‘ബോൾഡ് ആന്റ് ബ്യൂട്ടിഫുൾ’ ഷംന കാസിം

- ഷംന കാസിം/ ബിന്ദിയ മുഹമ്മദ്

ഷംന കാസിം/ ബിന്ദിയ മുഹമ്മദ്

നടന വൈഭവത്തിലൂടെയും അഭിനയ മികവിലൂടെയും മലയാളി പ്രേക്ഷകരുടെ മനം കവർന്ന നടിയാണ് ഷംന കാസിം. 2012 ൽ റീമെയ്ക്ക് ചെയ്ത പമ്മന്റെ ചട്ടക്കാരി (1977) യിലെ ‘ജൂലി’ എന്ന കഥാപാത്രത്തിലൂടെ സിനിമാ ലോകത്ത് തന്റേതായ ഇടം നേടിയ ‘ബോൾഡ് ആന്റ് ബ്യൂട്ടിഫുൾ’ ഷംന കാസിം പ്രേക്ഷകരുമായി പങ്കുവെക്കുന്നു സിനിമയെ കുറിച്ച്, റിയാലിറ്റി ഷോകളെ കുറിച്ച്, വിവാഹ സങ്കൽപ്പത്തെ കുറിച്ച്…

നർത്തകിയിൽ നിന്നും അഭിനത്രേിയിലേക്ക്

സിനിമ ജസ്റ്റ് ഹാപ്പെൻഡ് !! എന്റെ ആദ്യ സിനിമ കമൽ സാറിന്റെ മഞ്ഞ് പോലൊരു പെൺകുട്ടിയായിരുന്നു. പക്ഷെ അപ്പോഴൊന്നും സിനിമ എന്റെ തലയിൽ ഉണ്ടായിരുന്നില്ല. സാറിനോട് ഞാൻ പറഞ്ഞിരുന്നു ഇതെനിക്ക് പറ്റുന്ന കാര്യമല്ലെന്ന്. ചിത്രത്തിലെ നായകനും നായികയും കുടപിടിച്ചും, മെയ്ക്കപ്പ് ചെയ്തും നിൽകുമ്പോൾ ഞങ്ങൾ സഹനടിമാരും നടന്മാരും വെയിലത്ത് നിന്ന് പൊരിയുകയായിരുന്നു.

മോഹൻലാൽ കേന്ദ്രകഥാപാത്രത്തിൽ എത്തിയ ‘അലിഭായ്’ എന്ന ചിത്രത്തിൽ വന്നതിന് ശേഷമാണ് സിനിമയെ കുറിച്ച് സീരിയസായി ചിന്തിക്കുന്നത്.

നർത്തകി/അഭിനേത്രി….ഇതിൽ ആരായി അറിയപ്പെടാനാണ് താൽപര്യം ??

shamna kasim interview അഭിനയവും നൃത്തവും എനിക്ക് ഒരേപോലെയാണ്. അതുകൊണ്ട് തന്നെ ഒരേസമയം അഭിനേത്രിയായും നർത്തകിയായും അറിയപ്പെടാനാണ് എനിക്ക് താൽപര്യം. പക്ഷേ വിവാഹം കഴിഞ്ഞാൽ എത്രനാൾ സിനിമയിൽ നിൽക്കാൻ കഴിയും എന്നെനിക്ക് അറിയില്ല. മലയാളത്തിൽ ഞാൻ അധികം സിനിമകളൊന്നും ചെയ്തിട്ടില്ല, എന്നിട്ടും പ്രോഗ്രാമുകൾ വരുമ്പോൾ പെർഫോം ചെയ്യാൻ ആളുകൾ വിളിക്കുന്നു. പൊതുസ്ഥലങ്ങളിലെല്ലാം ചിലപ്പോ ചെറിയ കുട്ടികൾ അടുത്ത്  വന്ന് പറയും ചേച്ചിയുടെ ഡാൻസ് ഭയങ്കര ഇഷ്ടമാണെന്നൊക്കെ. അതൊക്കെ കേൾക്കുമ്പോൾ സന്തോഷം തോന്നും. ഈ സന്തോഷം വേറെ എന്ത് ചെയ്താലും കിട്ടില്ല.

