്പെട്ട വൈക്കം സത്യാഗ്രഹവും, ഗുരുവായൂർ സത്യാഗ്രഹവും, പാലിയം സമരവും ഒക്കെ കേരളചരിത്രത്തിലെ ഉജ്ജ്വലധ്യായങ്ങളാണ്. ഈ സമരങ്ങൾക്കൊപ്പം തന്നെ പ്രധാനപ്പെട്ടതാണ് വിദ്യാഭ്യാസത്തിന് കേരളസമൂഹം നൽകുന്ന പ്രാധാന്യം.

സാമൂഹികോന്നമനത്തിന് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം വളരെ നേരത്തെ തന്നെ തിരിച്ചറിഞ്ഞ് കേരളത്തിലെ നവോത്ഥാനനായകരും കൃസ്ത്യൻമിഷനറിമാരും നടത്തിയ ഇടപെടലുകൾ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട ഒരു ജനവിഭാഗത്തിന്റെ പുത്തനുണർവിനു കാരണമായി. ‘തങ്ങളുടെ കുട്ടികളെ പഠിക്കാൻ അനുവദിച്ചി ല്ലെങ്കിൽ നിങ്ങളുടെ പാടത്തു പണിയെടുക്കാൻ ഞങ്ങൾക്ക് മനസ്സില്ല’ എന്നു പറഞ്ഞു കൊണ്ട് പണിമുടക്കിയ കണ്ടലയിലെ കർഷകത്തൊഴിലാളികളും, മാറുമറയ്ക്കാ നുള്ള അവകാശത്തിനായി സമരം നടത്തിയ ചാന്നാർ സ്ത്രീകളും കേരളത്തിന്റെ പുരോഗമനമനസ്സിന്റെ ശില്പികൾ തന്നെയാണ്.

ഇത്തരത്തിൽ നവോത്ഥാനദേശീയപ്രസ്ഥാനങ്ങളും, കർഷകതൊഴിലാളി സമരങ്ങളും തുടർന്നുയർന്നുവന്ന ഇടതുപക്ഷവും ഉഴുതുമറിച്ചിട്ട നിലത്തെ പരുവപ്പെടുത്തിയെടു ക്കുക എന്ന ചുമതലയാണ് ആദ്യ സർക്കാർ മുതൽ കേരളത്തിൽ സ്വീകരിച്ചുവന്നത്. ഭൂപരിഷ്‌ക്കരണത്തിലൂടെയും, വിദ്യാഭ്യാസ ബില്ലിലൂടെയും, അധികാര വികേന്ദ്രീക രണത്തിലൂടെയും, സാമൂഹ്യസേവനമേഖലകളുടെ പൊതുവൽക്കരണത്തിലൂടെയും നവകേരളത്തിന് ഒരു പുതിയ ദിശ പകരുകയാണ് ഇ.എം.എസിന്റെ നേതൃത്വത്തിലു ള്ള ആദ്യ കമ്യൂണിസ്റ്റ് സർക്കാർ ചെയ്തത്. ഭൂപരിഷ്‌ക്കരണത്തിലൂടെയും അധികാര വികേന്ദ്രീകരണത്തിലൂടെയും ജന്മിത്വവ്യവസ്ഥയ്‌ക്കേറ്റ കനത്ത ആഘാതമാണ് കേരള ത്തെ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമാക്കിയതെന്നു പറയാൻ ആഗ്രഹിക്കുന്നു.

അവസാനമായി, ആരാണ് യഥാർഥ ഇന്ത്യക്കാർ എന്ന ചോദ്യം ഉയർത്തുമ്പോൾ, ഇന്ത്യ എന്നത് ഏകതാനമായ ഒരു ആശയമല്ല എന്നും കൂടി മനസ്സിലാക്കേണ്ടതാണ്. പ്രത്യേകിച്ച് ജമ്മുകാശ്മീരിനെയും, വടക്കുകിഴക്കൻ സംസ്ഥാനങ്ങളെയും കുറിച്ച് നമ്മൾ സംസാരിക്കുമ്പോൾ ഇത് കൂടുതൽ പ്രസക്തമാകുന്നു. സ്വാതന്ത്ര്യത്തിന്റെ എഴുപതാം വർഷത്തിലേക്ക് കടക്കുന്ന ഈ അവസരത്തിൽ വ്യത്യസ്ത വിഭാഗങ്ങളുടെ ശബ്ദം ഒരേപോലെ കേൾക്കാനുള്ള അവസരം ഉണ്ടാകുന്നുവെന്ന് ഉറപ്പുവരുത്തണം.

തൊഴിലാളികളും, ദളിതരും, ആദിവാസികളും, സ്ത്രീകളും, കുട്ടികളും, ലൈഗിംക ന്യൂനപക്ഷങ്ങളും, മുസ്ലീങ്ങളും, ക്രിസ്ത്യാനികളുമെല്ലാം ഉൾപ്പെടുന്ന സമൂഹത്തിലെ എല്ലാവരുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടുമ്പോൾ മാത്രമേ ഈ രാജ്യം തങ്ങളുടേത് കൂടിയാണ് എന്ന തോന്നൽ അവർക്കുണ്ടാവുകയുള്ളൂ. അപ്പോൾ മാത്രമാണ് ശരിയായ ഇന്ത്യ രൂപപ്പെടുക.

കേരളം കൈവരിച്ച നേട്ടങ്ങൾ ഭാരതമൊന്നാകെ പടർത്താൻ സാധിക്കുമ്പോൾ മാത്രമെ ഭരണഘടനാശില്പികൾ വിഭാവനം ചെയ്ത ഒരു ഇന്ത്യ സാധ്യമാകുകയുള്ളൂ. അത് എത്രയും പെട്ടെന്ന് സാധ്യമാകുമെന്ന് പ്രത്യാശിക്കുന്നു. താങ്കളുടെ നല്ല വാക്കുകൾക്ക് ഒരിക്കൽ കൂടി ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here