Advertisement

മോഹൻലാലിനെയും ഫാൻസിനെയും ട്രോളി ആരാധകന്റെ കത്ത്

October 16, 2016
Google News 2 minutes Read
twentyfournews-mohanlal

പുലിമുരുകനെ വിമർശിക്കുന്നവർക്കിട്ടെല്ലാം ട്രോളും പരിഹാസവും അസഭ്യവും നിറയ്ക്കുന്ന ഫാൻസിനെയും താരത്തെതന്നെയും ട്രോളി മോഹൻലിന് ഒരു കത്ത്. മോഹൻലാലിന്റെ ആരാധകനാണെന്ന് അവകാശപ്പെട്ടുകൊണ്ടാണ് ചിത്രത്തെയും താരത്തെയും ഫാൻസിനെയും ട്രോളിക്കൊണ്ടുള്ള ഈ കത്ത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒരു മോഹൻലാൽ ഫാൻ എഴുതുന്നതായാണ് കത്ത്.

അസി അസീബ് പുത്തലത്ത് എന്ന പെരുമ്പാവൂരുകാരനാണ് മോഹൻലാലിന് ഈ വൈറലായ കത്ത് എഴുതിയിരിക്കുന്നത്. ഏട്ടാ ഏട്ടനോടുളള ആരാധന മൂത്താണ് ഇങ്ങനെയൊരു കത്തെഴുതുന്നതെന്നും എഴുതി ശീലമുള്ള ഏട്ടനിത് വായിക്കുമെന്നും പറഞ്ഞാണ് ആരംഭിക്കുന്നത്. വീട്ടിൽ ചായ ഇടാൻ പോലും നിവൃത്തിയില്ലെങ്കിലും സൂപ്പർതാരത്തിന്റെ പോസ്റ്റർ പാലിൽ കുളിപ്പിക്കുന്ന ഫാൻസിനെ കണക്കിന് കളിയാക്കുന്നുണ്ട് പോസ്റ്റിൽ.

ഫാൻസിന്റെ പുലികളിക്കായി ഗതാഗതം തടസ്സപ്പെടുത്തിയതടക്കം കത്തിൽ പരാമർശിക്കുന്നുണ്ട്. ‘ഏട്ടൻ പണ്ട് ഓരോ പാർട്ടികൾ വഴിതടഞ്ഞ് പ്രകടനം നടത്തിന്നതിനെതിരെ ബ്ലോഗ് എഴുതിയിട്ട് ഒരുത്തനും മൈൻഡ് ആക്കിയില്ലാലോ. ആ വാശിക്ക് ഞങ്ങൾ ഫാൻസ് ഒന്നാടിപ്പാടി 2 മണിക്കൂർ ടൗണിൽ ബ്ലോക്കുണ്ടാക്കി. ഇന്ന് വരെ ഒരു റിലീസിനും ഇല്ലാത്തത്ര ബ്ലോക്ക് ഉണ്ടാക്കിയതിന്റെ റെക്കോർഡും നമുക്കിരിക്കട്ടെയേട്ടാ. നമുക്കും ഇതൊക്കെ പറ്റുമെന്ന് അവരറിയട്ടെ. ഏട്ടനു സന്തോഷമാകുമെന്നറിയം”, എന്നാണ് അസീബ് പരിഹസിക്കുന്നത്.

കത്തിന്റെ പൂർണ്ണരൂപം

എന്റെ സ്വന്തം ലാലേട്ടന്,
എത്ര നാളായെന്നറിയോ ഏട്ടാ, ഏട്ടനൊന്നെഴുതണമെന്ന് വിചാരിക്കുന്നു. വളരെയധികം സന്തോഷത്തോടെയാണ് ഏട്ടാ ഇതെഴുതുന്നത്. ഓരോന്ന് എഴുതി മാത്രം ശീലമുള്ള എന്റെ ഏട്ടൻ സമയം കിട്ടിയാ ഇത് വായിക്കും എന്നെനിക്കറിയാം.
ഞാൻ ഏട്ടനെ ഒരുപാട് ആരാധിക്കുന്ന ഒരനിയനാണെന്ന് പറയേണ്ടതില്ലല്ലോ. പുലിമുരുകനും ഫാൻസ് പൊങ്കാലയുമൊക്കെ കണ്ട് ഏട്ടനോടുള്ള ആരാധന മനസ് നിറഞ്ഞൊഴുകിയപ്പോൾ ഒന്നെഴുതുന്നതാണ്. കൊറേ നാളായി ഞങ്ങൾ ഫാൻസ് കാത്തിരിക്ക്യാർന്നല്ലോ ആ പടത്തിനായി. എന്തായാലും റിലീസിന്റെ തലേന്ന് തന്നെ റിവ്യു എഴുതി സേവ് ആക്കി വച്ചിട്ടാ ഉറങ്ങാൻ കിടന്നത്.

രാവിലെ തന്നെ അലാറം വച്ചെഴുന്നേറ്റു. രണ്ട് ദിവസമായി വീട്ടിൽ തേയിലയും പഞ്ചാരയും തീർന്നിരിക്കുന്നതുകൊണ്ട് കട്ടൻ ചായ കുടിക്കാൻ നിന്നില്ല. എന്റെയാ തള്ള എന്തോക്കെയോ പറഞ്ഞ് കീറിപ്പൊളിക്കുന്നുണ്ടായിരുന്നു ഏട്ടാ. ഞാനത് കാര്യമാക്കിയില്ല. പിന്നെ എന്റെ ശരിക്കുമുള്ള ചേട്ടനില്ലേ, രാത്രി ഓട്ടോ ഓടിച്ച് വന്ന് ക്ഷീണിച്ച് കിടന്നുറങ്ങുന്നോണ്ട് വണ്ടി ഞാൻ നൈസായി എടുത്ത് പുറത്തേക്കിറങ്ങി. ഇന്നവൻ ഓടാൻ പോയില്ല എന്നോർത്ത് ലോകം ഇടിഞ്ഞൊന്നും വീഴില്ലാലോ..?
നേരെ ഗോപാലൻ ചേട്ടന്റെ വീട്ടിൽ പോയി. കടം വാങ്ങിയ പൈസ ആണേലും രൊക്കം കൊടുത്ത് 10 ലിറ്റർ പാൽ വാങ്ങി. പുലിപ്പാൽ കിട്ടുമോ എന്ന് ആലോചിക്കാതിരുന്നില്ല. പിന്നെ പുലിയെ മെരുക്കി അതിനെ കറന്ന് പാലെടുക്കാൻ ഏട്ടനല്ലാതെ ആർക്കും പറ്റില്ല എന്ന് നാട്ടിലെ പ്രധാന മൂപ്പർ(ൻ) പറഞ്ഞു. എന്തായാലും ഏട്ടനെ പാലിൽ കുളിപ്പിച്ചപ്പോ എന്റെ മനസും വയറും നിറഞ്ഞു.

പിന്നെ ഏട്ടൻ പണ്ട് ഓരോ പാർട്ടികൾ വഴിതടഞ്ഞ് പ്രകടനം നടത്തിന്നതിനെതിരെ ബ്ലോഗ് എഴുതിയിട്ട് ഒരുത്തനും മൈൻഡ് ആക്കിയില്ലാലോ. ആ വാശിക്ക് ഞങ്ങൾ ഫാൻസ് ഒന്നാടിപ്പാടി 2 മണിക്കൂർ ടൗണിൽ ബ്ലോക്കുണ്ടാക്കി. ഇന്ന് വരെ ഒരു റിലീസിനും ഇല്ലാത്തത്ര ബ്ലോക്ക് ഉണ്ടാക്കിയതിന്റെ റെക്കോർഡും നമുക്കിരിക്കട്ടെയേട്ടാ. നമുക്കും ഇതൊക്കെ പറ്റുമെന്ന് അവരറിയട്ടെ. ഏട്ടനു സന്തോഷമാകുമെന്നറിയം.

പിന്നെ സിനിമ തകർത്തു ലാലേട്ടാ. മുഖവും മൂക്കും മീശയും ചുളിപ്പിച്ചോണ്ട് ഏട്ടൻ വിട്ട ആ ‘ഗർർർ..’ ഇപ്പഴും എന്റെ കാതിൽ മുഴങ്ങുന്നുണ്ട്. ഡ്യൂപ്പും റോപ്പുമില്ലാതെ എങ്ങനെ ഈ പ്രായത്തിലും ഇജ്ജാതി ഫൈറ്റിനു പറ്റുന്നു ഏട്ടാ. എന്റെ കൂടെ വന്നൊരുത്തൻ ഡ്യൂപ്പണെന്നൊക്കെ തള്ളുന്നുണ്ടായിരുന്നു. അവനെന്തറിയാം ഏട്ടന്റെ മെയ്‌വഴക്കത്തെപ്പറ്റി.

പിന്നെ ആ ഇക്കിളി ഡയലോഗുകളും വന്നവനും നിന്നവനും പോയവനുമൊക്കെ മുരുകണ്ണനെ പറ്റി പറഞ്ഞതുമൊക്കെ ഒന്നിനൊന്ന് മെച്ചമായിരുന്നു. പിന്നെ ജൂലി ചേച്ചി.!! ഏട്ടനു ജൂലി ചേച്ചിയെ കെട്ടാമായിരുന്നു. അല്ലെങ്കിൽ ലോറിയിലെ കിളിയായെങ്കിലും കൂട്ടാമായിരുന്നു. ഇത് വല്ലപ്പോഴുമൊക്കെ വന്ന് ഒന്ന് കുളിർ കോരിയിട്ടങ്ങ് പോയി. ആ ചേച്ചിക്ക് എന്നാ ഒരു സ്‌ക്രീൻ പ്രസൻസാ. അല്ലാ, അതൊക്കെയാവുമല്ലോ സംവിധായകൻ ഉദ്ദേശിച്ചതും. ഏട്ടൻ പിന്നെ അതൊന്നു ശ്രദ്ധിക്കാറില്ലാലോ. അൽപസ്വൽപം കുടിക്കുമെങ്കിലും പൊതുവെ ഏട്ടന്റെ കഥാപാത്രങ്ങൾ ഏകപത്‌നിവൃതം വിട്ടൊരു കളിയില്ലാലോ..?

ശേഷം കാട്ടിൽ നിന്ന് മംഗലാപുരത്തെത്തിയപ്പോ പടം വേറെ ലെവെൽ ആയെന്ന് പറയണ്ടല്ലോ. ലാഷ്ട് പുലിയെ കൊല്ലാനുള്ള ഓർഡറും, ആ പുലിയെക്കൊണ്ട് വില്ലനെ കൊല്ലിപ്പിച്ചതും എന്നിട്ട് പുലിയെ അണ്ണൻ കൊന്നതും കൊണ്ട് ഹാപ്പി എൻഡിംഗ് ആക്കി എല്ലാം കഴിഞ്ഞ് കൂട്ടുകാരൻ പറയാ ‘ഇതിപ്പോ അനിമൽ പ്ലാനെറ്റും നരനും മാറി മാറി വച്ചാൽ തീരാവുന്നതല്ലേ ഒള്ളു’ എന്ന്. എന്തായലും പുലിയും കാടും അതിന്റെ ഒരു ഭംഗിയും കുട്ടിമുരുകന്റെ വേട്ടയും അവനിഷ്ടപ്പെട്ടു, അതവൻ തുറന്ന് പറഞ്ഞു. അവസാനം അവനൊരെണ്ണം കൊടുത്തു ഞാൻ. അല്ല പിന്നെ.
പടം കഴിഞ്ഞിറങ്ങിയപ്പോ നല്ല വിശപ്പ്. വെറുതെ കൂടെയിരുന്ന ആളോട് നല്ല ബിരിയാണി എവിടെ കിട്ടും എന്ന് ചോദിച്ചു. അങ്ങേരു പറഞ്ഞത് കേൾക്കണം. കാടിന്റെ ഉള്ളിൽ പോയി മസാലക്കൂട്ട് ശേഖരിച്ച്, സ്വയം പൊടിച്ചുണ്ടാക്കി ബിരിയാണി വക്കാൻ ഈ നാട്ടിൽ ആകെ കഴിവുള്ള മുരുകന്റെ ഹോട്ടലിൽ..അല്ല, അപ്‌സര ഹോട്ടലിൽ ചെന്നാൽ സാധനം കിട്ടുമെന്ന്. പുള്ളി ഏട്ടന്റെ കട്ട ഫാനാണെന്നുറപ്പായി.

പിന്നെ നമ്മടെ ഈ പടത്തിനു നെഗറ്റിവ് റിവ്യു എഴുതിയ ആ പെണ്ണുമ്പിള്ളയെ ഞങ്ങൾ പൊങ്കലായിട്ടത് അറിഞ്ഞിരുന്നോ. എന്നാ രസമായിരുന്നെന്നോ. ഏട്ടൻ ഒന്ന് പോയി കാണണം. അഭിമാനം തോന്നും ഏട്ടനെ ചങ്ക് പറിച്ച് സ്‌നേഹിക്കുന്ന ഈ അനിയന്റെയൊക്കെ കമന്റ് കാണുമ്പ്‌പോൾ, ആ ഭാഷാപാണ്ഡിത്യം കാണുമ്പോൾ, തെറികളുടെ ബോംബാസ്റ്റിക് എഫക്ട് കാണുമ്പോൾ. ഏട്ടൻ എഴുതുന്ന ബ്ലോഗിനൊക്കെ ഉപയോഗിക്കാൻ പറ്റിയ നല്ല വാക്കുകൾ അവിടെ കിട്ടും. അല്ലെങ്കിൽ രഞ്ജിത്ത് അണ്ണനെയും കൂട്ടി ഒന്ന് പോയി നോക്കിയാൽ, അടുത്ത പ്രോജക്ടിൽ നായികയുടെ അഹങ്കാരം ഇല്ലാതാക്കി ഏട്ടനോട് പ്രേമം തോന്നിക്കാൻ സാധാരണ ഉപയോഗിക്കുന്ന ഡയലോഗുകളുടെ അതേ അർത്ഥമുള്ള സിമ്പിളായ പ്രയോഗങ്ങൾ ശേഖരിച്ച് വക്കാം.

എന്നാലും കാടുകളിൽ ജനങ്ങൾ പുലിപിടിച്ച് മരിക്കുമ്പോൾ ആ സ്ത്രീക്ക് പുലിമുരുകനെതിരെ എങ്ങനെ റിവ്യു ഇടാൻ കഴിയുന്നു ഏട്ടാ. ഈ നാട് ഇത്ര അധ:പതിച്ച് പോയോ..?

എഴുതണം ഏട്ടാ ഒരു ബ്ലോഗ് കൂടെ. ഞങ്ങൾ ഫാൻസിനു വേണ്ടി. പൊങ്കാലയിടുന്നവർക്ക് വേണ്ടി. എതിരഭിപ്രായവും അനിഷ്ടവും പ്രകടിപ്പിക്കുന്നവരുടെ മുഖമടച്ചൊരടിയായി. ഞങ്ങൾ ഏട്ടൻ ഫാൻസിന്റെ ഭീഷണി എന്ന് പറഞ്ഞാ ആപ ഊപകളെ പോലെ വീട്ടിലിരിക്കുന്നവരെയോ ‘ക’ ‘കു’ ‘മ’ ‘പൂ’ പറയുമെന്നല്ല, മണ്ണടിഞ്ഞ് പോയ 4 തലമുറയെ വിളിച്ചെണീപ്പിച്ച് കളയും എന്ന്.
പിന്നെ..അവസാനം ‘പൈസ മുടക്കി സിനിമ കണ്ടവർ നെഗറ്റിവ് റിവ്യു ഇടുമ്പോൾസ് ഫാൻസ് ഇവിടെ ജീവിച്ചിരിക്കുന്നതെന്തിനു.?’ എന്നുകൂടെ ചേർത്താൽ പൊളിക്കും.
അപ്പോൾ എന്റെ പത്മശ്രീഭരത്ഡോ.ലഫ്. കേണൽകമ്പ്‌ലീറ്റ് അക്ടർ ലാലേട്ടാ, നിർത്തുകയാണ്. സ്‌നേഹത്തോടെ ഏട്ടന്റെ കമ്പ്‌ലീറ്റ് ഫാൻ. ഉമ്മ്വാ..

mohanlal, Facebook

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here