നന്ദബാലയുടെ അഭിനയ മികവിന് കേന്ദ്രത്തിന്റെ അംഗീകാരം

ഇത് നന്ദബാല. ഇത്തവണത്തെ കേന്ദ്ര സാസ്കാരിക വകുപ്പിന്റെ നാടകത്തിന്റെ സിസിആര്‍ടി സ്കോളര്‍ഷിപ്പ് എറണാകുളം സ്വദേശിയായ നന്ദബാലയ്ക്കായിരുന്നു. ഇന്ത്യയില്‍ നിന്ന് കേവലം 22 പേര്‍ക്കാണ് ഈ സ്ക്കോളര്‍ഷിപ്പ് ലഭിച്ചത് എന്ന് കൂടി പറഞ്ഞാലേ ഈ അംഗീകാരത്തിന്റെ മികവ് കൃത്യമായി മനസിലാകൂ.

ലോകധര്‍മ്മിയുടെ കുട്ടികളുടെ നാടക സംഘമായ മഴവില്ലിലെ അംഗമാണ് നന്ദബാല. തേവയക്കല്‍ വിദ്യോദയ സ്ക്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ നന്ദബാല ഒന്നാം ക്ലാസ് മുതല്‍ നാടകത്തിന്റെ ലോകത്ത് സജീവമാണ്. എഴുത്തിലും പാട്ടിലും നൃത്തത്തിലും സമ്മാനങ്ങള്‍ വാങ്ങുമ്പോഴും നാടകത്തിലും അഭിനയത്തിലും ഉള്ള നന്ദബാലയുടെ കഴിവ് വേറിട്ടുനിന്നു.

രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഹയവദന എന്ന നാടകത്തിന്റെ മുഖ്യ കഥാപാത്രത്തെ അരങ്ങില്‍ അവതരിപ്പിക്കുമ്പോള്‍ നന്ദബാലയ്ക്ക് ആറ് വയസ്സ് തികഞ്ഞിരുന്നില്ല. പിന്നീട് അങ്ങോട്ടുള്ള നന്ദബാലയുടെ എല്ലാ യാത്രകള്‍ക്കും നാടകത്തിന്റെ പിന്‍ബലത്തോടെയായിരുന്നു. ചിപ്കോ ചിപ്കോ, പട്ടങ്ങള്‍ പറക്കുമ്പോള്‍, ചരണ്‍ദാസ് ചോര്‍ തുടങ്ങി നിരവധി നാടകത്തില്‍ നന്ദബാല അരങ്ങിലെത്തി.

കഴിഞ്ഞ ഏഴ് വര്‍ഷമായി പ്രൊഫസര്‍ ചന്ദ്രദാസിന്റെ ശിക്ഷണത്തിലാണ് നാടക പഠനം. സൂര്യ ഫെസ്റ്റിവെല്ലിലും, സ്വരലയ സാസ്കാരിക സന്ധ്യകളിലും നന്ദബാലയുടെ സാന്നിധ്യമുണ്ട്. നാടകത്തോടുള്ള ആ അടങ്ങാത്ത അഭിനിവേശത്തിന്റെ അംഗീകരമായി ഇപ്പോള്‍ സ്കോളര്‍ഷിപ്പും തേടിയെത്തി.

6d43141c-e06f-455f-87be-8d5235f909fe

മൂന്നാം ക്ലാസില്‍ വച്ച് താന്‍ എഴുതിയ കവിതകള്‍ എഴുതി പബ്ലിഷ് ചെയ്തിട്ടുണ്ട് നന്ദബാല. മഴവില്ല് കൊണ്ട് വരച്ച തത്തക്കിളി എന്ന ആ കവിതാ സമാഹാരത്തില്‍ എട്ട് വയസ്സുകാരിയുടെ മനസിലെ കാല്പനിക ചിത്രങ്ങള്‍ മാത്രമല്ല വരികളായി ഇറങ്ങിയെത്തിയത്. മറിച്ച് ലോകത്തെ കുറിച്ചുള്ള ആകുലതകളും കൊച്ചു കൊച്ചു കാഴ്ചപാടുകളുമായിരുന്നു.

പഠനത്തിന് പുറമെ നാടകവും , ന‍ൃത്തവും സംഗീതവുമായി മുന്നോട്ട് പോകുമ്പോഴും നന്ദബാലയുടെ മനസില്‍ ഒരു സ്വപ്നമുണ്ട്, ഐഎഎസ്. സമൂഹത്തിന്റെ നന്മയ്ക്ക് ഏത് തലത്തില്‍ നിന്ന് പ്രവര്‍ത്തിക്കാനും നന്ദബാലയുടെ മനസ് ഇന്നേ സജ്ജമാണ്. എങ്കിലും നാടകത്തെ ജീവിതത്തില്‍ നിന്ന് ഒഴിവാക്കില്ലെന്നും നന്ദബാല പറയുന്നു. തൃക്കാക്കര നന്മയില്‍ സുശീന്ദ്രന്റേയും സന്ധ്യാ ബാലസുമയുടേയും മകളാണ് നന്ദബാല.

NO COMMENTS

LEAVE A REPLY