പിണറായിയുടെ സ്വത്തുവിവരം അന്വേഷിക്കണം: വിജിലൻസിന് വി.മുരളീധരന്റെ കത്ത്

മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ള സിപിഎം നേതാക്കളുടെ സ്വത്തു വിവരങ്ങൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന വിജിലൻസ് മേധാവിക്ക് ബിജെപി നേതാവ് വി.മുരളീധരന്റെ കത്ത്.

പിണറായി വിജയന്റെ മക്കളുടെ വിദേശപഠനം സംബന്ധിച്ചും പാർട്ടി സെക്രട്ടറി കോടിയരി ബാലകൃഷ്ണൻ അടക്കമുള്ള മുതിർന്ന നേതാക്കളുടെ സാമ്പത്തിക സ്രോതസ് സംബന്ധിച്ചും അന്വേഷണം വേണമെന്നാണ് കത്തിലെ ആവശ്യം.

രാഷ്ട്രീയ നേതാവു മാത്രമായ കോടിയേരിയുടെ രണ്ടു മക്കളും പ്രത്യേകിച്ചൊരു തൊഴിലിലും ഏർപ്പെടാതെയാണ് വിദേശത്ത് ബിസിനസ് സാമ്രാജ്യം വളർത്തിയെടുത്തത്. മുഖ്യമന്ത്രിയുടെ മകന്‍ ബർമിങ്ഹാം സർവകലാശാലയിൽ എംബിഎ പൂർത്തിയാക്കിയതിന്റെ വരുമാന സ്രോതസും വ്യക്തമാക്കണം.

കോടിയേരിയുടെ മകൻ വൈസ് പ്രസിഡന്റായിരുന്ന ഐടി കമ്പനിയുടെ മുൻ സിഇഒ ആയിരുന്ന പിണറായിയുടെ മകൾ സ്വന്തമായി ഐടി കമ്പനി നടത്തുന്നതു സംബന്ധിച്ചും അന്വേഷണം വേണമെന്നും കത്തിൽ പറയുന്നു.

മന്ത്രി ഇ.പി.ജയരാജന്റെ മകനും സിപിഎം എംപി പി.കെ.ശ്രീമതിയുടെ മകനും വിദേശത്ത് വൻ ബിസിനസ് സംരംഭങ്ങളുണ്ട്.

കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ആരോഗ്യമന്ത്രിയായിരുന്ന പി.കെ.ശ്രീമതിയുടെ മകനും കോടിയേരിയുടെ മകനും ബെനാമിയെവച്ച് നടത്തിയിരുന്ന മരുന്നുകമ്പനി കേരള മെഡിക്കൽ സർവീസ് കോർപറേഷന് മരുന്നുകൾ വിറ്റതായുള്ള പരാതിയും അന്വേഷിക്കണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു.

ഇ–മെയിൽ വഴിയാണ് വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിന് വി.മുരളീധരൻ പരാതി നൽകിയത്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE