ജയ തന്നെ മുഖ്യമന്ത്രി; ആ വകുപ്പുകൾ പനീർശെൽവം കൈകാര്യം ചെയ്യും

paneerselvam
ജയലളിത ആശുപത്രിവാസം കഴിഞ്ഞ് മടങ്ങുന്നത് വരെ മുഖ്യമന്ത്രി വഹിച്ചിരുന്ന മുഴുവന്‍ വകുപ്പുകളും മന്ത്രി ഒ പനീര്‍ശെല്‍വം ഏറ്റെടുത്തു

തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആശുപത്രിവാസം തുടരുന്നതിനിടെ ഭരണപ്രതിസന്ധി ഇല്ലാതാക്കാന്‍ താത്കാലിക പരിഹാരം.

ജയലളിത ആശുപത്രിവാസം കഴിഞ്ഞ് മടങ്ങുന്നത് വരെ മുഖ്യമന്ത്രി വഹിച്ചിരുന്ന മുഴുവന്‍ വകുപ്പുകളും മന്ത്രി ഒ പനീര്‍ശെല്‍വം ഏറ്റെടുത്തു. ജയലളിത മുഖ്യമന്ത്രിയായി തുടരും. എന്നാല്‍, ക്യാബിനറ്റ് യോഗത്തില്‍ പനീര്‍ശെല്‍വമായിരിക്കും അധ്യക്ഷത വഹിക്കുകയെന്നും ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ജയലളിതയുടെ നിര്‍ദേശ പ്രകാരമാണ് ഇത്തരത്തില്‍ തീരുമാനം കൈക്കൊണ്ടതെന്നും പത്രക്കുറിപ്പില്‍ പറയുന്നു.

ജയലളിതയുടെ ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള അവ്യക്തത തുടരുന്നതിനിടെയാണ് അവരുടെ വകുപ്പുകള്‍ പനീര്‍ശെല്‍വം ഏറ്റെടുക്കുന്നത്. ആഭ്യന്തരം, പൊതുഭരണം, റവന്യൂ ഉള്‍പ്പെടെ എട്ട് വകുപ്പുകളാണ് പ്രധാനമായും മുഖ്യമന്ത്രി വഹിച്ചിരുന്നത്. ഈ വകുപ്പുകള്‍ ഇനി ധനമന്ത്രിയായ പനീര്‍ശെല്‍വം വഹിക്കും. വിവേചനാധികാരം ഉപയോഗിച്ചാണ് ഗവര്‍ണര്‍ ഉത്തരവിറക്കിയിരിക്കുന്നത്.

അനധികൃത സ്വത്ത് സമ്പാദനകേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് ജയലളിതക്ക് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കേണ്ടി വന്നപ്പോള്‍ പനീര്‍ശെല്‍വമായിരുന്നു മുഖ്യമന്ത്രി.

കടുത്ത പനിയും നിര്‍ജലീകരണവും കാരണം സെപ്തംബര്‍ 22നാണ് ജയലളിതയെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബ്രിട്ടനില്‍ നിന്നുള്ള വിദഗ്ധ ഡോക്ടര്‍ക്കു പുറമെ ഡല്‍ഹി എയിംസില്‍ നിന്നുള്ള വിദഗ്ധരും ജയലളിതയെ പരിശോധിച്ചിരുന്നു. കുറച്ചു ദിവസം കൂടി ആശുപത്രിയില്‍ കഴിയേണ്ടി വരുമെന്നാണ് വിദഗ്ധ ഡോക്ടര്‍മാരുടെ അഭിപ്രായം. വിവിധ നേതാക്കള്‍ ആശുപത്രിയില്‍ എത്തിയിരുന്നെങ്കിലും അണുബാധയുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി ജയലളിതയെ കാണുന്നത് ഡോക്ടര്‍മാര്‍ വിലക്കിയിരുന്നു.

 

Portfolios of Jayalalithaa given to Panneerselvam

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews