പെൺകുട്ടികളെ മുടി പിന്നിക്കെട്ടാൻ നിർബന്ധിക്കരുതെന്ന് സർക്കുലർ

സ്‌കൂളിലേക്ക് തലമുടി രണ്ടായി പിന്നിക്കെട്ടിവരണമെന്ന് പെൺകുട്ടികളെ നിർബന്ധിക്കാനാവില്ലെന്ന് ഹയർസെക്കന്ററി ഡയറക്ടറുടെ കാര്യാലയം ഇറക്കിയ സെർകുലർ പറയുന്നു.

എന്നാൽ സ്‌കൂളിന്റെ ഭാഗമായി കുട്ടികൾ മുടി ഒതുക്കി വയ്‌ക്കേണ്ടതും അക്കാര്യം സ്ഥാപന മേധാവിയ്ക്ക് നിഷ്‌കർഷിക്കാവുന്നതാണെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു. ബാലാവകാശ കമ്മീഷന്റെ നിർദ്ദേശത്തെ തുടർന്നാണ് സർക്കുലർ ഇറക്കിയിരിക്കുന്നത്.

സംസ്ഥാനത്തെ സർക്കാർ ഹയർസെക്കന്ററി സ്‌കൂളുകളിൽ പെൺകുട്ടികൾ മുടി രണ്ടായി പിന്നിക്കെട്ടണമെന്ന് നിഷ്‌കർഷിച്ചത് ഏറെ വിവാദമായിരുന്നു. സംസ്ഥാനത്തെ സ്‌കൂളുകളിലെ പെൺകുട്ടികളെ മുടി രണ്ടായി പിരിച്ചുകെട്ടുന്നതിന് നിർബന്ധിക്കാൻ പാടില്ലെന്ന് സംസ്ഥാന ബാലാവകാശ കമ്മിഷന്റെ നിർദ്ദേശമുണ്ടായിരുന്നു.

circularമുടി രണ്ടായി പിരിച്ചുകെട്ടാൻ സ്‌കൂൾ അധികൃതർ നിർബന്ധിക്കുന്നുവെന്ന് കാണിച്ച് കാസർകോട് ചീമേനി ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർഥിനി നൽകിയ പരാതിയിലാണ് കമ്മിഷൻ അധ്യക്ഷ ശോഭാ കോശി, അംഗങ്ങളായ കെ.നസീർ, മീന സി.യു. എന്നിവർ നിർദ്ദേശം നൽകിയത്. ഇത് ലിംഗവിവേചനംകൂടിയാണെന്നും പരാതിയിൽ വ്യക്തമാക്കിയിരുന്നു.

പിരിച്ചുകെട്ടുന്നതുമൂലം മുടിക്ക് ദുർഗന്ധം ഉണ്ടാവുകയും തുടർന്ന് മുടി പൊട്ടിപ്പോകുകയും ചെയ്യുന്നു. ഇതൊഴിവാക്കാൻ പെൺകുട്ടികൾ രാവിലെ കുളിക്കാതെ സ്‌കൂളിലെത്താൻ നിർബന്ധിതരാകുന്നതായും പരാതിയിൽ പറഞ്ഞിരുന്നു.

തുടർന്ന് സ്‌കൂളിലെ അച്ചടക്കത്തിന്റെ ഭാഗമായി കുട്ടികൾ മുടി ഒതുക്കിവയ്ക്കണമെന്ന് സ്ഥാപനമേധാവിക്ക് നിഷ്‌കർഷിക്കാം പക്ഷെ അത് മുടി രണ്ടായി പിരിച്ചുകെട്ടിയാവണമെന്ന് നിർദ്ദേശിക്കാൻ അവർക്ക് അവകാശമില്ലായെന്ന് ബാലവകാശ കമ്മിഷൻ നിരീക്ഷിച്ചു. ഇക്കാര്യം വ്യക്തമാക്കി അടിയന്തരമായി ഉത്തരവ് പുറപ്പെടുവിക്കാൻ പൊതുവിദ്യാഭ്യാസ സെക്രട്ടറി, ഡയറക്ടർ, ഹയർ സെക്കൻഡറി ഡയറക്ടർ എന്നിവർക്ക് കമ്മിഷൻ നിർദേശവും നൽകിയിരുന്നു. ഇത്തരം നിബന്ധനകൾ ബാലാവകാശലംഘനമായേ കാണാൻ കഴിയൂ എന്നും കമ്മീഷൻ നിരീക്ഷിച്ചിരുന്നു.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE