Advertisement

അത്ലറ്റിക്സില്‍ നിന്ന് ഇനിയും പാഠം പഠിക്കാത്ത ഇന്ത്യ

August 31, 2016
Google News 2 minutes Read
അത്‌ലറ്റിക്‌സിൽ 36 പേരേയാണ് റിയോയിൽ ഇന്ത്യ അണിനിരത്തിയത്. അങ്ങനെ 19 പുരുഷ അത്‌ലറ്റുകളും 17 വനിതാ അത്‌ലറ്റുകളും റിയോയിലെ ട്രാക്കും ഫീൽഡും പിടിക്കാനിറങ്ങി. ലോക അത്‌ലറ്റിക്‌സിനെക്കുറിച്ച് എന്തെങ്കിലും അറിയാവുന്നവർ ഇവരിൽ ഒരു പ്രതീക്ഷയും പുലർത്തിയിരുന്നില്ല. തലയിൽ മുണ്ടിട്ടാണ് മുപ്പത്തിയാറുപേരും റിയോയിൽ നിന്നു മടങ്ങിയത്.
          മൂവായിരം മീറ്റർ സ്റ്റീപ്പിൾചേസിൽ മൽസരിച്ച മഹാരാഷ്ട്രാസ്വേദേശിയും ഇരുപത്തിയേഴുകാരിയുമായ ലളിതാബബാർ നാഷണൽ റെക്കാഡോടെ പത്താം സ്ഥാനത്തുവന്നു എന്നതാണ് ആകെ ആശ്വാസം. അതുകഴിഞ്ഞാൽ മാരത്തണിൽ മൽസരിച്ച മലയാളിയായ തോണയ്ക്കൽ ഗോപി, കീത്താറാം എന്നിവർ തങ്ങളുടെ മികച്ച വ്യക്തിഗത സമയങ്ങൾ കുറിച്ചു എന്നതും ശ്രദ്ധിക്കപ്പെടും. ഇതിൽ ഗോപി ഇരുപത്തിയഞ്ചാം സ്ഥാനത്തും കീത്താറാം ഇരുപത്തിയാറാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്. റിയോയിൽ ഇന്ത്യയുടെ അത്‌ലറ്റിക്‌സിലെ നേട്ടങ്ങൾ ഇവിടെ അവസാനിക്കുന്നു. മറ്റുള്ളവരുടെ കഥ പരിശോധിക്കാതിരിക്കുകയാണ് ഭേദം. പലരും അവരുടെ വ്യക്തഗതമായ മികച്ച സമയങ്ങൾക്കടുത്തോ ദൂരങ്ങൾക്കടുത്തോ എത്തിയില്ല എന്നു മാത്രമല്ല വളരെ പിറകിൽ പോവുകയും ചെയ്തു. കഷ്ടം എന്ന വാക്കല്ലാതെ ഇവരുടെ പ്രകടനങ്ങളെ വിശേഷിപ്പിക്കാൻ മലയാളത്തിൽ മറ്റൊരു വിശേഷണപദമില്ല.
           എങ്കിലും രണ്ടുപേരുടെ പ്രകടനങ്ങളെ ഇവിടെ പരിശോധിക്കേണ്ടതുണ്ട്്. ട്രിപ്പിൾ ജംപിൽ മൽസരിച്ച രഞ്ജിത്ത് മഹേശ്വരിയുടേയും 800 മീറ്ററിൽ മൽസരിച്ച ഉഷാസ്‌കൂളിലെ ടിന്റു ലൂക്കയുടേയും.
            റിയോയിൽ 16.13 മീറ്റർ ചാടിയ രഞ്ജിത് മഹേശ്വരി മുപ്പാതാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഒന്നാം സ്ഥാനത്തു വന്ന അമേരിക്കയുടെ ക്രിസ്റ്റ്യൻടെയ്‌ലർ 17.24 മീറ്ററും രണ്ടാം സ്ഥാനത്തുവന്ന ചൈനയുടെ ഡോങ്ബിൻ 17.10 മീറ്ററും മൂന്നാം സ്ഥാനത്തുവന്ന അമേരിക്കയുടെ തന്നെ വിൻക്ലായ് 17.05 മീറ്ററും ചാടിയാണ് യഥാക്രമം സ്വർണവും വെള്ളിയും വെങ്കലവും നേടിയത്.  ഈ കണക്കുകൾ ഓർമയിൽ വയ്ക്കുക.
              രഞ്ജിത് മഹേശ്വരിയുടെ പേഴ്‌സണൽ ബെസ്റ്റ് 17.30-ആണെന്നാണ് പറയുന്നത്. 2016-ൽ ബാംഗ്ലൂരിൽ നടന്ന ഇന്ത്യൻ ഗ്രാന്റ് പ്രീയിലാണ് രഞ്ജത് ഈ ദൂരം കുറിച്ചതെന്നും പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റിയോയിലേക്ക്  യോഗ്യത  നേടിയതും. ഈ കണക്കിൽ യുക്തിക്കു നിരക്കാത്തൊരു വൈരുദ്ധ്യമുണ്ട്. 2016-ജൂലൈ പതിനൊന്നിനാണ് രഞ്്ജിത് 17.30-മീറ്റർ ചാടിയത്. ഒളിമ്പ്കിസ് തുടങ്ങിയത് ആഗസ്റ്റ് അഞ്ചിനും. അങ്ങനെയാണെങ്കിൽ കേവലം ഒരുമാസം തികയുന്നതിനു മുമ്പ്് ചാട്ടത്തിൽ ഒരു മീറ്ററിലേറേ വ്യത്യാസംവരാൻ ഒരു ന്യായവുമില്ല. അയാൾക്ക് എന്തെങ്കിലും പരിക്കുകളോ ശാരീരികവും മാനസികവുമായ മറ്റെന്തെങ്കിലും പ്രശ്‌നങ്ങളോ ഉണ്ടെന്ന്് വ്യക്തമാക്കപ്പെട്ടിട്ടുമില്ല. രജ്്ഞിത് തന്റെ പേഴ്‌സണൽ ബെസ്റ്റെന്നവകാശപ്പെടുന്ന 17.30-ചാടിയിരുന്നെങ്കിൽ റിയോയിൽ സ്വർണം നേടുമായിരുന്നു. അവിടെ സ്വർണം നേടിയ ക്രിസ്റ്റിയൻ ടെയ്‌ലറിന് 17.24-ചാടാനേ കഴിഞ്ഞിരുന്നുള്ളു. അങ്ങനെയെങ്കിൽ എന്തോ കള്ളക്കളികൾ ഇക്കാര്യത്തിൽ നടന്നിട്ടുണ്ടെന്ന് സംശയിക്കേണ്ടിവരും. 2010-ലെ കോമൺവെൽത്തിൽ 17.07 മീറ്റർ ചാടി ദേശീയ റെക്കോഡും സ്ഥാപിച്ചിട്ടുണ്ട് രഞ്്ജിത്. ആ ചാട്ടമെങ്കിലും ആവർത്തിച്ചിരുന്നെങ്കിൽ റിയോയിൽ വെങ്കലം നേടുമായിരുന്നു. അവിടെ വെങ്കലം നേടിയ അമേരിക്കയുടെ വിൻക്ലേയിക്ക്് 17.05 മീറ്ററേ ചാടാൻ കഴിഞ്ഞുള്ളു. ആരാണ് ഇത്തരം കളികൾക്ക് കൂട്ടു നിൽക്കുന്നതെന്ന് കണ്ടെത്തുകതന്നെ വേണം.
          2010-മുതൽ അന്താരാഷ്ട്ര മൽസരങ്ങളിൽ സജീവമാണ് ഇരുപത്തിയറാറുകാരിയായ ടിന്റു ലൂക്ക. കഴിഞ്ഞ ലണ്ടൻ ഒളിമ്പിക്‌സിൽ അവർ 800 മീറ്ററിൽ സെമീഫൈനലിൽ എത്തിയിരുന്നു. ഫൈനലിൽ എത്താൻ കഴിഞ്ഞില്ലെങ്കിലും പതിനൊന്നാം സ്ഥാനത്തുണ്ടായിരുന്നു. നാലുവർഷങ്ങൾക്കുശേഷം ടിന്റു ഇരുപത്തിയൊമ്പതാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുന്നു. 2012-ലെ ലണ്ടൻ ഒളിമ്പിക്‌സിൽ 1.59.61 ആയിരുന്നു ടീന്റു എടുത്ത സമയം. റിയോയിൽ അത് 2.00.58 ആയി കൂടിയിരിക്കുന്നു. നാലു വർഷം കൊണ്ട് ടിന്റുവിലെ അത്‌ലറ്റിന് പുരോഗതിയൊന്നുമുണ്ടായിട്ടില്ല എന്നാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്. ഏഷ്യൻ ഗെയിംസിൽ പോലും ടിന്റു 800 മീറ്ററിൽ സ്വർണം നേടിയത് ഒരു തവണ മാത്രമാണെന്നും ഇവിടെ ഓർക്കേണ്ടതുണ്ട്. 2015-ൽ ചൈനയിലെ വുഹാമിൽ നടന്ന ഏഷ്യൻ ഗെയിംസിലായിരുന്നു അത്്. ആകെ രണ്ടു തവണ മാത്രമേ ടിന്റു രണ്ട് മിനിറ്റിന് താഴെ 800 മീറ്റർ ഓടിയിട്ടുള്ളു. 2012-ലെ ലണ്ടൻ ഒളിമ്പിക്‌സിലും 2014-ലെ ഏഷ്യൻ ഗെയിംസിലും. അതിനു ശേഷം ടിന്റുവിന്റെ പ്രകടനങ്ങൾ ശുഭകരമായിരുന്നില്ല. അതിനാൽതന്നെ ഇത്തരം കാര്യങ്ങൾ സൂക്ഷ്്മമായി വീക്ഷിക്കുന്നവർക്ക് ടിന്റുവിൽ പ്രതീക്ഷയൊന്നും ഉണ്ടായിരുന്നുമില്ല.
കൂടുതൽ പക്വതയും പരിചയവും ആർജ്ജിക്കുമ്പോൾ ഒരു അത്‌ലറ്റിന്റെ പ്രകടനം റിവേഴ്്‌സ് ഗീയറിൽ ആകുന്നത് എന്തുകൊണ്ടെന്ന് അന്വേഷിക്കേണ്ടതാണ്.
2014-ൽ രാജ്യം ടിന്റുവിന് അർജ്ജുന അവാർഡ് നൽകിയിരുന്നു.
rio news card 6

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here