പൂമരം വന്ന വഴി

പൂമരം പാട്ട് ഹിറ്റായപ്പോളും അറിയാതെ പോകുന്നത് അതിന്റെ വരികളുടെ ഉടമയെയാണ്.
മഹാരാജാസ് കോളേജില്‍ നിന്നാണ് ഈ പാട്ടിന് പിന്നാലെ സംവിധായകന് എബ്രിഡ് ഷൈനിന്റെ യാത്ര തുടങ്ങുന്നത്. മഹാരാജാസ് കോളേജിലെ മുന്‍ ചെയര്മാന് നാസ്സില് സഹസംവിധാനായി ഒപ്പം ചേര്‍ന്നതോടെ പൂമരത്തിലേക്കുള്ള യാത്രയ്ക്ക് വേഗതകൂടി. ചിത്രീകരണവുമായി ബന്ധപ്പെട്ട് വീണ്ടും കോളേജില്‍ എത്തിയപ്പോള്‍ ഫൈസല്‍ എബ്രിഡിന്റെ ചൂണ്ടയില്‍ കുരുങ്ങി. അന്നാണ് എബ്രിഡ് ആ ഗാനം ആദ്യമായി കേട്ടത്. ഫൈസലിന് സീനിയേഴ്സില്‍ നിന്നും താഴ്വഴിയായി ലഭിച്ച പാട്ടായിരുന്നു ഇത്.
ഇതിന് ഒരു ഫൈസല്‍ ടച്ച് നല്കി ആല്‍ബമായി ഇറക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു സത്യത്തില്‍ ഫൈസല്‍ അപ്പോള്‍. എന്നാല്‍ എബ്രിഡ് ആവശ്യപ്പെട്ടത് പ്രകാരം ഇത് സിനിമയിലേക്ക് നല്കാന് ഫൈസല്‍ സമ്മതിച്ചു. എങ്കിലും അത് ആര് എഴുതിയ പാട്ടാണെന്ന് അറിയാനുള്ള ആഗ്രഹം എബ്രിഡിന്റെ മനസില്‍ കിടന്നു. ഇക്കാര്യം നാസിലിനോടും എബ്രിഡ് പങ്കുവച്ചു. അന്വേഷണം വീണ്ടും തുടര്‍ന്നു. അവസാനം ഈ അന്വേഷണം സീനിയേഴ്സും സൂപ്പര്‍ സീനിയേഴ്സും കടന്ന് 2007 കാലത്തെ കോളേജ് മുറ്റത്തെത്തി. ഇക്കാലത്ത് ഇവിടെ പഠിച്ചിരുന്ന സുധീഷ് സുധനിലാണ് പാട്ടന്വേഷണം എത്തിയത്. എന്നാല്‍ സുധീഷ് ഈ പാട്ട് കേട്ടത് സുധീഷിന്റെ വീട്ടില്‍ വന്ന പണിക്കാരനില്‍ നിന്നായിരുന്നുവെന്നു വെളിപ്പെടുത്തി. അതോടെ ആ നാല്പഞ്ച് വയസ്സുകാരനായ കൊടുങ്ങല്ലൂര്‍ കാരനാണ് ആ പാട്ടിന്റെ ഉടമ എന്ന് ഉറപ്പിച്ചു. അയാളെ കാണാനുള്ള ശ്രമം തുടരുന്നതോടൊപ്പം പാട്ട് യുട്യൂബില്‍ റിലീസും ചെയ്തു.
പാട്ട് റീലീസ് ചെയ്ത ഉടനെ കൂഴൂരില്‍ നിന്ന് എബ്രിഡിന് ഒരു കോള്‍ എത്തി. കോള്‍ ചെയ്തത് പ്രദീപ് എന്നൊരാളായിരുന്നു. പ്രദീപിന് ഈ പാട്ട് എഴുതിയ വിനോദ് എന്ന ആളെ അറിയാമെന്നാണ് വിവരം ലഭിച്ചത്. ഈ വിവരം അറിയുമ്പോള്‍ സമയം രാത്രി 12 മണി!! എബ്രിഡ് അങ്ങോട്ട് യാത്ര തിരിച്ചു. വിനോദിനെ കണ്ടു. എന്നാല്‍ ഈ പാട്ടിന്റെ അവകാശികളായി മറ്റ് രണ്ട് പേര് കൂടി ഉണ്ടായിരുന്നു എന്നാണ് വിനോദ് വെളിപ്പെടുത്തിയത്. പക്ഷേ അതിലൊരാളുടെ പേര് വിനോദിന് തന്നെ അറിയില്ലായിരുന്നു. കൂട്ടത്തിലെ കണ്ണനെ കണ്ടെത്തിയെങ്കിലും പേരറിയാത്ത ആളെ കണ്ടെത്താനായില്ല. കണ്ണനും വിനോദും ആ രാത്രിയിലിരുന്നു ഓര്‍ത്തെടുത്തു, ആ പൂമരം പൂത്ത രാത്രി. പത്ത് വര്‍ഷം മുമ്പായിരുന്നു ആ സംഭവം. ഇവര്‍ ഒരു കള്ളുഷാപ്പിലിരുന്ന് പാട്ടുപാടുമ്പോള്‍ എത്തിയ അജ്ഞാതനാണ് ഒരു പേപ്പറില്‍ പകര്‍ത്തിയതാണ് ഈ പാട്ട്. പാട്ട് എഴുതിയ ശേഷം അയാള്‍ ഈണത്തില്‍ ആ പാട്ടി കൊട്ടിപ്പാടുകയും ചെയ്തു.സിനിമയിലെ പോലെ കോറസ് പാടി വിനോദും കണ്ണനും. അതിനു ശേഷം ഇവര്‍ ആ അയാളെ കണ്ടിട്ടില്ല. അന്ന് മനസില്‍ കയറിയ പാട്ടി വിനോദും കണ്ണനും മൂളിനടന്നു. എപ്പോഴോ സുധീഷ് അത് കേട്ടു. എഴുതി വച്ചില്ലെങ്കിലും മഹാരാജാസിന്റെ തലമുറകള്‍ അതേറ്റു പാടി. വര്‍ഷങ്ങള്‍ അതിജീവിച്ച് ഈ പാട്ട് ഇപ്പോള്‍ സിനിമയിലും എത്തി.
ഒരു പാട്ടിന് ഇത്രയേറെ വഴികളിലൂടെ ഒറ്റയ്ക്ക് സഞ്ചരിക്കാമെങ്കില്‍ ഇനി ഈ പാട്ട് മലയാളികള്‍ ഏറ്റെടുത്ത സ്ഥിതിയ്ക്ക് ഇനി എത്ര ദൂരം കൂടി പൂമരം സഞ്ചരിക്കും??
(എബ്രിഡ് ഷൈനിന്റെ അഭിമുഖത്തില്‍ നിന്ന്)
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here