ഇതാണ് റിയൽ റയീസ് !!

real life raees

– ബിന്ദിയ മുഹമ്മദ്

ഷാറുഖ് ഖാൻ കേന്ദ്രകഥാപാത്രത്തിൽ എത്തുന്ന റയീസ് എന്ന ചിത്രം ജനം അക്ഷമയോടെയാണ് കാത്തിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലർ അടുത്തിടെയാണ് പുറത്തുവന്നത്. റയീസിൽ ഗുജറാത്തിലെ ക്രിമിനലായാണ് ഷാറുഖ് വേഷമിടുന്നത്. എന്നാൽ 90 കളിൽ ഗുജറാത്തിൽ ഇത്തരത്തിൽ ഒരു ക്രിമിനൽ ഉണ്ടായിരുന്നതായാണ് രേഖകൾ പറയുന്നത്. അബ്ദുൽ ലത്തീഫ് എന്നായിരുന്നു അയാളുടെ പേര്.

ആരായിരുന്നു അബ്ദുൽ ലത്തീഫ് ?

അഹമദാബാദിലെ ചേരികളിലാണ് അബ്ദുൽ ലത്തീഫിന്റെ യാത്ര തുടങ്ങുന്നത്. ചെറുപ്പത്തിൽ ബാറുകളിൽ മദ്യം വിളമ്പിയിരുന്ന ലത്തീഫ് പിന്നീട് മദ്യം ഒളിച്ചു കടത്തുന്ന സംഘത്തിൽ ഒരാളായി. അതിനു ശേഷം പിടിച്ചുപറി, കള്ളക്കടത്ത്, ഹവാല, മുതൽ കൊലപാതകങ്ങൾ പോലുള്ള നിരവധി കുറ്റകൃത്യങ്ങൾ ചെയ്തിട്ടുണ്ട് അബ്ദുൽ ലത്തീഫ്.

എന്നിരുന്നാലും തന്റെ രാഷ്ട്രീയ സ്വാധീനവും, പണവും ഉപയോഗിച്ച് ഗുജറാത്തിലെ പിന്നോക്ക സമുദായത്തിൽ പെട്ട പാവങ്ങൾക്ക് നിരവധി ഉപകാരങ്ങൾ ചെയ്ത് കൊടുത്തിരുന്നു അയാൾ. പാവപ്പെട്ടവർക്ക് ഭക്ഷണവും, പാർപ്പിടവും, തൊഴിൽരഹിതരായ യുവാക്കൾക്ക് ജോലി, തുടങ്ങി നിലവധി സഹായങ്ങൾ ചെയ്തിരുന്നത് കൊണ്ടു തന്നെ ഗുജറാത്തിലെ മുസ്ലിം വിഭാഗങ്ങൾക്കിടയിൽ ഒരു റോബിൻഹുഡ് ഇമേജായിരുന്നു അബ്ദുൽ ലത്തീഫിന്.

ദാവൂദ് ഇബ്രാഹീമിന്റെ കൂട്ടാളി

അധോലോക നായകൻ ദാവൂദ് ഇബ്രാഹീമിന്റെ അടുത്തയാളായിരുന്നു അബ്ദുൽ ലത്തീഫെന്നും പറയപ്പെടുന്നു. 1992 ലെ
മുംബൈ സ്‌ഫോടനത്തിലും കലാപാത്തിലും പ്രതിചേർക്കപ്പെട്ട 198 പേരുടെ പട്ടികയിൽ അബ്ദുൽ ലത്തീഫിന്റെ പേര് ഇല്ലായിരുന്നുവെങ്കിലും, അക്കാലയളവിൽ കറാച്ചിയിൽ താമസിച്ചിരുന്ന അബ്ദുൽ ലത്തീഫ് മിക്ക ദിവസവും ദാവൂദുമായി കൂടിക്കാഴ്ച്ച നടത്താറുണ്ടായിരുന്നുവെന്ന് അബ്ദുൽ ലത്തീഫ് പോലീസിനോട് പറഞ്ഞിട്ടുണ്ട്.

അബ്ദുൽ ലത്തീഫിന്റെ പേരിലുള്ള കേസുകൾ

മൊത്തം 97 കേസുകളാണ് അബ്ദുൽ ലത്തീഫിനെതിരെ ഉള്ളത്. ഇതിൽ 10 എണ്ണം കൊലപാതക കുറ്റങ്ങളാണ്. ബാക്കി ടാഡാ (Terrorist and Disruptive Activities Prevention Act) ചുമത്തിയ കേസുകളും, കള്ളക്കടത്ത് കേസുകളുമാണ്.

അറസ്റ്റ് – എൻകൗണ്ടർ

സിനിമയെയും വെല്ലുന്ന നാടകീയതയോടെയാണ് അബ്ദുൽ ലത്തീഫ് പിടിയിലാവുന്നത്. ഡുദറാത്തിലെയും, രാജസ്ഥാനിലെയും ഓപറേഷൻസിനായി സ്ഥിരമായി ഒരേ പബ്ലിക് ടെലിഫോണാണ് അബ്ദുൽ ലത്തീഫ് ഉപയോഗിച്ചിരുന്നത്.

അങ്ങനെയാണ് ദില്ലി ജുമാ മസ്ജിദ് പരസിരത്തു നിന്നും ഒക്ടോബർ 10 ന് അബ്ദുൽ ലത്തീഫ് അറസ്റ്റിലാവുന്നത്.

1995 കാലഘട്ടങ്ങളിൽ ബിജെപി സർക്കാർ ലത്തീഫിനെ ലക്ഷ്യം ചെയ്തിരുന്നെങ്കിലും, ലത്തീഫ് പാകിസ്ഥാനിലേക്ക് പറന്നു. അക്കാലഘട്ടങ്ങളിൽ ബിജെപി രാഷ്ട്രീയ നേതാക്കളുടെ പ്രസംഗത്തിലെല്ലാം ലത്തീഫിനെ കുറിച്ചും, അയാൾക്ക് ദാവൂദുമായി ഉണ്ടായിരുന്ന ഇടപാടുകളെ കുറിച്ചും പറഞ്ഞിരുന്നു.

ഒക്ടോബറിൽ അറസ്റ്റിലായ ലത്തീഫിനെ സബർമതി സെൻട്രൽ ജയിലിലാണ് താമസിപ്പിച്ചിരുന്നത്. 1997 നവംബർ 29 ന് ജയിൽ ചാടാൻ ശ്രമിച്ച ലത്തീഫിനെ പോലീസ് പിടിക്കുകയും, എൻകൗണ്ടറിൽ വധിക്കുകയും ചെയ്തു…….

സിനിമയുടെ ചിത്രീകരണത്തിന് മുമ്പ് ക്യാരക്ടർ റിസേർച്ചിന്റെ ഭാഗമായി അബ്ദുൽ ലത്തീഫിനെ കുറിച്ച് കൂടുതലറിയാൻ അബ്ദുൽ ലത്തീഫിന്റെ മകൻ മുസ്താക് അഹ്മദ് അബ്ദുൽ ലത്തീഫ് ഷൈഖിനെ ഷാറുഖ ഖാൻ രണ്ട് തവണ സന്ദർശിച്ചിട്ടുണ്ട്.

എന്നാൽ താൻ അബ്ദുൽ ലത്തീഫിന്റെ മകൻ മുസ്താക്കുമായി കൂടിക്കാഴ്ച്ച നടത്തുന്നത് ചില രാഷ്ട്രീയക്കാർ ശ്രദ്ധിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ ഷാറുഖ് മുസ്താക്കുമായി പിന്നീട് അകലം പാലിച്ചു. എന്നാൽ ഷാറുഖിന്റെ ഈ അവഗണനിയിൽ ക്രുബ്ദനായ മുസ്താക് 10 കോടി ആവശ്യപ്പെട്ടുവെന്നും വാർത്തയുണ്ട്.

ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഇതുവരെ ഇത് സ്ഥിതീകരിച്ചിട്ടില്ലെങ്കിലും അബ്ദുൽ ലത്തീഫിനെ തന്നെയാണ് ചിത്രത്തിൽ കാണിച്ചിരിക്കുന്നതെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്.

real life raees

NO COMMENTS

LEAVE A REPLY