മലയാളി താരം ജയ്ഷക്കുണ്ടായ അനുഭവം ഞെട്ടലുണ്ടാക്കുന്നു: മുഖ്യമന്ത്രി

റിയോ ഒളിമ്പിക്സിലെ വനിതാ മാരത്തോണ്‍ മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച മലയാളി താരം ഒ.പി. ജെയ്ഷ ട്രാക്കില്‍ തളര്‍ന്നു വീണെന്ന വാര്‍ത്ത ഞെട്ടലുണ്ടാക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

മാരത്തോണ്‍ മത്സരത്തില്‍ എല്ലാ 2.5 കിലോമീറ്ററിലും ക്ഷീണം തീര്‍ക്കാനുള്ള അവസരമുണ്ട്. എന്നാല്‍ ഇന്ത്യയില്‍ നിന്നു ഉത്തരവാദിത്തപ്പെട്ടവര്‍ ആരും തന്നെ വെള്ളമോ, മറ്റ് ഊര്‍ജദായകമായ പാനീയങ്ങളോ താരങ്ങള്‍ക്ക് നല്‍കാന്‍ ഇല്ലായിരുന്നുവെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഒളിമ്പിക്സ് സംഘാടകര്‍ 8 കിലോമീറ്റര്‍ ഇടവേളകളില്‍ ഒരുക്കിയിരുന്ന സജ്ജീകരണങ്ങള്‍ മാത്രമാണ് ഇന്ത്യയില്‍ നിന്ന് പങ്കെടുത്ത ജെയ്ഷയ്ക്കും, കവിത റൌട്ടിനും ലഭ്യമായത്.

മറ്റു രാജ്യങ്ങള്‍ തങ്ങളുടെ കായികതാരങ്ങള്‍ക്ക് എല്ലാ സൌകര്യങ്ങളും, പരിഗണനകളും നല്‍കുമ്പോള്‍ ഇന്ത്യന്‍ താരങ്ങള്‍ ഇത്തരത്തിലുള്ള അവഗണനകള്‍ നേരിടേണ്ടി വരുന്നുവെന്നത് വളരെ വിഷമമുണ്ടാക്കുന്നുവെന്ന് മുഖ്യമന്ത്രി കുറിക്കുന്നു.

സിന്ധുവിന്റെയും, സാക്ഷിയുടെയും, ദിപയുടെയും നേട്ടങ്ങളിള്‍ നമ്മള്‍ അഭിമാനം കൊള്ളുമ്പോഴും ഇന്ത്യന്‍ കായികരംഗത്ത് നിലനില്‍ക്കുന്ന പോരായ്മകളിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് ഇത്തരം സംഭവങ്ങള്‍.

130 കോടി ജനങ്ങളും, മനുഷ്യവിഭവശേഷിയും ഉള്ള ഒരു രാജ്യം അന്താരാഷ്ട്ര കായികമത്സരങ്ങളില്‍ പിന്നിലാകുന്നതിന് പ്രധാന കാരണം കായികതാരങ്ങളോടും, കായികമേഖലയോടും കാണിക്കുന്ന ഇത്തരം അവഗണനകളാണ്.

കായികതാരങ്ങളുടെ അടിസ്ഥാനസൌകര്യങ്ങളിലും ആരോഗ്യത്തിലും ശ്രദ്ധ പതിപ്പിക്കുന്ന ഒരു കായികസംസ്ക്കാരം നമ്മള്‍ രൂപപ്പെടുത്തിയെടുക്കേതുണ്ടെന്നും പിണറായി വിജയന്‍ രേഖപ്പെടുത്തുന്നു.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE