ജയരാജന് മഞ്ഞ കാർഡോ ചുവപ്പോ ? ജേക്കബ് തോമസ് നിയമോപദേശം തേടുന്നു

നിയമന വിവാദത്തില്‍ വ്യവസായ മന്ത്രി ഇ പി ജയരാജനെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള പരാതിയില്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് നിയമോപദേശം തേടി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബി ജെ പി നേതാവ് വി മുരളീധരനും നല്‍കിയ പരാതികളില്‍ വിജിലന്‍സ് ലീഗല്‍ അഡൈ്വസര്‍ സി സി അഗസ്റ്റിനോടാണ് അഭിപ്രായം ആരാഞ്ഞത്.

ത്വരിത പരിശോധന ഉള്‍പ്പെടെ പരാതികളില്‍ സ്വീകരിക്കേണ്ട നടപടിയെക്കുറിച്ച് അഭിപ്രായം ആരാഞ്ഞിട്ടുണ്ട്. അതേസമയം, നിയമന വിവാദത്തില്‍ ഇ പി ജയരാജനെതിരെ കടുത്ത നടപടി ഒഴിവാക്കാന്‍ സി പി എം ശ്രമം തുടങ്ങി. വിജിലന്‍സ് അന്വേഷണം ഉള്‍പ്പെടെ ജയരാജനെതിരെ വരാനിടയുള്ള നിയമപരമായ നടപടിക്രമങ്ങള്‍ മറികടക്കുന്നതിനുള്ള സാധ്യത തേടുകയാണ് സി പി എം. മന്ത്രിയുടെ രാജി എന്ന ആവശ്യം പ്രതിപക്ഷം ഉയര്‍ത്തുന്നുണ്ടെങ്കിലും അത്രയും കടുത്ത നടപടികളിലേക്ക് തത്കാലം പോകില്ലെന്നാണ് സൂചന.

കെ എസ് ഐ ഇ മാനേജിംഗ് ഡയറക്ടറായി പി കെ ശ്രീമതിയുടെ മകന്‍ പി കെ സുധീര്‍ നമ്പ്യാരെയും മന്ത്രി ജയരാജന്റെ സഹോദരന്റെ മകന്റെ ഭാര്യ ദീപ്തിയെ കണ്ണൂരിലെ ക്ലേ ആന്‍ഡ് സെറാമിക്‌സ് ലിമിറ്റഡ് ജനറല്‍ മാനേജരായും മുന്‍ മുഖ്യമന്ത്രി ഇ കെ നായനാരുടെ ചെറുമകന്‍ സൂരജ് രവീന്ദ്രനെ കിന്‍ഫ്രാ ഫിലിം ആന്‍ഡ് വീഡിയോ പാര്‍ക്ക് മാനേജിംഗ് ഡയറക്ടറായും നിയമിച്ചത് അനധികൃതമാണെന്ന് കാണിച്ചാണ് പ്രതിപക്ഷവും ബി ജെ പിയും വിജിലന്‍സ് ഡയറക്ടര്‍ക്ക് കത്ത് നല്‍കിയത്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE