എടിഎം തട്ടിപ്പ്: ഇതാണ് റിസര്‍വ്വ് ബാങ്ക് മാര്‍ഗനിര്‍ദേശങ്ങള്‍

തിരുവനന്തപുരം കേന്ദ്രീകരിച്ച് വിദേശികള്‍ നടത്തിയ എ.ടി.എം തട്ടിപ്പിനെ തുടര്‍ന്ന് ഇടപാടുകാരുടെ സുരക്ഷ മുന്‍നിര്‍ത്തി റിസര്‍വ് ബാങ്ക് കരട് മാര്‍ഗനിര്‍ദേശം പുറത്തിറക്കി. ഇടപാടുകാരും ബാങ്കും പാലിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ കാര്യങ്ങളും ഇരുപക്ഷത്തിന്‍െറയും ചുമതലകളും ചൂണ്ടിക്കാട്ടുന്ന മാര്‍ഗനിര്‍ദേശത്തിന്മേല്‍ പൊതുജന അഭിപ്രായം സ്വരൂപിക്കും. അതിനുശേഷം അന്തിമ നിര്‍ദേശം ഇറക്കും. തട്ടിപ്പ് നടന്നാല്‍ ബാങ്കും ഇടപാടുകാരും ചെയ്യേണ്ട കാര്യങ്ങളും സംബന്ധിച്ച് കരട് നിര്‍ദേശത്തില്‍ ആര്‍.ബി.ഐ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എ.ടി.എം, ക്രെഡിറ്റ് കാര്‍ഡ്, ഓണ്‍ലൈന്‍ പേയ്മെന്‍റ് എന്നിവയില്‍ തട്ടിപ്പിന് ഇരയായാല്‍ ബാങ്കിനും ഇടപാടുകാരനുമുള്ള ബാധ്യതയും വിശദീകരിച്ചിട്ടുണ്ട്.

 1. ഇലക്ട്രോണിക് ബാങ്കിങ് ഇടപാട് നടക്കുമ്പോള്‍ എസ്.എം.എസ് അല്ളെങ്കില്‍ ഇ-മെയില്‍ വഴി തത്സമയം ഇടപാടുകാരനെ ബാങ്ക് അറിയിക്കണം.
 2. തട്ടിപ്പ് ശ്രദ്ധയില്‍പെട്ടാല്‍ ഉടന്‍ അക്കൗണ്ട് ഉടമ അക്കാര്യം ബാങ്കിനെയും അറിയിക്കണം.
 3. തട്ടിപ്പിനെ കുറിച്ച് ഇടപാടുകാര്‍ക്ക് പെട്ടെന്ന് വിവരം ബാങ്കിനെ അറിയിക്കാന്‍ ബാങ്കുകള്‍ ടോള്‍ ഫ്രീ ഹെല്‍പ്ലൈന്‍ നമ്പര്‍, എസ്.എം.എസ്, ഐ.വി.ആര്‍, ഫോണ്‍ ബാങ്കിങ് എന്നീ സേവനങ്ങള്‍ അവധി ദിനങ്ങളില്‍ ഉള്‍പ്പെടെ 24 മണിക്കൂറും ലഭ്യമാക്കണം.
 4. പരാതി ലഭിച്ചാലുടന്‍ രജിസ്ട്രേഷന്‍ നമ്പര്‍ പരാതിക്കാരനെ അറിയിക്കണം.
 5. പരാതി കിട്ടിയതും മറുപടി കൊടുത്തതും ദിവസവും സമയവും സഹിതം രേഖപ്പെടുത്തണം.
 6. ഇലക്ട്രോണിക് ബാങ്കിങ് സംവിധാനത്തിലെ സുരക്ഷാവീഴ്ചക്ക് ഇടപാടുകാരന്‍ ഉത്തരവാദിയല്ല. അത്തരം തട്ടിപ്പുകളില്‍ നഷ്ടപ്പെട്ട പണം മുഴുവന്‍ ബാങ്ക് കൊടുക്കണം.
 7. തട്ടിപ്പിന് ഇടയായത് ബാങ്കിന്‍െറ ഭാഗത്തുനിന്നുള്ള നിരുത്തരവാദിത്തം കാരണമാണെങ്കില്‍ പൂര്‍ണ ഉത്തരവാദി ബാങ്കായിരിക്കും.
 8. ഇടപാടുകാരനും ബാങ്കുമല്ലാത്ത ആരെങ്കിലും സംവിധാനത്തിലെ പിഴവ് മുതലെടുത്ത് തട്ടിപ്പ് നടത്തുകയും അക്കാര്യം അറിഞ്ഞ് മൂന്നുദിവസത്തിനകം ബാങ്കിന് പരാതി നല്‍കുകയും ചെയ്താല്‍ ബാങ്ക് നഷ്ടം നികത്തണം.
 9. എ.ടി.എം കാര്‍ഡ് നമ്പറും പാസ്വേഡും പോലുള്ള രഹസ്യ വിവരങ്ങള്‍ അക്കൗണ്ട് ഉടമ മറ്റൊരാള്‍ക്ക് കൈമാറിയതിനെ തുടര്‍ന്നാണ് തട്ടിപ്പ് നടന്നതെങ്കില്‍ അക്കൗണ്ട് ഉടമക്കാണ് ഉത്തരവാദിത്തം.
 10. വിവരം ബാങ്കിനെ അറിയിച്ചശേഷവും തട്ടിപ്പ് തുടര്‍ന്നാല്‍ നഷ്ടം ബാങ്ക് നികത്തണം.
 11. അക്കൗണ്ട് ഉടമയും ബാങ്കും അറിയാതെ മൂന്നാമതൊരാള്‍ തട്ടിപ്പ് നടത്തുകയും അക്കാര്യം ബാങ്കില്‍ അറിയിക്കാന്‍ നാലുമുതല്‍ ഏഴ് പ്രവൃത്തിദിനം വരെ എടുക്കുകയും ചെയ്താല്‍ നഷ്ടപ്പെട്ട പണമോ 5,000 രൂപയോ, ഏതാണോ കുറവ് അത് അക്കൗണ്ട് ഉടമക്ക് തിരിച്ചുനല്‍കേണ്ട ബാധ്യത ബാങ്കിനില്ല.
 12.  അറിയിക്കാന്‍ ഏഴ് പ്രവൃത്തിദിനത്തിലധികം വൈകിയാല്‍ തുടര്‍ന്നുള്ള കാര്യങ്ങള്‍ ബാങ്കിന്‍െറ നയത്തിനനുസരിച്ച് ബോര്‍ഡിന് തീരുമാനിക്കാം. ഇത്തരം കാര്യങ്ങള്‍ അക്കൗണ്ട് ഉടമയുടെ ഉത്തരവാദിത്തങ്ങള്‍ എന്തെല്ലാമെന്ന് അക്കൗണ്ട് തുടങ്ങുന്ന വേളയില്‍ അറിയിക്കണം.
 13. നിലവിലെ ഇടപാടുകാരെയും നയം ബോധ്യപ്പെടുത്തണം. അത് പൊതുവായി പ്രദര്‍ശിപ്പിക്കണം.
 14. ഇലക്ട്രോണിക് ബാങ്കിങ് തട്ടിപ്പിന് ഇരയാകുന്ന അക്കൗണ്ട് ഉടമക്ക് പരാതിപ്പെട്ട് 10 പ്രവൃത്തിദിനത്തിനകം നഷ്ടപ്പെട്ട പണം അക്കൗണ്ട് മുഖേന നല്‍കണം.
 15. അക്കൗണ്ട് ഉടമയുടെ വീഴ്ചയുടെ പേരില്‍ നഷ്ടോത്തരവാദിത്തം ചുമത്തേണ്ടതില്ലെന്ന് തീരുമാനിക്കാന്‍ ബാങ്കിന് അവകാശമുണ്ട്.
 16. പരാതി കിട്ടിയാല്‍ പരമാവധി 90 ദിവസത്തിനകം പരിഹരിക്കണം.
 17. ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പിന് ഇരയാകുന്നവര്‍ക്ക് തുകയുടെ പലിശ കുറയരുത്. ക്രെഡിറ്റ് കാര്‍ഡാണെങ്കില്‍ അധിക പലിശ ചുമത്താന്‍ പാടില്ല.
 18. അക്കൗണ്ട് ഉടമ അറിയിച്ചോ അല്ലാതെയോ ശ്രദ്ധയില്‍പ്പെട്ട ഇലക്ട്രോണിക് ബാങ്കിങ് തട്ടിപ്പും അതിന്‍െറ പരിഹാര നടപടിയും സംബന്ധിച്ച് പ്രതിമാസ റിപ്പോര്‍ട്ട് തയാറാക്കണമെന്നും റിസര്‍വ് ബാങ്കിന്‍െറ കരട് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE