ഡാറ്റാ കളക്ഷന്‍ ഫെസിലിറ്റേഷന്‍ സെന്‍ററുകള്‍ സ്ഥാപിക്കും

സംസ്ഥാനത്തേയ്ക്ക് റോഡുമാര്‍ഗ്ഗമുള്ള പ്രധാന പ്രവേശന സ്ഥലങ്ങളില്‍ സംയോജിത ചെക്ക്പോസ്റ്റ് സംവിധാനം എന്ന നിലയില്‍ ഡാറ്റാകളക്ഷന്‍ ഫെസിലിറ്റേഷന്‍ സെന്‍ററുകള്‍ സ്ഥാപിക്കുവാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

സംസ്ഥാനത്ത് 84 ചെക്ക്പോസ്റ്റുകളാണ് നിലവിലുള്ളത്. നിലവില്‍ വാണിജ്യ നികുതി, എക്സൈസ്സ്, ഗതാഗതം, വനം, മൃഗസംരക്ഷണം, ഭക്ഷ്യസുരക്ഷ എന്നീ വകുപ്പുകളുടെ പ്രത്യേകം ചെക്ക്പോസ്റ്റുകളില്‍ വേവ്വേറെ പരിശോധനയാണ് നടത്തുന്നത്.

ഇത് നടപടിക്കുരുക്കുകളും അസുഖകരമായ സാഹചര്യങ്ങളും ഉണ്ടാക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് പുതിയ തീരുമാനം.

ബന്ധപ്പെട്ട വകുപ്പുകള്‍ക്കെല്ലാം കൂടിയുള്ള ഒരു പൊതുസംവിധാനമായിരിക്കും ഇത്. ഇലക്ട്രോണിക് മാര്‍ഗ്ഗത്തിലൂടെ എല്ലാ വകുപ്പുകള്‍ക്കും ആവശ്യമായ വിവരങ്ങള്‍ ചിത്രങ്ങള്‍ തുടങ്ങിയവ ശേഖരിക്കുവാനും അവ അതാത് വകുപ്പുകള്‍ക്ക് യഥാസമയം കൈമാറാനും പുതിയ സംവിധാനം വഴി സാധിക്കും.

പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് ധനകാര്യ വകുപ്പുമന്ത്രി കണ്‍വീനറായി മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു. റവന്യൂ, വനം, ഗതാഗതം, സിവില്‍ സപ്ലൈസ്, എക്സൈസ് വകുപ്പുമന്ത്രിമാര്‍ അടങ്ങുന്നതാണ് സമിതി.
⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews