ഈ കൊള്ളക്കാരെ കൂടി ശരിയാക്കണം മുഖ്യമന്ത്രീ …

അരവിന്ദ് വി

തലവരി പിരിക്കുന്നതിന്റെ പേരിൽ ആദ്യം നേരിട്ടല്ലാതെയും പിന്നെ നേരിട്ടും വെള്ളാപ്പള്ളിയെ ഇരുത്തിയും നിർത്തിയും പൊരിച്ച മുഖ്യമന്ത്രിയോട് കൈ കൂപ്പി അപേക്ഷിക്കുന്നത് കേരളത്തിൽ നല്ലൊരു നേഴ്‌സറി വിദ്യാഭ്യാസം കൊതിക്കുന്ന കുഞ്ഞുങ്ങളും അവരുടെ രക്ഷിതാക്കളുമാണ്. പറ്റുമെങ്കിൽ തങ്ങളെ പിഴിഞ്ഞ് കൊള്ളയടിക്കുന്നവരെ കൂടി ഒന്ന് ഇരുത്തിയോ നിർത്തിയോ പൊരിക്കണേ എന്ന് അവർ അപേക്ഷിക്കുന്നു.

കേരളത്തിലെ നേഴ്‌സറി വിദ്യാഭ്യാസത്തിന് ചിലവഴിക്കേണ്ടി വരുന്ന തുകയുടെ വലിപ്പം കൂടി സ്നേഹമുള്ള മുഖ്യമന്ത്രി ഒന്നറിഞ്ഞു വയ്ക്കുന്നത് നല്ലതായിരിക്കും. അതേകദേശം ആളൊന്നിന് അൻപതിനായിരം മുതൽ രണ്ടു ലക്ഷത്തിലേറെ വരും. സംശയിക്കണ്ട , ഫീസല്ല ; സംഗതി അങ്ങ് പല്ലും നഖവും കൊണ്ടെതിർക്കുന്ന ‘തലവരി’ തന്നെ !

കേരളത്തിൽ തലസ്ഥാനമായ തിരുവനന്തപുരത്തും , എറണാകുളത്തും , കോട്ടയത്തും തലവരി തുക രണ്ടു ലക്ഷം കടന്നു തുടങ്ങി. മറ്റു ജില്ലകളിൽ അത് അൻപതിനായിരം മുതൽ ഒന്നര ലക്ഷം വരെയാണ്. നിയമം മൂലം തലവരി നിരോധിച്ചിരിക്കുന്ന ഒരു സംസ്ഥാനത്താണ് വിവിധ ഓമന പേരുകൾ ഇട്ട് ലക്ഷങ്ങളുടെ കച്ചവട കേന്ദ്രങ്ങളായി വിദ്യാലയങ്ങളെ ഇക്കൂട്ടർ അധപ്പതിപ്പിച്ചിരിക്കുന്നത്.

തലവരി / കോഷൻ ഡിപ്പോസിറ്റ് / വെൽഫെയർ ഫണ്ട് / റീഫണ്ടബിൾ എന്നിങ്ങനെ വിവിധ തരത്തിലാണ് ഇവരുടെ പിരിവ്.

നടത്തിപ്പ് മാനേജ്‌മെന്റിന്റെ സ്വജാതി സ്വമതങ്ങളിലെ വിദ്യാർഥികൾക്ക് ചില്ലറ ഇളവുകൾ ഉണ്ട്. മന്ത്രിയ്ക്കും എം.എൽ.എ.യ്ക്കും ഇളവുണ്ട്. വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർക്ക് ഇളവുകൾ കിട്ടും. അവരുടെ സ്വന്തം ആളുകൾക്ക് തരം പോലെ സൗജന്യവും ലഭിക്കും.

പിരിവ് വീരന്മാരായ ചില ‘പ്രമുഖ’ നേഴ്‌സറികളുടെ പേര് വിവരങ്ങൾ

(ഇരകളായ രക്ഷകർത്താക്കൾ ഞങ്ങളോട് നേരിട്ട് പറഞ്ഞ വിവരങ്ങളുടെ അടിസ്ഥാനത്തിൽ )

ചോയ്‌സ് / എറണാകുളം – 1,50,000.00 മുതൽ 2,00,000.00 വരെ.
രാജഗിരി / എറണാകുളം – 75,000.00 മുതൽ 1,50,000.00 വരെ.
ടോകെച് / എറണാകുളം – 1,00,000.00
അസ്സീസ്സി / എറണാകുളം – 75,000.00
ക്രിസ്തു ജയന്തി / എറണാകുളം – 75,000.00
നൈപുണ്യ / എറണാകുളം – 50,000.00
ചെമ്പക / തിരുവനന്തപുരം – 1,00,000.00 മുതൽ 1,50,000.00 വരെ

( ലിസ്റ്റ് അപൂർണ്ണമാണ്‌. ഓരോ സ്‌കൂളിലും എത്ര തുകയാണ് തലവരി ആയോ അപാര നാമങ്ങളിലോ നിങ്ങളിൽ നിന്നും ഈടാക്കിയത്? തുകയും സ്‌കൂളിന്റെ പേരും ധൈര്യമായി ഞങ്ങൾക്ക് അയച്ചു തരാമോ ? പ്രസിദ്ധീകരിക്കാൻ ഞങ്ങൾ തയ്യാർ )

വിദ്യാഭ്യാസത്തിന്റെ ആദ്യ ചുവടുകൾ വയ്ക്കാനൊരുങ്ങുന്ന എൽ.കെ.ജി. പ്രവേശനത്തിനാണ് ലക്ഷങ്ങൾ നൽകേണ്ടി വരുന്നത്. പ്രവേശനത്തിന് നൽകുന്ന തലവരി കൂടാതെ പ്രതിമാസം കനത്ത ഫീസും നൽകണം.

അതായത് ശരാശരി പൗരന് ഒരു കുഞ്ഞുണ്ടാകുന്നത് കഷ്ടകാലമാകുന്ന കാലത്താണ് ഒരു വെള്ളാപ്പള്ളിയെ ഇരുത്തി പൊരിച്ചതിലൂടെ കേരളത്തിലെ നേഴ്‌സറി കുഞ്ഞുങ്ങൾക്കും അവരുടെ രക്ഷിതാക്കൾക്കും അങ്ങൊരു പ്രതീക്ഷാ പ്രകാശം ആയത്. അവിടെ , ആ പ്രതീക്ഷയുടെ വെളിച്ചത്തിൽ അങ്ങ് ആഞ്ഞൊരു പോരാട്ടം നടത്തണം. ഇവറ്റകളെയൊക്കെ പിടികൂടണം. വിദ്യാഭ്യാസം കച്ചവടം അല്ല അതൊരു സേവനമാണ് ! അതങ്ങനെ അല്ല; മറിച്ചാണ് എന്ന്  പണ്ട് ഭരിച്ചവരെയൊക്കെ തെറ്റിദ്ധരിപ്പിച്ച് കടന്നു കൂടിയ ആക്രാന്തസാമികളെയൊക്കെ പടിയടച്ച് ഓടിക്കണം.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews