Advertisement

“വൺ, ടൂ, ത്രീ…ഫോർ….” മണിയെ തിരിഞ്ഞു കൊത്തിയ പ്രസംഗം

December 24, 2016
Google News 1 minute Read

മന്ത്രിയായ മണി നാവിന്റെ പിഴവിന് പിഴനൽകേണ്ടി വരുമോ ? രാഷ്ട്രീയ കേരളം ചർച്ച തുടങ്ങി. ചാനലുകളിൽ അഭിഭാഷകരും ചർച്ചക്കാരുമായ നിയമ വിദഗ്ധർ മണിയുടെ മന്ത്രിസ്ഥാനം നഷ്ടമാകുമോ എന്നന്വേഷിക്കുകയാണ്. മണിക്കെതിരെ അഞ്ചേരി ബേബി വധം വീണ്ടും ഉയർന്നു വരാൻ കാരണം ചിന്നക്കനാൽ വേണാട് താവളത്ത് 2012 മേയ് 23നു നടത്തിയ ഒരു പ്രസംഗമാണ്. അന്ന് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയായിരുന്നു എം.എം.മണി.

കമ്മ്യൂണിസ്റ് പ്രസ്ഥാനത്തിന്റെ രാഷ്‌ട്രീയ പ്രതിയോഗികളെ പട്ടിക തയാറാക്കി വകവരുത്തിയെന്നുള്ള വെളിപ്പെടുത്തലിലൂടെയാണ് മണി സി പി എമ്മിനെ പ്രതിരോധത്തിലാക്കിയത്. ‘‘ ഞങ്ങൾ ഒരു പ്രസ്‌താവനയിറക്കി…. …വൺ, ടൂ, ത്രീ…ഫോർ….ആദ്യത്തെ മൂന്നു പേരെ ആദ്യം കൊന്നു. വെടിവച്ചാണ് ഒന്നിനെ കൊന്നത്. ഒരാളെ തല്ലിക്കൊന്നു. മൂന്നാമനെ കുത്തിക്കൊന്നു. ഇതോടെ അടി പേടിച്ച് കോൺഗ്രസുകാർ ഖദർ വലിച്ചെറിഞ്ഞ് ഓടി. ഞങ്ങളിതെല്ലാം കുറെ കണ്ടതാണ്. മനസിലായില്ലേ, കണ്ടും കൈകാര്യം ചെയ്‌തും ശീലമുണ്ട്…’’ അന്ന് മണിയുടെ പ്രസംഗത്തെ രസിച്ചു കേട്ടവർ പക്ഷെ പിന്നാലെ വരുന്ന പ്രശ്നത്തിന്റെ വ്യാപ്തിയെ തിരിച്ചറിയില്ല.

mani_660_112112022447

‘‘ചുവന്ന കൊടി പിടിക്കുന്നതു കൊണ്ടും എൽഡിഎഫിൽ ആയതിനാലുമാണ് സിപിഐയെ അടിക്കാത്തത്. സിപിഎമ്മുകാർ അടി തുടങ്ങിയാൽ സിപിഐക്കാർ ഇവിടെയുണ്ടാകില്ല. ചിന്നക്കനാൽ മേഖലയിൽ എഐടിയുസി നമ്മളെ അംഗീകരിക്കുന്നില്ല. സിപിഐ സിപിഎമ്മിനെ ഉപദ്രവിക്കുകയാണ്. തല്ലിനു തല്ലും പലിശയും കൊടുക്കണം. അടി നമ്മൾ ഒഴിവാക്കിയിട്ടില്ല. പി.ടി.തോമസ് എംപിയുടെ സഹായം തേടുന്നവർ ആണും പെണ്ണും കെട്ടവനാണ്. ഇവരെയൊക്കെ പൂരത്തെറി പറയണം. പെണ്ണുങ്ങൾ ഇരിക്കുന്നതിനാൽ ഒന്നും പറയുന്നില്ല. ഞങ്ങളെ തല്ലി ഒതുക്കിയതു കൊണ്ടൊന്നും നിങ്ങൾ എഐടിയുസിക്കാർ ശക്‌തിപ്പെടാൻ പോകുന്നില്ല. നിങ്ങൾ തകർന്നേ പറ്റൂ. തകർക്കുക തന്നെ ചെയ്യും. അല്ലേ കണ്ടോ? ഏതു ചെറ്റകൾ വന്നാലും ഞങ്ങളെ ഒന്നും ചെയ്യാൻ പറ്റില്ല. മറ്റേപ്പണി കാണിച്ചാൽ അത്യാവശ്യം അടിയാകാം. അടിച്ചാൽ സൂപ്പാക്കണം. നല്ല ഇടിവച്ചു കൊടുക്കണം. കേസൊക്കെ കൈകാര്യം ചെയ്യാം. ബാക്കിയൊക്കെ പിന്നാലെ പാക്കലാം. ” പ്രസംഗത്തിന്റെ മുന സി പി ഐയിലേക്കും നീണ്ടതോടെ മുന്നണിയിലും പ്രശ്നമായി.

“ചന്ദ്രശേഖരനെ ആരോ ഗൂഢാലോചന നടത്തി കൊന്നു. ഇപ്പോ നമ്മുടെ തലേ കെട്ടിവയ്‌ക്കാൻ നോക്കുവാ… ലോക്കൽ കമ്മിറ്റിക്കാരെ ഒക്കെ പിടിച്ചുകൊണ്ട് പോയി…. കളള സാക്ഷി ഉണ്ടാക്കി… പൊലീസല്ലേ, നല്ല തല്ലും വച്ച് കൊടുത്ത് ഒരു കഥയുണ്ടാക്കി ” ഏറെ കോളിളക്കമുണ്ടാക്കിയ ചന്ദ്രശേഖരൻ വധത്തെയും മണി പരാമർശിച്ചു.

mm-mani_647_112216121829-1

സി പി എം വിഭാഗീയതയുടെ കാലത്ത് വി എസിനൊപ്പം നിലകൊണ്ട മണി മൂന്നാർ ഓപ്പറേഷൻ കാലത്ത് പിണറായിക്കൊപ്പം കൂടി. വി എസ്സിനോടുള്ള വിരോധം ഉറപ്പിക്കാനും ചിന്നക്കനാൽ പ്രസംഗം മണി പ്രയോജനപ്പെടുത്തി. ചന്ദ്രശേഖരന്റെ വീട്ടിൽ കെ കെ രമയെ കണ്ട വി എസ്സിന്റെ നടപടിയെ ആണ് മണി കളിയാക്കിയത്. അതിങ്ങനെ. “… ആ നിലയിലാണ് കാര്യങ്ങൾ. അതിൽ നമ്മുടെ കാർന്നോരും ചെറിയ പങ്ക് വഹിച്ചു. വിഎസ് കാർന്നോര് ! പുള്ളി അവിടെ ചെല്ലുന്നു… ഹോ..! ഹ… പിന്നെ ഇങ്ങ് ഇറങ്ങി വന്നപ്പോ ഒരു പ്രസംഗം… ഉത്തമനായ കമ്യൂണിസ്‌റ്റ്…. ഏതാ… ചെറ്റത്തരം കാണിക്കുന്നവനാ കമ്യുണിസ്‌റ്റ്…. ഹ… ധീരനായ കമ്യൂണിസ്‌റ്റാണെന്നും പറഞ്ഞ് പുളളീടെ ഒരു വക… എങ്ങനെയാ ശരികുന്നേ… അതാണ് പ്രശ്‌നം…. കെ. എം മാണിയാണേ ഇത് തെരു തെരെ പറഞ്ഞുകൊണ്ടിരിക്കുവാ… ആര്യാടൻ മുഹമ്മദ് എന്ന് പറയുന്ന വേറൊരുത്തനുണ്ട്… പുളളീടെ ഒരു ഗുണം, കണ്ടാൽ നല്ല …. പോലെ ഇരിക്കും. മോന്ത കണ്ടാൽ നല്ല …. പോലെ … പുളളി പറയുന്നു അച്യുതാനന്ദൻ ധീരനായ പോരാളിയാ, രാജിവച്ച് പോരു എന്ന്. പ്രിയപ്പെട്ട സഖാക്കളെ, എന്താ അച്യുതാനന്ദൻ സഖാവ് പറയേണ്ടത്…. ‘പോടാ എമ്പോക്കി’, എന്ന്. അത് പുളളി പറയില്ല. പുളളി അങ്ങനെ ഇരിക്കുവാ. കുടിക്കുന്ന വെള്ളത്തിൽ മോശത്തരം കാണിക്കുകയാണ് വിഎസ്. ചന്ദ്രശേഖരനെ ആക്രമിച്ചത് സിപിഎം അല്ല. ചന്ദ്രശേഖരൻ ധീരനായ കമ്മ്യൂണിസ്‌റ്റാണെന്നാണ് വിഎസ് പറയുന്നത്. പാർട്ടിക്കുള്ളിൽ നിന്നു പാർട്ടിയെ തകർക്കാനാണ് ചന്ദ്രശേഖരൻ ശ്രമിച്ചത്. ചെറ്റത്തരം കാണിക്കുന്നവനാണോ ഉത്തമൻ. അതു കൊണ്ടാണ് പിണറായി വിജയൻ ചന്ദ്രശേഖരനെയും കൂട്ടരെയും കൂലംകുത്തികളെന്നു വിളിച്ചത്. ”

അഞ്ചേരി ബേബി 1982 നവംബർ 12നാണ് കൊല്ലപ്പെട്ടത്. മണി ഉൾപ്പെട്ട ഏഴുപേരെയാണ് കേസിൽ ആദ്യം പ്രതിചേർത്തത്. എന്നാൽ സാക്ഷികൾ കൂറുമാറിയതിനാലും മറ്റും 1985 മാർച്ചിൽ കേസ് കോടതി തള്ളി. യൂത്ത് കോൺഗ്രസ് ഉടുമ്പൻചോല ബ്ലോക്ക് സെക്രട്ടറിയായിരുന്നു അഞ്ചേരി ബേബി.

പിന്നീട് മണി നടത്തിയ വിവാദ പ്രസംഗമാണ് കേസ് പുനരന്വേഷിക്കുന്ന സ്ഥിതിയിലേക്ക് എത്തിച്ചത്. ഐജി പത്മകുമാറിന്റെ നേതൃത്വത്തിൽ കേസ് വീണ്ടും അന്വേഷിച്ചു. 2012 നവംബർ 21 മണിയെ അറസ്റ്റ് ചെയ്ത് പീരുമേട് സബ് ജയിലിൽ അടച്ചു. 44 ദിവസം ജയിലിൽ കിടന്ന മണിക്ക് ഉപാധികളോടെ 2013 ജനുവരി മൂന്നിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here