നിരവധി വിമർശനങ്ങൾ ഏറ്റു വാങ്ങിയ ചിത്രമായിരുന്നു ചട്ടക്കാരി….

ചട്ടക്കാരി ഒരു കൊമേഴ്‌സ്യൽ ഹിറ്റ് ആയിരുന്നില്ല. പക്ഷേ എനിക്ക് കിട്ടിയ റിവ്യൂസ് നല്ലതായിരുന്നു. എന്റെ പ്രകടനത്തെ കുറിച്ച് പറഞ്ഞാൽ ‘യു ഡിഡ് എ ഗുഡ് ജോബ്’ എന്നേ പറയുകയുള്ളു. സിനിമ ഹിറ്റാവുന്നതും ഫ്‌ളോപ്പാവുന്നതും നായകന്റെയോ നായികയുടേയോ കയ്യിൽ അല്ല. സിനിമ എന്ന് പറയുന്നത് ഒരു ഭാഗ്യമാണ്. അതിന് ശേഷമാണ് ടാലന്റ് വരുന്നത്. ചിലപ്പോൾ പൊട്ട പടങ്ങൾ ഹിറ്റാവും. നമ്മൾ തന്നെ വിചാരിക്കും എങ്ങിനെ ഈ പടങ്ങൾ ഹിറ്റായി എന്ന്.

ചട്ടക്കാരി വിജയിക്കും എന്ന് പ്രതീക്ഷിച്ചിരുന്നു. പക്ഷേ പടം വേണ്ടത്ര വിജയം കൈവരിക്കാത്തതിൽ വിഷമമുണ്ട്. അതേ സമയത്ത് തന്നെ തെലുങ്കിൽ റിലീസ് ചെയ്ത ‘അവനു’ ഹിറ്റ് സൃഷ്ടിച്ചിരുന്നു. ഈ വിഷമത്തിൽ ഞാൻ ആ സന്തോഷം അറിഞ്ഞതേയില്ല.

മലയാള സിനിമ കൂടാതെ നിരവധി അന്യഭാഷാ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഏതിനോടാണ് കൂടുതൽ ഇഷ്ടം ??

ഭരത് നായകനായി എത്തിയ മുനിയാണ്ടി എന്ന സിനിമയാണ് എന്റെ ആദ്യ അന്യഭാഷാ ചിത്രം. എനിക്ക് എല്ലാ സിനിമയും ഒരേപോലെയാണ്. മലയാളം എന്റെ മാതൃഭാഷയാണെന്ന് വെച്ച് മലയാളത്തിനോട് കൂടുതൽ ഇഷ്ടമൊന്നും ഇല്ല. തെലുങ്കും തമിഴും എനിക്ക് എന്റെ സ്വന്തം ഭാഷ പോലെ തന്നെയാണ്.

എങ്ങനെയുള്ള കഥാപാത്രങ്ങൾ ചെയ്യാനാണ് ഷംനയ്ക്ക് താൽപര്യം ??

shamna kasim interview

‘അരുന്ധതി’ പോലുള്ള കഥാപാത്രങ്ങൾ കിട്ടിയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചിട്ടുണ്ട്. അത്തരത്തിൽ ഒരു ക്യാരക്ടർ ഞാൻ ‘രാജു ഗാരി ഗദി’ യിൽ ചെയ്തിട്ടുണ്ട്. തെലുങ്കിൽ അനുഷ്‌കയ്ക്ക് ശേഷം അത്തരത്തിലുള്ള കഥാപാത്രം ചെയ്യുന്നത് ഞാനാണ്. അതിൽ ഞാൻ ഗെസ്റ്റ് അപ്പിയറൻസ് ആയിരുന്നു, ഒരു റാണിയുടെ വേഷം. ‘അരുന്ധതി’ ടെലിവിഷനിൽ എപ്പൊ വന്നാലും ഞാൻ കാണും.

മണിചിത്രത്താഴിനോടും എനിക്ക് ഇതേ ഇഷ്ടമുണ്ടെങ്കിലും ‘അരുന്ധതി’ യിൽ കുറേ നൃത്തരംഗങ്ങൾ ഉണ്ട്.

അമൃത ടിവിയിലെ റിയാലിറ്റ് ഷോയിലൂടെയാണ് ഷംന വെള്ളിത്തിരയിൽ എത്തുന്നത്. റിയാലിറ്റി ഷോകളിൽ ‘റിയാലിറ്റി’ കുറവാണെന്ന് തോന്നുന്നുണ്ടോ ??

അതെ. റിയാലിറ്റി ഷോകളിൽ ഇപ്പോൾ നടക്കുന്നത് മത്സരമല്ല മറിച്ച് ചാനലിന് വേണ്ടിയുള്ള പ്രമോഷൻ മാത്രമാണ്. എന്റെ വ്യക്തിപരമായ അനുഭവം വെച്ച് പറയുകയാണെങ്കിൽ അമൃതയിൽ നടന്ന റിയാലിറ്റി ഷോയിൽ ഞാൻ അർഹിക്കുന്നതായിരുന്നില്ല എനിക്ക് ലഭിച്ചത്. ഗ്രാൻഡി ഫിലാലെ കഴിഞ്ഞപ്പോൾ ഇനി ഒരിക്കലും നൃത്തം ചെയ്യില്ലെന്ന് തീരുമാനിച്ചിരുന്നു. എന്നിരുന്നാലും അമൃതയോട് എനിക്ക് കടപ്പാടുണ്ട്. ഷംന എന്ന ഡാൻസറെ കേരളം അറിയാൻ കാരണം അമൃതയിലെ ‘സൂപ്പർ ഡാൻസറാണ്’. ഇപ്പോഴത്തെ റിയാലിറ്റി ഷോകളോടും എനിക്ക് യോജിപ്പില്ല.

റിയാലിറ്റി ഷോ ജഡ്ജായ അനുഭവം

shamna kasim interview

സൂപ്പർ ഡാൻസറിലാണ് ഞാൻ വിധികർത്താവുന്നത്. ഇപ്പോഴത്തെ കുട്ടികൾകൊക്കെ നല്ല ടാലന്റുണ്ടെന്ന് അതിലൂടെ എനിക്ക് മനസ്സിലായി. പക്ഷേ നൃത്തം കുറച്ചുകൂടി സീരിയസായി എടുക്കണമെന്ന് തോന്നി. എല്ലാവർക്കും ചെയ്യാൻ പറ്റുന്ന ഒന്നല്ല നൃത്തം. ഉള്ളിൽ നിന്ന് നാം ഇഷ്ടപ്പെട്ട് ചെയ്താൽ മാത്രമേ കാണികൾക്കും നമ്മുടെ പ്രകടനം ഇഷ്ടപ്പെടുകയുള്ളു.

മിലിയുടെ സംവിധായകൻ രാജേഷ് പിള്ളയ്‌ക്കെതിരെ പറഞ്ഞ വാചകം മാധ്യമങ്ങളിൽ ചർച്ചയായിരുന്നു. എന്താണ് സത്യത്തിൽ സംഭവിച്ചത് ?

മിലി റിലീസായപ്പോൾ ഒരു ചാനലിന് കൊടുത്ത അഭിമുഖത്തിൽ ഞാൻ പറഞ്ഞു ‘ഇതായിരുന്നില്ല രാജേഷ് പിള്ള എന്നോട് പറഞ്ഞത്’ എന്ന്. പക്ഷേ അത് വൻ വിവാധമായി. ഞങ്ങൾ തമ്മിൽ തെറ്റിദ്ധാരണകൾ ഒന്നും ഉണ്ടായിരുന്നില്ല. ആ സംഭവത്തിന് ശേഷവും ഞങ്ങൾ തമ്മിൽ സംസാരിച്ചിരുന്നു.

ഒരു ‘അഹങ്കാരി’ ഇമേജ് ഉള്ളതായി ആരെങ്കിലും പറഞ്ഞിട്ടുണ്ടോ ?

എന്നെ കാണുമ്പോൾ അങ്ങനെ ഒരു തോന്നൽ ഉണ്ടെന്ന് പലരും പറഞ്ഞിട്ടുണ്ട്. ചിലപ്പോൾ എന്റെ ആറ്റിറ്റിയൂടിന്റെ പ്രശ്‌നമായിരിക്കാം അത്. എന്തിനേറെ, രാജേഷ് പിള്ള പോലും പറഞ്ഞിട്ടുണ്ട് ഞാൻ ഒരു ആറ്റിറ്റിയൂഡ് ഗേളാണെന്നാണ് അദ്ദേഹം വിചാരിച്ചിരുന്നത് എന്ന്. അതുപോലെ ഞാൻ അഹങ്കാരമോ ജാഡയോ കൊണ്ടാണ് ഫോൺ എടുക്കാതിരിക്കുന്നത് എന്ന വിചാരിക്കുന്നവരും ഉണ്ട്. പക്ഷേ ഇതൊന്നും ഞാൻ കാര്യമാക്കുന്നേ ഇല്ല.

കുടുംബത്തിൽ നിന്നുമുള്ള സപ്പോർട്ട് ?

shamna kasim interview

ഞാൻ കണ്ണൂർ കാരിയാണ്. എന്റെ കുടുംബത്തിന് സിനിമയുമായി ഒരു ബന്ധവും ഇല്ലായിരുന്നു. ചെറുപ്പത്തിലെ തൊട്ട് ഞാൻ ഒരു നർത്തകി എന്ന പേരിൽ അറിയപ്പെടാനായിരുന്നു അവരുടെ ഇഷ്ടം. ഞാൻ ഡാൻസ് പഠിച്ചിരുന്ന കാലം തൊട്ടേ ശോഭന മാഡം, വിനീതേട്ടൻ എന്നിവരെ കാണിച്ച് ഇതുപോലെ ആവണം എന്നാണ് എന്റെ മമ്മി എന്നോട് പറഞ്ഞിട്ടുള്ളത്.

വിവാഹം ??

വാവഹിതയാവണം. ദാ ഇതാണ് ചെറുക്കൻ, കല്യാണം കഴിച്ചോളു എന്ന് പറഞ്ഞാൽ വിവാഹം കഴിക്കാൻ പറ്റില്ല. വിവാഹം എന്നത് നന്നായി ആലോചിച്ച് എടുക്കേണ്ട തീരുമാനം ആണ്. ഞാൻ നന്നായി സംസാരിക്കുന്നയാളാണ്. അതുകൊണ്ട് തന്നെ ഞാൻ വിവാഹം കഴിക്കുന്ന ആൾ കുറച്ച് റിസേർവ്ഡ് ആയിരിക്കണം. എന്നെ നിയന്ത്രിക്കാൻ പറ്റുന്ന വ്യക്തിയായിരിക്കണം. വിവാഹം കഴിഞ്ഞാലും ഞാൻ അഭിനയവും നൃത്തവും തുടരും.

പ്രണയ വിവാഹം ആണോ താൽപര്യം ?

അങ്ങനെ ഇല്ല. അറേഞ്ച്ഡ് ആണെങ്കിൽ അത് ലവ് കം അറേഞ്ച്ട് ആയിരിക്കണം. അറേഞ്ച്ഡ് മാര്യേജ് ആണെങ്കിൽ തന്നെ ആറ് മാസത്തോളം പ്രണയിച്ചിട്ട് ശേഷം വിവാഹം നിശ്ചയിക്കും. അല്ലാതെ വിവാഹം നിശ്ചയം കഴിഞ്ഞ് പ്രണയം വേണ്ട.

shamna kasim interview

 

NO COMMENTS

LEAVE A REPLY