അഗതികളുടെ അമ്മ വിശുദ്ധ പദവിയിലേക്ക്‌

‘നിങ്ങൾ ആളുകളെ വിധിക്കാൻ ശ്രമിക്കുമ്പോൾ അവരെ സ്‌നേഹിക്കാൻ മറക്കുന്നു’ എന്ന മദർ തെരേസയുടെ വാക്കുകളിലുണ്ട് ആ അമ്മയുടെ ലോകത്തോടുള്ള സ്‌നേഹം. സ്‌നേഹിക്കാനും ശുശ്രൂഷിക്കാനും മാത്രം അറിയാവുന്ന വാഴ്ത്തപ്പെട്ടവളായ അമ്മയുടെ സാന്നിദ്ധ്യത്തിൽ നടന്ന രണ്ടാമത്തെ അത്ഭുത പ്രവർത്തിയും ഫ്രാൻസിസ് മാർമാപ്പ അംഗീകരിച്ചതോടെ അഗതികളുടെ അമ്മയെ വിശുദ്ധയായി പ്രഖ്യാപിയ്ക്കുകയാണ് സെപ്തംബർ നാലിന് വത്തിക്കാനിൽ നടക്കുന്ന ചടങ്ങിൽ.

വിശുദ്ധ പദവിയിലേക്കുയർത്താൻ 2 അത്ഭുത പ്രവർത്തികൾ വേണം. ആദ്യ അത്ഭുതം അംഗീകരിക്കപ്പെട്ടിരുന്നു. രണ്ടാമത്തെ അത്ഭുത പ്രവർത്തിയും അംഗീകരിച്ചതോടെ അമ്മ വിശുദ്ധ പദവിയിലേക്ക് ഉയർന്നു. ബംഗാളി യുവതി മോണിക്ക ബസ്രയുടെ വയറ്റിലെ മുഴ മാറിയെന്ന അത്ഭുത പ്രവർത്തി അംഗീകരിച്ചതോടെ 2003 ൽ ജോൺപോൾ രണ്ടാമൻ മാർപ്പാപ്പ മദർ തെരേസയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചിരുന്നു.

2008 ൽ അമ്മയുടെ മധ്യസ്ഥതയിൽ ബ്രസീൽ സ്വദേശിയുടെ തലച്ചോറിലെ ഒന്നിലേറെ മുഴകൾ സുഖപ്പെട്ടു എന്നതാണ് രണ്ടാമത്തെ അത്ഭുത പ്രവർത്തി. വത്തിക്കാന്റെ കോൺഗ്രികേഷൻ ഫോർ കോസസ് ഓഫ് ദ സെയ്ന്റ്‌സ് ആണ് വിശുദ്ധരുടെ മധ്യസ്ഥതയിൽ നടന്ന അത്ഭുതങ്ങൾ വിശകലനം ചെയ്യുന്ന വിദഗ്ധ സമിതി. ഈ സമിതിയാണ് അമ്മയുടെ അത്ഭുത പ്രവർത്തി വിശകലനം ചെയ്തത്.

കരുണയുടെ വർഷം ആചരിക്കുന്ന 2016 ലെ സെപ്തംബർ 4 മദർ തെരേസയുടെ സ്മരണയ്ക്കായി സഭ മാറ്റി വെച്ചിരിക്കുകയാണ്. ആ ദിവസംതന്നെ അമ്മയെ വിശുദ്ധയായ് പ്രഖ്യാപിക്കും.

1910 ഓഗസ്റ്റ് 26 ന് മാസിഡോണിയയിലെ സ്‌കോപ്ജിൽ ആണ് മദർ തെരേസ എന്ന ആഗ്‌നസ് ജനിച്ചത്. എന്നാൽ ജീവിതത്തിന്റെ ഏറിയ പങ്കും അമ്മ ചെലവഴിച്ചത് കൊൽക്കത്തയിലെ അഗതികൾക്കും അശരണർക്കും വേണ്ടിയാണ്. സമൂഹത്താൽ അകറ്റി നിർത്തപ്പെടുന്ന അശരണർക്കും അഗതികൾക്കും മാറാരോഗികൾക്കുമായി മിഷനറീസ് ഓഫ് ചാരിറ്റി സ്ഥാപിക്കുകയും ചെയ്തു. 1979 ൽ സമാധാനത്തിനുള്ള നോബേൽ പുരസ്‌കാരം ലഭിച്ചു. പത്മശ്രീ ഭാരത രത്‌ന ബഹുമതികൾ നൽകി ഇന്ത്യ ഗവൺമെന്റും അമ്മയെ ആദരിച്ചു. 1997 സെപ്തംബറിൽ ആയിരുന്നു അന്ത്യം.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE