അസ്ലം വധം; അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി

0

നാദാപുരത്തെ യൂത്ത് ലീഗ് പ്രവർത്തകനായ അസ്ലം കൊല്ലപ്പെട്ട കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി. എഎസ്പി കറുപ്പസ്വാമിയേയാണ് സ്ഥലം മാറ്റിയത്. ശനിയാഴ്ച വൈകീട്ടാണ് സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചത്. ഡിവൈഎസ്പി ഇസ്മയിലിനാണ് കേസിന്റെ അന്വേഷണ ചുമതല നൽകിയിരിക്കുന്നത്.

എഎസ്പി കറുപ്പസ്വാമിയുടെ നേതൃത്വത്തിൽ കേസിൽ നിർണായകമായേക്കാവുന്ന അറസ്റ്റുകൾ നടന്നിരുന്നു. സിപിഐഎം ഏരിയാ സെക്രട്ടറി ചാത്തുവിന്റെ വീട്ടിൽ റെയ്ഡ് നടത്തിയതും ബ്രാഞ്ച് സെക്രട്ടറി അനിലിനെ അറസ്റ്റ് ചെയ്തതും കറുപ്പസ്വാമിയുടെ നേതൃത്വത്തിലായിരുന്നു.

പ്രതികളെ ഒളിവിൽ പാർപ്പിച്ചതിനെ തുടർന്ന് കേസിൽ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി അനിലിനെ കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ എടുത്തിരുന്നു. കാസർകോട് ഹോസ്ദുർഗ് പൊലീസ് ആണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

അസ്ലം വധക്കേസ് അട്ടിമറിക്കുന്നതായി മുസ്ലീം ലീഗ് ആരോപിച്ചതിന് പിന്നിലായാണ് അന്വേഷണ ഉദ്യോഗസ്ഥനെ തന്നെ സ്ഥലംമാറ്റിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് വന്നത്. അതേസമയം കേസ് അട്ടിമറിക്കാനാണെന്ന് അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയതെന്ന് പ്രതിപക്ഷ നേതാവ് രമശ് ചെന്നിത്തല ആരോപിച്ചു.

ഗൂഢാലോചനയ്ക്ക് പിന്നിൽ സിപിഐഎം ആണെന്നും ക്രമസമാധാന ചുമതല പാർട്ടിയുടെ നിയന്ത്രണത്തിൽ വരുന്നത് വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Comments

comments