Advertisement

ഇന്ത്യയുടെ സ്മാഷുകള്‍ പിഴച്ചതെവിടെ?

August 27, 2016
Google News 7 minutes Read
  120 അംഗസംഘവുമായി 135 കോടി ജനങ്ങളുടെ ഇന്ത്യ റിയോയിൽ ഇറങ്ങുമ്പോൾ യാദൃച്ഛികതയിലും ഭാഗ്യനിർഭാഗ്യങ്ങളിലുമായിരുന്നു പതിവുപോലെ നമ്മുടെ കണ്ണുകൾ. പക്ഷെ ഒന്നും ഫലിച്ചില്ല. നാണക്കേടിന്റെ മുഷിഞ്ഞ ഭാണ്ഡവുമായി മടങ്ങുകയായിരുന്നു അവർ. ലോകകായിക രംഗത്തെ സൂക്ഷ്മമായി നിരീക്ഷിക്കുന്നവര്‍ ഇതിൽക്കൂടുതലൊന്നും പ്രതീക്ഷിച്ചിരുന്നുമില്ല. പ്രകടനത്തിൽ അത്രയേറെ അന്തരമുണ്ടായിരുന്നു ലോകതാരങ്ങളുമായി നമ്മുടെ ഭൂരിപക്ഷം താരനാട്യക്കാർക്കും.
        ബാറ്റ്മിന്റനിൽ ഏഴുപേരാണ് മൽസരിക്കാനിറങ്ങിയത്. മൂന്നു പുരുഷതാരങ്ങളും നാല് വനിതാതാരങ്ങളും. ഇതിൽ ശ്രീകാന്ത്, സൈനാ നെഹ്വാൾ, പി.വി.സിന്ധു എന്നിവർ സിംഗിൾസിലും മുനുഅത്രി, സുമിത് റെഡ്ഡി, ജ്വാലാഗുട്ട, അശ്വനി പൊന്നപ്പ എന്നിവർ ഡബിൾസിലുമാണ് മൽസരിച്ചത്. ഇതിൽ സൈന 2012-ലെ ലണ്ടൻ ഒളിമ്പിക്‌സിൽ വെങ്കലം നേടിയിരുന്നു. തുടർച്ചയായി രണ്ടാം ഒളിമ്പിക്‌സിലും സൈന മെഡൽ നേടുമെന്നതായിരുന്നു നമ്മുടെ വിശ്വാസം. പോരാത്തതിന് അവർ മുൻ ലോക ഒന്നാം നമ്പർ താരവുമായിരുന്നല്ലോ. എന്നാൽ ഇപ്പോൾ ലോക ആറാം നമ്പറായ സൈനയ്ക്ക് ആദ്യറൗണ്ട് കടക്കാൻ കഴിഞ്ഞില്ല. ആദ്യമൽസരത്തിൽ ബ്രസീലിന്റെ ഇരുപതുകാരിയും ലോകറാങ്കിംഗിൽ എഴുപത്തിയൊന്നാം സ്ഥാനക്കാരിയുമായ ലോഹായന്നി വിസന്റയെ 21-17, 21-17 തോൽപ്പിച്ച സൈന രണ്ടാം മൽസരത്തിൽ നിരാശപ്പെടുത്തി. ലോകറാങ്കിംഗിൽ അറുപത്തിയൊന്നാം സ്ഥാനത്തുള്ള 23 കാരി യുക്രൈന്റെ ഉലിറ്റീനയാണ് സൈനയെ 18-21, 19-21 എന്ന സ്‌കോറിന് വീഴ്ത്തിയത്. തന്റെ അനായാസതയെ പരിക്ക് തടസപ്പെടുത്തിയിരുന്നു എന്ന് മൽസര ശേഷം സൈന വെളിപ്പെടുത്തിയിരുന്നു. അത് ശരിയാകാം. എന്തായാലും സൈനയുടെ സമീപകാലപ്രകടനങ്ങൾ ഒളിമ്പിക്‌സിൽ ഒരു മെഡൽ നേടാൻ പര്യാപ്തമായിരുന്നില്ലെന്ന കാര്യവും വിസ്മരിക്കേണ്ടതില്ല. 2009-ൽ അർജ്ജുന അവാർഡും 2010-ൽ പത്മശ്രീയും അതേവർഷം ഖേൽരത്‌നയും 2016-ൽ പത്മഭൂഷണും രാജ്യം അവർക്ക് സമ്മാനിച്ചിട്ടുണ്ട്.
           സൈന അടിയറവ് പറഞ്ഞ വേദിയിലാണ് ലോക പത്താം നമ്പർ താരമായ പി.വി.സിന്ധു വെള്ളിയണിഞ്ഞത്. ഒളിമ്പിക്‌സിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും അഭിമാനകരമായ നേട്ടം. ഒരു കായിക താരത്തിന് ഏറ്റവും ആവശ്യമായ കഠിനാധ്വാനത്തിന്റേയും സമർപ്പണത്തിന്റേയും മുദ്രകൾ വേണ്ടുവോളം പതിഞ്ഞതായിരുന്നു സിന്ധുവിന്റെ ഓരോ നീക്കവും.
            ആദ്യ റൗണ്ടിൽ ലോക റാങ്കിംഗിൽ അറുപത്തിനാലാം സ്ഥാനത്തുള്ള ഹംഗറി താരവും 23-കാരിയുമായ ലൗറ സരോസിനെ 21-8, 21-9-ന് പരാജയപ്പെടുത്തിക്കൊണ്ടാണ് സിന്ധുതുടങ്ങിയത്. രണ്ടാം മൽസരത്തിൽ കാനഡക്കാരിയും ലോകറാങ്കിംഗിൽ ഇരുപതാം സ്ഥാനക്കാരിയുമായ മിഷേൽ ലിയെ 19-21, 21-15, 21-17-ന് തോൽപ്പിച്ചു. 24-കാരിയാണ് മിഷേൽ ലി. പ്രി-ക്വാർട്ടറിൽ ലോക എട്ടാം നമ്പർ താരവും 22-കാരിയുമായ തായ്‌ലന്റുതാരം തായ് ടിസു ഇങ്ങിനെ 21-13, 21-16-ന് കീഴ്‌പ്പെടുത്തി. ക്വാർട്ടറിൽ ലോകരണ്ടാം റാങ്കുകാരിയും 2012-ലണ്ടൻ ഒളിമ്പിക്‌സിലെ വെള്ളിമെഡൽ ജേതാവും 2006, 2011 വർഷങ്ങളിലെ ലോക ജേതാവും 28-കാരിയുമായ ചൈനയുടെ വാങ് ഇ ഹാൻ ആയിരുന്നു എതിരാളി. 22-10, 21-19-ന് സിന്ധു അവിടേയും വിജയം നേടി. സെമിയിൽ ലോക ആറാം നമ്പർതാരവും 2012-ലെ ലോക ജൂനിയർ ചാമ്പ്യനും 21-കാരിയുമായ ജപ്പാന്റെ  നോ സോമി ഓക്കുഹാരയായിരുന്നു എതിരാളി. അവിടേയും സിന്ധുവിന് പിഴച്ചില്ല. 21-19, 21-10-ന് വിജയം നേടിക്കൊണ്ട് ഫൈനലിലേക്കു വന്നു. ഫൈനലിൽ ലോക ഒന്നാം നമ്പർതാരവും 23-കാരിയുമായ  സ്‌പെയിനിന്റെ കരോളിനാമാരിനായിരുന്നു എതിർ സ്ഥാനത്ത്. 2014, 2015 ലോകചാമ്പ്യൻഷിപ്പുകളിൽ സ്വർണം നേടിയിട്ടുള്ള കരോളിന, സിന്ധുവിന് കടുത്ത എതിരാളിതന്നെയായിരുന്നു.  21-19-ന് ആദ്യ സെറ്റ് നേടിയെങ്കിലും അടുത്ത രണ്ടു സെറ്റുകൾ 12-21, 15-21-ന് കരോളിനയ്ക്ക് അടിയറ വയ്‌ക്കേണ്ടിവന്നു.
            ഫൈനൽ ഉൾപ്പെടെ ആറു മൽസരങ്ങളാണ് സിന്ധു കളിച്ചത്. ആകെ 14 സെറ്റുകൾ. ഇതിൽ ആദ്യ റൗണ്ടിലെ രണ്ടാം മൽസരത്തിൽ ഒരു സെറ്റും ഫൈനലിൽ രണ്ടു സെറ്റുമാണ് എതിരാളികൾക്ക് വിട്ടു കൊടുക്കേണ്ടിവന്നത്. ഈ രണ്ടു മൽസരങ്ങൾ ഒഴിച്ചാൽ മറ്റ്  അഞ്ചു മൽസരങ്ങളും ജയിച്ചത് സ്‌ട്രെയിറ്റ് സെറ്റുകൾക്കായിരുന്നു. മറ്റൊരു ശ്രദ്ധേമായ കാര്യം കൂടിയുണ്ട്. പ്രാഥിമിക റൗണ്ട് ഒഴിച്ചു നിർത്തിയാൽ സെമീഫൈനൽവരെ സിന്ധു തോൽപ്പിച്ചത് ലോകറാങ്കിംഗിൽ തന്നേക്കാൾ മുകളിലുള്ള താരങ്ങളെയായിരുന്നു. എലിമിനേഷൻ റൗണ്ടിൽ ലോക എട്ടാം നമ്പർ താരത്തേയും ക്വാർട്ടറിൽ ലോക രണ്ടാം നമ്പർ താരത്തേയും സെമീഫൈനലിൽ ലോക ആറാം നമ്പർ താരത്തേയുമാണ് പത്താം നമ്പർ താരമായ സിന്ധുതോൽപ്പിച്ചത്. ഏത് കോണിലൂടെ നോക്കിയാലും അഭിമാനകരമായ നേട്ടമാണ് റിയോയിൽ സിന്ധു സൃഷ്ടിച്ചതെന്നു കാണാൻ ബുദ്ധിമുട്ടില്ല. റിയോയിൽ സിന്ധിവിന് എതിരാളിയായി വന്ന ആറു പേരിൽ അഞ്ചുപേരും സിന്ധുവിനേക്കാൾ പ്രായത്തിൽ മുതിർന്നവരുമായിരുന്നു. സെമീഫൈനലിൽ കളിച്ച ജപ്പാന്റെ 21-കാരിയായ നോ സോമി ഓക്കു ഹാരയാകട്ടെ സിന്ധുവിന്റെ സമപ്രായക്കാരിയും.
             2013, 14 വർഷങ്ങളിലെ ലോക ചാമ്പ്യൻഷിപ്പുകളിൽ വെങ്കലം നേടിയിട്ടുള്ള തെലുങ്കാനാ സ്വദേശിയായ സിന്ധുവിന് രാജ്യം  2013-ൽ അർജ്ജുന അവാർഡും 2015-ൽ പത്മശ്രീയും നൽകിയിട്ടുണ്ട്. രണ്ടായിരത്തിൽ അർജ്ജുന അവാർഡുനേടിയ ഇന്ത്യൻ ദേശീയ വോളീബോൾതാരം രമണറാവുവിന്റെ മകളാണ് പി.വി.സിന്ധു എന്ന കാര്യവും ഇവിടെ ഓർക്കണം.
              പുരുഷവിഭാഗം സിംഗിൾസിൽ മൽസരിച്ച ആന്ധ്രാസ്വദേശിയും ഇരുപത്തിമൂന്നുകാരനുമായ ശ്രീകാന്താണ് സിന്ധുകഴിഞ്ഞാൽ ഇന്ത്യക്ക് അൽപം ആശ്വാസം പകർന്ന താരം. അദ്ദേഹം ക്വാർട്ടർ ഫൈനൽവരെ എത്തിയിരുന്നു. ലോകറാങ്കിംഗിൽ എൺപത്തിയഞ്ചാം സ്ഥാനത്തുള്ള മെക്‌സിക്കൻ താരം ലിനോ മുനോസിനെ 21-11, 21-17-ന് തോൽപ്പിച്ചു കൊണ്ട് തുടങ്ങിയ ശ്രീകാന്ത് രണ്ടാം മൽസരത്തിൽ  സ്വീഡൻതാരം ഹെൻഡ്രി ഹർസ്‌കാനയനെ 21-6, 21-18 എന്ന സ്‌കോറിനും തോൽപ്പിച്ചാണ് എലിമിനേഷൻ റൗണ്ടിലെത്തിയത്. അവിടെ ഡെൻമാർക്കിന്റെ ലോക അഞ്ചാം നമ്പർതാരവും 2015-ൽ നടന്ന  ലോകചാമ്പ്യൻഷിപ്പിലെ വെങ്കലമെഡൽ ജേതാവുമായ ജാൻ ജോർജ്ജി നെസറായിരുന്നു
എതിരാളി. 21-19, 21-19-ന്് അദ്ദേഹത്തേയും ശ്രീകാന്ത് തോൽപ്പിച്ചു. ക്വാർട്ടറിൽ ശ്രീകാന്തിന് കിട്ടിയത് കടുത്ത എതിരാളിയെയായിരുന്നു. ചൈനയുടെ ലിൻ ഡാൻ. അദ്ദേഹമാകട്ടെ ലോക ബാറ്റ്മിന്റൻ കണ്ട ഏറ്റവും മികച്ച താരവും. 2008, 2012-ഒളിമ്പിക്‌സുകളിലെ സ്വർണമെഡൽ ജേതാവായിരുന്നു ലിൻ ഡാൻ. 2006 മുതൽ 2013-വരെയുള്ള ലോകചാമ്പ്യൻഷിപ്പുകളിൽ അഞ്ചു സ്വർണം നേടിയിട്ടുണ്ട്. ഇതിനു പുറമേ ബാറ്റ്മിന്റൻ താരങ്ങൾ അഭിമാനമായിക്കാണുന്ന ഓൾ ഇംഗ്ലണ്ട് ബാറ്റ്മിന്റൻ ചാമ്പ്യൻഷിപ്പിൽ അഞ്ചു തവണ കിരീടം നേടിയിട്ടുള്ള താരവും. ലിൻ ഡാന് മുന്നിൽ ശ്രീകാന്ത് വീണു. 6-21, 21-11, 18-21-ന്. ലിൻ ഡാനിൽ നിന്ന്് ഒരു സെറ്റ് പിടിച്ചെടുക്കാൻ ശ്രീകാന്തിന് കഴിഞ്ഞു എന്നതു തന്നെ വലിയാകാര്യമായി. അതിനാൽ ആ തോൽവിക്കുപോലും ഒരു വിജയത്തിന്റെ മധുരവുമുണ്ട്.
          ലോക റാങ്കിംഗിൽ ഇപ്പോൾ പതിനൊന്നാം സ്ഥാനത്തുള്ള ശ്രീകാന്ത് 2015-ൽ മൂന്നാം സ്ഥാനത്തായിരുന്നു. 2014-ലെ ചൈനാ ഓപ്പൺസീരീസിൽ ജേതാവിയിട്ടുണ്ട്. അവിടെ ജേതാവാകുന്ന ഏക ഇന്ത്യക്കാരനും ശ്രീകാന്തുതന്നെ.
           ഡബിൾസിൽ മൽസരിച്ച മനുഅത്രി-സുമിത് റെഡ്ഡി കൂട്ടുകെട്ടിൽ ഇന്ത്യ വലിയ പ്രതീക്ഷ പുലർത്തിയിരുന്നില്ല. അവർ ആദ്യ റൗണ്ടിൽ പുറത്താവുകയും ചെയ്തു. ഇന്റോനേഷ്യ, ചൈന, ജപ്പാൻ എന്നിവരോട് മൽസരിച്ച ഈ കൂട്ട് കെട്ടിന് ഒരു സെറ്റുപോലും നേടാനായില്ല.  ഇതിനു സമാനമായിരുന്നു ജ്വാലാഗുട്ട-അശ്വനി പൊന്നപ്പാ കൂട്ടികെട്ടിന്റേയും അവസ്ഥ. ജപ്പാനോടും തായ്‌ലന്റിനോടും സ്‌ട്രെയിറ്റ് സെറ്റിനാണ് അവർ തോറ്റത്. നെതർലൻഡിനോടുള്ള മൽസരത്തിൽ ഒരു സെറ്റ് നേടാനായി എന്നതുമാത്രമാണ് ആശ്വാസം. ജ്വാലാഗുട്ടയും അശ്വനിപൊന്നപ്പയും ലോകമറിയുന്ന താരങ്ങളാണ്. ലോകറാങ്കിംഗിൽ പത്തും പതിന്നാലും സ്ഥാനങ്ങളിൽ ഉണ്ടായിരുന്നവരും. കഴിഞ്ഞ ലണ്ടൻ ഒളിമ്പിക്‌സിലും ഇവർക്ക് ആദ്യറൗണ്ട് കടക്കാൻ കഴിഞ്ഞിരുന്നില്ല. 2011-ൽ ജ്വാലാഗുട്ട അർജ്ജുന അവാർഡ് നേടിയിരുന്നു.
Badminton Smash_D Sudharsham

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here