കാസ്‌ട്രോ സാമ്രാജ്യത്വവിരുദ്ധ ചെറുത്തുനിൽപ്പിന്റെ പ്രചോദന കേന്ദ്രം; പിണറായി

fidel castro

അന്തരിച്ച കമ്മ്യൂണിസ്റ്റ് വിപ്ലവ നേതാവും മുൻ ക്യൂബൻ പ്രസിഡന്റുമായ ഫിദൽ കാസ്‌ട്രോയെ അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കാസ്‌ട്രോ സാമ്രാജ്യത്വവിരുദ്ധ ചെറുത്തുനിൽപ്പിന്റെ പ്രചോദന കേന്ദ്രമെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഫിദൽ കാസ്‌ട്രോ ക്യൂബൻ കമ്യൂണിസ്റ്റ് പാർടിയുടെ മാത്രമല്ല ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻറെ തന്നെ ധീരനായ നേതാവായിരുന്നു വെന്നും പിണറായി വിജയൻ.

അമേരിക്കൻ സാമ്രാജ്യത്വത്തെ അതിൻറെ തൊട്ടുമുമ്പിൽ നിന്നുതന്നെ ധീരമായി വെല്ലുവിളിച്ച് സോഷ്യലിസ്റ്റ് വ്യവസ്ഥയുടെ അതിജീവനം സാധ്യമാക്കിയ സമാനതകളില്ലാത്ത ശക്തമായ വ്യക്തിത്വത്തിൻറെ ഉടമയായിരുന്നു.

മരണമില്ലാത്ത ഓർമ്മയായി മാറുന്ന ഫിദൽ കാസ്‌ട്രോയ്ക്ക് അന്ത്യാഭിവാദ്യങ്ങളർപ്പിച്ചുകൊണ്ടാണ് പിണറായി പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം
ഫിദൽ കാസ്‌ട്രോ ക്യൂബൻ കമ്യൂണിസ്റ്റ് പാർടിയുടെ മാത്രമല്ല ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻറെ തന്നെ ധീരനായ നേതാവായിരുന്നു. അതിനുമപ്പുറം ലോകത്തെവിടെയുമുള്ള സാമ്രാജ്യത്വവിരുദ്ധ ചെറുത്തുനിൽപ്പിൻറെയും പ്രചോദന കേന്ദ്രമായിരുന്നു. അമേരിക്കൻ സാമ്രാജ്യത്വത്തെ അതിൻറെ തൊട്ടുമുമ്പിൽ നിന്നുതന്നെ ധീരമായി വെല്ലുവിളിച്ച് സോഷ്യലിസ്റ്റ് വ്യവസ്ഥയുടെ അതിജീവനം സാധ്യമാക്കിയ സമാനതകളില്ലാത്ത ശക്തമായ വ്യക്തിത്വത്തിൻറെ ഉടമയായിരുന്നു.
ബാറ്റിസ്റ്റാ ഏകാധിപത്യവാഴ്ചയെ കടപുഴക്കിയെറിഞ്ഞ ഉജ്വലമായ ജനകീയ ഗറില്ലാ പോരാട്ടത്തിൻറെ ധീരനായകനായി കടന്നുവന്ന് ക്യൂബയുടെ ജനകീയ നേതാവായി വളർന്നു അദ്ദേഹം. അതിപിന്നോക്കാവസ്ഥയിൽ നിന്നു തൻറെ നാടിനെയും ജനങ്ങളെയും ഐശ്വര്യത്തിലേക്കും വികസനത്തിലേക്കും നയിച്ചു. ഏകാധിപത്യത്തിൻറെ ഇരുട്ടിൽനിന്ന് പൗരാവകാശങ്ങളുടെയും സ്വാതന്ത്ര്യത്തിൻറെയും വെളിച്ചത്തിലേക്കു നയിച്ചു. സാമ്രാജ്യത്വത്തിൻറെ ഇടതടവില്ലാത്ത ഉപരോധങ്ങളെയും നൂറുകണക്കായ വ്യക്തിഗത വധഭീഷണികളെയും അതിജീവിച്ച് ക്യൂബയെ സോഷ്യലിസ്റ്റ് കോട്ടയാക്കി ഉറപ്പിച്ചുനിർത്തി. ക്യൂബൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻറെ ധീരനായകനായി നിന്നു പൊരുതിക്കൊണ്ടാണ് ഇതൊക്കെ സാധിച്ചത്.
ചെറുപ്പത്തിൽ തന്നെ സാമൂഹ്യനീതിയിൽ ആകൃഷ്ടനായ കാസ്‌ട്രോയ്ക്ക് ക്യൂബൻ മോചനത്തിനുവേണ്ടിയുണ്ടായ എല്ലാ പോരാട്ടങ്ങളെയും മുന്നിൽനിന്നു നയിച്ച ചരിത്രമാണുള്ളത്. ബാറ്റിസ്റ്റാ ഭരണത്തെ തകർക്കാൻ കാസ്‌ട്രോയും 150 സഖാക്കളും ചേർന്ന് മോൺകാടാ മിലിറ്ററി ബാരക് ആക്രമിച്ചതും തുടർന്ന് കാസ്‌ട്രോയെയും സഹോദരൻ റൗൾ അടക്കമുള്ള സഖാക്കളെയും അതിദീർഘകാലം ജയിലിലടച്ചു പീഡിപ്പിച്ചതും മറ്റും മറക്കാനാവാത്ത ചരിത്രമാണ്.
പിന്നീട് മെക്‌സിക്കോയിലേക്കു പോയ കാസ്‌ട്രോ വിപ്ലവത്തിലൂടെ വിമോചനമെന്ന സിദ്ധാന്തത്തിനു പ്രായോഗികരൂപം നൽകിക്കൊണ്ടിരുന്ന എണസ്റ്റോ ചെഗുവേരയുമായി സഹകരിച്ച് നടത്തിയ ഉജ്വലമായ പോരാട്ടങ്ങൾ ലാറ്റിനമേരിക്കയുടെയും ലോകത്തിൻറെ ആകെത്തന്നെയും ചരിത്രഗതിയെ വഴിതിരിച്ചുവിടുന്ന വിധത്തിലായി.
പിന്നീട് ക്യൂബയിലേക്കു തിരിച്ചുവന്ന കാസ്‌ട്രോയുടെ സംഘത്തിലെ മിക്കവരെയും ബാറ്റിസ്റ്റാ ശക്തികൾ കൊലപ്പെടുത്തി. കാസ്‌ട്രോയും റൗളും ചെയും തെക്കുകിഴക്കൻ തീരമായ മലങ്കാടുകളിൽ ചേക്കേറുകയും അവിടെ കേന്ദ്രീകരിച്ച് ചെറുത്തുനിൽപ്പ് സംഘങ്ങളുണ്ടാക്കി ബാറ്റിസ്റ്റാ ഭരണത്തിനെതിരെ ഗറില്ലാ പോരാട്ട പരമ്പരകൾക്കു നേതൃത്വം നൽകുകയുമായിരുന്നു. ആ പോരാട്ടങ്ങളാണ് 1959ൽ ബാറ്റിസ്റ്റാ ഭരണത്തിൻറെ തകർച്ചയ്ക്കും ബാറ്റിസ്റ്റയുടെ പലായനത്തിനും വഴിവെച്ചത്. തുടർന്നാണ് ക്യൂബയുടെ ഭരണാധികാരസ്ഥാനത്തേക്ക് കാസ്‌ട്രോ ഉയർന്നത്.
അമേരിക്കൻ സാമ്പത്തിക ഉപരോധത്തെയും ആക്രമണശ്രമങ്ങളെയും അതിശക്തമായി ചെറുത്തുകൊണ്ടാണ് ക്യൂബയെ സാമ്പത്തിക സ്വയംപര്യാപ്തയിലൂടെ കാസ്‌ട്രോ സോഷ്യലിസ്റ്റ് പാതയിൽ വളർത്തിയത്. ആ ഘട്ടത്തിൽ സോവിയറ്റ് സഹായം ക്യൂബയുടെ അതിജീവനത്തിനു പിന്നിൽ വളരെ പ്രധാനപ്പെട്ട ഘടകമായിരുന്നു. ഐസനോവറും കെന്നഡിയും ബുഷും ഒക്കെ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ക്യൂബയെ കീഴ്‌പ്പെടുത്താൻ കഴിയാതിരുന്നത് കാസ്‌ട്രോയുടെ ഉജ്വലമായ നിശ്ചയദാർഢ്യവും മനക്കരുത്തും ജനകീയ പിന്തുണയും ഭാവനാപൂർണമായ തന്ത്രജ്ഞതയും രാഷ്ട്രീയ ഇച്ഛാശക്തിയും കൊണ്ടാണ്.
പടിപടിയായാണ് കാസ്‌ട്രോ കമ്യൂണിസ്റ്റായി മാറിയത്. ആശയങ്ങൾ മാത്രമല്ല, അനുഭവങ്ങൾ കൂടിയുണ്ട് കാസ്‌ട്രോയെ മാർക്‌സിസ്റ്റ്‌ലെനിനിസ്റ്റാക്കിയതിനു പിന്നിൽ. സാമൂഹ്യനീതിക്കുവേണ്ടിയുള്ള പോരാളി എന്ന നിലയിൽനിന്ന് ഉറച്ച മാർക്‌സിസ്റ്റ്‌ലെനിനിസ്റ്റ് പോരാളി എന്ന ഉയർന്ന തലത്തിലേക്ക് അദ്ദേഹം വളർന്നെത്തുകയായിരുന്നു. ഫ്‌ളോറിഡയിൽനിന്നും 90 കിലോമീറ്റർ മാത്രമകലെ മിസൈലുകൾ നിരത്തി ക്യൂബയെ രക്ഷിക്കുന്നതിനു കാസ്‌ട്രോ നടത്തിയ ശ്രമങ്ങൾ ഒരിക്കൽ കെന്നഡിയെത്തന്നെ ഞെട്ടിച്ചു. ക്യൂബയെ ആക്രമിക്കാനുള്ള അമേരിക്കൻ ശ്രമത്തിന് അങ്ങനെയാണ് കാസ്‌ട്രോ ഒരിക്കൽ തിരിച്ചടി നൽകിയത്. മിസൈൽ ക്രൈസിസ് എന്ന് ആ ഘട്ട ചരിത്രത്തിൽ സ്ഥാനംപിടിച്ചു.
ഏഷ്യനാഫ്രിക്കൻ, ലാറ്റിനമേരിക്കൻ രാജ്യങ്ങളുടെ ഐക്യദാർഢ്യ സംഘടന സ്ഥാപിച്ച കാസ്‌ട്രോ മൂന്നാം ലോകരാജ്യങ്ങളുടെയാകെ പ്രചോദനവും ശക്തിയുമായി പിന്നീടു മാറുന്നതാണ് ലോകം കണ്ടത്. നൂറ്റമ്പതോളം തവണ അമേരിക്കൻ ചാര ഏജൻസിയായ സിഐഎ കാസ്‌ട്രോയെ വധിക്കാൻ പദ്ധതിയിട്ടു. എന്നാൽ, എല്ലാ തവണയും കാസ്‌ട്രോ വിസ്മയകരമാംവിധം രക്ഷപ്പെട്ടു. ചേരിചേരാ പ്രസ്ഥാനത്തിൻറെ വറ്റാത്ത പ്രചോദനകേന്ദ്രമായി കാസ്‌ട്രോ സാമ്രാജ്യത്വ അസഹിഷ്ണുതയെ അതിജീവിച്ച് ഉയർന്നു.
ക്യൂബയിൽ വ്യാപകമായി സ്‌കൂളുകൾ സ്ഥാപിച്ച് സാക്ഷരത ഏതാണ്ട് നൂറുശതമാനമായി ഉയർത്തിയതും എല്ലാ ക്യൂബക്കാർക്കും സൗജന്യ ആരോഗ്യ ചികിത്സാ സൗകര്യം നൽകിയതും ശിശുമരണനിരക്ക് കാര്യമായി കുറച്ചുകൊണ്ടുവന്നതും ഒക്കെ കാസ്‌ട്രോയെ കൂടുതൽ ജനകീയ നേതാവാക്കി.
സോവിയറ്റ് തകർച്ചയെ തുടർന്നുള്ള ഘട്ടത്തിൽ സോഷ്യലിസ്റ്റ് സിദ്ധാന്തങ്ങൾ കാലഹരണപ്പെട്ടു എന്ന സാമ്രാജ്യത്വ പ്രചാരണങ്ങളെ തകർക്കുന്നതിൽ കാസ്‌ട്രോയും ക്യൂബയും വഹിച്ച പങ്ക് ചെറുതല്ല.
മാർക്‌സിസ്റ്റ്‌ലെനിനിസ്റ്റ് സിദ്ധാന്തങ്ങൾ മുറുകെ പിടിച്ചുകൊണ്ട് ‘സോഷ്യലിസം സോഷ്യലിസം മാത്രം’ എന്ന് അദ്ദേഹം ആവർത്തിച്ചുറപ്പിച്ചു. ആ പാതയിൽ തന്നെ ക്യൂബയെ ഉറപ്പിച്ചുനിർത്തി. അത് ലോകത്തെമ്പാടുമുള്ള കമ്യൂണിസ്റ്റുകാർക്ക് പകർന്നുകൊടുത്ത ശക്തിയും ധൈര്യവും വളരെയേറെയാണ്. സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിൻറെ വീറുറ്റ പ്രതീകമായി ക്യൂബയെ ഉയർത്തിനിർത്തുകയായിരുന്നു ഇതിലൂടെയൊക്കെ കാസ്‌ട്രോ.
ചെറുപ്പംതൊട്ടേ എല്ലാ പോരാട്ടങ്ങളിലും ഒപ്പമുണ്ടായിരുന്ന സഹോദരൻ റൗൾ ക്യൂബയുടെ ഭരണച്ചുമതല ഏറ്റശേഷവും കാസ്‌ട്രോയുടെ ഉപദേശനിർദേശങ്ങൾ ക്യൂബയ്ക്കു വളരെ വിലപ്പെട്ടതായിരുന്നു. പിന്നീടുള്ള ഘട്ടത്തിൽ ‘ഫിദലിൻറെ ചിന്തകൾ’ എന്ന പേരിൽ എഴുതിയിരുന്ന പംക്തിയും ‘എൻറെ ജീവിതം’ എന്ന പേരിലുള്ള ആത്മകഥയും ലോകത്തെ വിമോചന പോരാളികൾക്കാകെ പ്രചോദനകരമായി. 90 വർഷത്തിനിടെ അമേരിക്കൻ പ്രസിഡൻറായിരുന്നുകൊണ്ട് ക്യൂബ സന്ദർശിച്ച ഏക വ്യക്തി ബരാക് ഒബാമയാണ്. എന്നാൽ, ആ ഘട്ടത്തിൽപോലും ‘അമേരിക്കൻ സാമ്രാജ്യത്വത്തിൻറെ ഒരു സംഭാവനയും ഞങ്ങൾക്കു വേണ്ട’ എന്നു പ്രഖ്യാപിക്കാനുള്ള ആർജവവും ധീരതയും ആത്മാഭിമാനവും ഫിദൽ കാട്ടി. ചെഗുവേര മുതൽ ഹ്യൂഗോ ഷാവേസ് വരെയുള്ള ധീരരായ എത്രയോ പോരാളികളുമായുള്ള സൗഹൃദം കൂടി ഉൾപ്പെട്ട സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിൻറെ ചരിത്രമാണ് സത്യത്തിൽ ഫിദലിൻറെ ജീവചരിത്രം.
1959ൽ ക്യൂബയിലെ ബാറ്റിസ്റ്റാ ഏകാധിപത്യഭരണത്തെ വിപ്ലവകരമായി തകർത്തെറിഞ്ഞുകൊണ്ട് ഭരണമേറ്റെടുത്ത ഫിദൽ എന്നും ക്യൂബൻ രാഷ്ട്രീയ, സാമൂഹ്യ ജീവിതത്തിൻറെ നിർണായക ചാലകശക്തിയായിരുന്നു. ക്യൂബൻ കമ്യൂണിസ്റ്റ് പാർടിയുടെ ജനറൽ സെക്രട്ടറിയായും ക്യൂബൻ പ്രസിഡൻറായും അദ്ദേഹം കൈക്കൊണ്ട നടപടികൾ ക്യൂബയെ മാതൃകാ സോഷ്യലിസ്റ്റ് രാഷ്ട്രമെന്ന വികസിതവും ക്ഷേമപൂർണവുമായ അവസ്ഥയിലേക്കുയർത്തി.
സിപിഐ എം ജനറൽ സെക്രട്ടറിയായിരുന്ന ഹർകിഷൻസിങ് സുർജിത്തിനോട് കാസ്‌ട്രോയ്ക്കുണ്ടായിരുന്ന സുദൃഢമായ സ്‌നേഹബന്ധം പ്രത്യേകം ഓർമിക്കപ്പെടേണ്ടതാണ്.
കേരളീയർക്ക് ക്യൂബയോടും കാസ്‌ട്രോയോടുമുള്ള സ്‌നേഹവായ്പ്പിനെക്കുറിച്ചു കൂടി പരാമർശിക്കാതെ ഈ കുറിപ്പ് അവസാനിപ്പിച്ചുകൂട. അമേരിക്കൻ ഉപരോധത്തിൽ നട്ടംതിരിഞ്ഞ ക്യൂബയ്ക്ക് വസ്ത്രങ്ങളും മരുന്നും ഭക്ഷ്യവസ്തുക്കളും 90കളുടെ തുടക്കത്തിൽ നമ്മൾ കാര്യമായി പിരിച്ചുനൽകിയിട്ടുണ്ട്.
ഗബ്രിയേൽ ഗാർഷ്യാ മാർക്വേസിനെ പോലുള്ള ഉന്നതരായ എഴുത്തുകാർക്കും മറഡോണയെപ്പോലുള്ള അതിപ്രഗൽഭരായ ഫുട്‌ബോൾ താരങ്ങൾക്കും ഒക്കെ പ്രിയങ്കരനായിരുന്നു കാസ്‌ട്രോ. ക്യൂബയിലെ ഓരോ പൗരൻറെയും ജീവിതസുഹൃത്തായിരുന്നു എന്നതാണു സത്യം. അവരുടെ ജീവിതത്തിൻറെ ഭാഗധേയം നിർണയിക്കുന്നതിൽ ഇടപെട്ട രീതികൊണ്ടാണ് ഫിദൽ ഓരോരുത്തർക്കും പ്രിയങ്കരനായത്.
വിപ്ലവവീരേതിഹാസത്തിൻറെ ധീരപ്രതീകമായി ലോകം എക്കാലവും ഫിദൽ കാസ്‌ട്രോയെ മനസ്സിൽ സൂക്ഷിക്കും. സാമ്രാജ്യത്വവിരുദ്ധ ചെറുത്തുനിൽപ്പിൻറെ ലോകോത്തര മാതൃകകളിലൊന്നായി ഫിദലിനെ ലോകസമൂഹം എന്നും ആദരിക്കും. സോഷ്യലിസ്റ്റ് ഭരണമാതൃകയായി അദ്ദേഹത്തിൻറെ പ്രസിഡൻറ്കാലത്തെ ക്യൂബൻ സാമൂഹ്യ ജീവിതത്തെ ലോകം എന്നും അനുസ്മരിക്കും.
മരണമില്ലാത്ത ഓർമ്മയായി മാറുന്ന ഫിദൽ കാസ്‌ട്രോയ്ക്ക് അന്ത്യാഭിവാദ്യങ്ങളർപ്പിക്കാം.

fidel castro

NO COMMENTS

LEAVE A REPLY