ഡിഎൽഎഫ് ഫ്ളാറ്റ് സമുച്ചയം പൊളിച്ചുനീക്കേണ്ട; പകരം ഒരു കോടി രൂപ പിഴ

dlf

കൊച്ചി ചിലവന്നൂരിലെ ഡിഎൽഎഫ് ഫ്ളാറ്റ് സമുച്ചയം പൊളിച്ചുനീക്കേണ്ടെന്ന് ഹൈക്കോടതി. പകരം ഒരു കോടി രൂപ പിഴ നൽകാനും ഹൈക്കോടതി വിധിച്ചു. നിയമം ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പിഴ വിധിച്ചത്. പരിസ്ഥിതി വകുപ്പിനാണ് പിഴ നൽകേണ്ടത്.

അഞ്ച് ലക്ഷത്തോളം ചതുരശ്ര അടിയിൽ 154 ഫ്ളാറ്റുകളോടുകൂടിയ 20 നില കെട്ടിടമാണ് ഡി.എൽ.എഫ് ചിലവന്നൂരിൽ നിർമ്മിച്ചിരിക്കുന്നത്.

കോടികളുടെ നിക്ഷേപങ്ങൾ ഫ്ളാറ്റിന് പിന്നിലുണ്ട്. അതുകൊണ്ടുതന്നെ ഇത് പൊളിച്ചാൽ നഷ്ടമാകുന്നത് ജനങ്ങളുടെ പണമാണെന്നും കോടതി. സിംഗിൾ ബഞ്ച് വിധിക്കെതിരെ നൽകിയ ഹരജിയിലാണ് ഡിവിഷൻ ബഞ്ചിന്റെ വിധി.

ഫ്ളാറ്റ് സമുച്ചയം പൊളിച്ചുമാറ്റാൻ കഴിഞ്ഞ ഡിസംബറിൽ ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് ഡിഎൽഎഫ് ഡിവിഷൻ ബഞ്ചിനെ സമീപിച്ചത്.

കെട്ടിടത്തിന് അനുമതി നൽകിയ കൊച്ചി നഗരസഭ നിയമലംഘനം നടത്തിയെന്നും കെട്ടിടത്തിന്റെ തുടർന്നുളള നിർമ്മാണം നിർത്തിവെക്കണമെന്നും തീരദേശ ദേശ പരിപാലന നിയമം ലംഘിച്ചാണ് ഡിഎൽഎഫ് കെട്ടിടം നിർമ്മിച്ചിരിക്കുന്നതെന്നും ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.

എന്നാൽ ഫ്ളാറ്റ് നിർമ്മാണത്തിൽ തീരദേശ പരിപാലന നിയമത്തിന്റെ ലംഘനം നടന്നിട്ടില്ലെന്നായിരുന്നു കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലം.

കേരള സ്റ്റേറ്റ് കോസ്റ്റൽ സോൺ മാനേജ്‌മെന്റ് അതോറിറ്റിയുടെ സബ്കമ്മറ്റി റിപ്പോർട്ട് പ്രകാരം ചിലവന്നൂർ കായലിന്റെ തീര സംരക്ഷണ പരിധി നൂറ് മീറ്ററാണ്. ഇത് പ്രകാരം കെട്ടിട നിർമാണത്തിന് പെർമിറ്റ് നൽകാൻ പാടില്ല.

എന്നാൽ 2007 ൽ തന്നെ കൊച്ചി കോർപറേഷന്റെ ബിൽഡിങ് പെർമിറ്റ് നേടിയെടുത്തായിരുന്നു ഡി.എൽ.എഫ് നിർമ്മാണം പൂർത്തിയാക്കിയത്. ഡി.എൽ.എഫ് നിർമ്മാണം ആരംഭിച്ചത് മുതൽ തന്നെ കായലും കയ്യേറി തുടങ്ങിയതായി പരാതികൾ ഉയർന്നിരുന്നു. എന്നിട്ടും നിർമ്മാണത്തിന് എൻഒസി നൽകുകയായിരുന്നു.

 

dlf

NO COMMENTS

LEAVE A REPLY