വിഎസിന്റെ നിർദ്ദേശം ‘വെട്ടി’ സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ്

0

ഭരണപരിഷ്‌കാര കമീഷനിൽ വി.എസ്. അച്യുതാനന്ദൻ നിർദേശിച്ച പേഴ്‌സനൽ സ്റ്റാഫ് അംഗങ്ങളുടെ പട്ടിക സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് തള്ളി. അഡീഷനൽ പി.എ ആയി തന്റെ വിശ്വസ്തൻ വി.കെ. ശശിധരനെയും പേഴ്‌സനൽ സ്റ്റാഫ് അംഗമായി സന്തോഷിനെയും നിയമിക്കാനുള്ള വി.എസിന്റെ ശുപാർശ സെക്രട്ടേറിയറ്റ് യോഗം തള്ളുകയായിരുന്നു.പുതുക്കിയ പട്ടിക സമർപ്പിക്കാൻ നിർദേശിക്കാനും ധാരണയായി.

ഭരണപരിഷ്‌കാര കമീഷനെ സംബന്ധിച്ച് സർക്കാർ ഏകപക്ഷീയ തീരുമാനമാണ് കൈക്കൊള്ളുന്നതെന്ന് ചൂണ്ടിക്കാട്ടിയും ഓഫിസിന്റെ സ്ഥലം നിശ്ചയിച്ചതിലെ അതൃപ്തി പ്രകടിപ്പിച്ചും വി.എസ് കഴിഞ്ഞദിവസം ചീഫ് സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു.

2006ൽ മുഖ്യമന്ത്രിയായിരുന്നപ്പോഴും പിന്നീട് പ്രതിപക്ഷ നേതാവായിരുന്നപ്പോഴും വി.എസിന്റെ പേഴ്‌സനൽ സ്റ്റാഫ് അംഗമായിരുന്ന വി.കെ. ശശിധരനെ വിഭാഗീയത ആരോപിച്ച് നേരത്തേ പേഴ്‌സനൽ സ്റ്റാഫിൽനിന്നും പാർട്ടിയിൽനിന്നും പുറത്താക്കിയിരുന്നു. യു.ഡി.എഫ് അനുഭാവിയെന്ന ആരോപണമാണ് സന്തോഷിന്റെ പേര് അംഗീകരിക്കാതിരിക്കാൻ നേതൃത്വം ചൂണ്ടിക്കാട്ടിയത്.

പേഴ്‌സനൽ സ്റ്റാഫിന്റെ അംഗസംഖ്യ 13 ആയി നിശ്ചയിച്ചിരുന്നു. എന്നാൽ വിഎസ് നൽകിയ പട്ടികയിൽ 20 പേരുടെ പേരാണ് ഉണ്ടായിരുന്നത്. അതേ സമയം നിശ്ചയിച്ച സ്റ്റാഫ് അംഗങ്ങളുടെ എണ്ണത്തിൽ മാറ്റം വരുത്തേണ്ടെന്ന നിലപാടിലാണ് മന്ത്രിസഭയും പാർട്ടി നേതൃത്വവും.

Comments

comments

youtube subcribe