“അറസ്റ്റ് ചെയ്യണ്ട, എല്ലാവരേയും കൊന്നെക്കൂ …” ഭോപ്പാൽ വ്യാജ ഏറ്റുമുട്ടലോ ? ജുഡീഷ്യല്‍ അന്വേഷണം

bhopal encounter

ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് തടവുചാടിയ എട്ട് സിമി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനാണ് അന്വേഷണം പ്രഖ്യാപിച്ചത്. റിട്ട ജഡ്ജി എസ്‌കെ പാണ്ഡെയെ അന്വേഷണ കമ്മീഷനായി നിയമിച്ചു.

എട്ടുപേരുടെ കൊലപാതകം വിവാദമായിരുന്നു. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് നേരത്തെ കോണ്‍ഗ്രസ്സും സിപിഎമ്മും ആവശ്യപ്പെട്ടിരുന്നു. സംഭവത്തില്‍ ദുരൂഹതകള്‍ ഏറുന്നതിനിടെയാണ് മുഖ്യമന്ത്രി ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

കഴിഞ്ഞ മാസം 31നാണ് ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് തടവുചാടിയ എട്ടുസിമി പ്രവര്‍ത്തകരെ പോലീസ് വെടിവെച്ച് കൊലപ്പെടുത്തിയത്. സുരക്ഷാ ജീവനക്കാരനെ കൊലപ്പെടുത്തി തടവുചാടിയ പ്രതികളെ ഏറ്റുമുട്ടലിലൂടെയാണ് കൊലപ്പെടുത്തിയതെന്നാണ് പോലീസ് ഭാഷ്യം. എന്നാല്‍ വ്യാജ ഏറ്റുമുട്ടലാണെന്ന തരത്തിലുള്ള തെളിവുകള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.

തടവുചാടിയവരെ കൊലപ്പെടുത്താന്‍ മുന്‍കൂട്ടിതീരുമാനിച്ചിരുന്നുവെന്നതാണ് പുതിയ വിവരം. ഏറ്റുമുട്ടലില്‍ പങ്കെടുത്ത പോലീസുകാരുടെ വയര്‍ലെസ് സന്ദേശങ്ങള്‍ പുറത്തുവന്നിരുന്നു. തടവുചാടിയവരെ അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കേണ്ട. എല്ലാവരേയും വെടിവെച്ച് കൊന്ന് കളഞ്ഞേക്കൂ എന്നാണ് സന്ദേശത്തിലുള്ളത്. ഒരു മിനിറ്റും, ഒമ്പതു മിനിറ്റും ദൈര്‍ഘ്യമുള്ള രണ്ട് സന്ദേശങ്ങളാണ് പുറത്തായിരിക്കുന്നത്.

Judicial enquiry on bhopal conflict

NO COMMENTS

LEAVE A REPLY