Advertisement

ഡികാപ്രിയോ മുതൽ ജയസൂര്യവരെ

December 31, 2016
Google News 1 minute Read
2016 awards

ഒരു വർഷം കൂടി കൊഴിഞ്ഞുപോവുകയാണ്. നല്ല വാർത്തകളും മോശം വാർത്തകളും സമ്മിശ്രം നിറഞ്ഞ 2016 പുരസ്‌കാരങ്ങളുടെയും കൂടി വർഷമായിരുന്നു. ആഗ്രഹിച്ചവർക്കും അർഹതയുള്ളവർക്കും അപ്രതീക്ഷിത സമ്മാനങ്ങൾ ലഭിച്ച വർഷം.

നൊബേൽ സമ്മാനം

പുരസ്‌കാരങ്ങളിൽ പരമോന്നത സ്ഥാനമാണ് നൊബേൽ സമ്മാനത്തിന്. ഈ വർഷത്തെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം സ്വന്തമാക്കിയത് അമേരിക്കൻ സാഹിത്യകാരൻ ബോബ് ഡിലനാണ്. അമേരിക്കൻ പൗരാണിക സംഗീതത്തിന് പുതിയ മാനം നൽകിയതിനാണ് പുരസ്‌കാരം. എന്നാൽ അദ്ദേഹം പുരസ്‌കാരത്തോട് പ്രതികരിക്കാതിരുന്നത് കഴിഞ്ഞ വർഷം സാഹിത്യ ലോകത്തിൽതന്നെ വലിയ ചർച്ചയായിരുന്നു. അഹങ്കാരിയായ ഡിലന് സമ്മാനം നൽകേണ്ടിയിരുന്നു എന്നു വരെ സാഹിത്യലോകത്ത് നിന്ന് മുറുമുറുപ്പുകളുയർന്നു. ഒടുവിൽ ഇത്രയും വലിയ പുരസ്‌കാരം ആരും ആഗ്രഹിക്കുന്നതെന്ന് ഡിലൻ പ്രതിതകരിച്ചതോടെ വിവാദങ്ങളും അടങ്ങി.

nobel bob dylenലോകത്തെ ഞെട്ടിച്ച സംഭവങ്ങളിലൊന്നായിരുന്നു കൊളംബിയയിൽ സർക്കാരും മാർക്‌സിസ്റ്റ് വിമതരായ റവലൂഷനറി ആംഡ് ഫോഴ്‌സും തമ്മിലുണ്ടാക്കിയ സമാധാന ഉടമ്പടി ഹിത പരിശോധനയിൽ പരാജയപ്പെട്ടത്. എന്നാൽ ഉടമ്പടി പരാജയപ്പെട്ടെങ്കി ലും ഉടമ്പടിയ്ക്ക് നേതൃത്വം നൽകിയ പ്രസിഡന്റ് ജുവാൻ മാനുവൽ സാൻറോസിന് സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചു. രാജ്യത്തെ ആഭ്യന്തര യുദ്ധം അവസാനിപ്പിക്കുന്നതിന് നേതൃത്വം നൽകിയതിനാണ് പുരസ്‌കാരം.

colombian-presidentഖര പദാർത്ഥങ്ങളിൽ ഉണ്ടാകുന്ന അപ്രതീക്ഷിത മാറ്റങ്ങളെ കുറിച്ചുളള പഠനത്തിനാണ് 2016ല ൽ ഊർജതന്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരം ലഭിച്ചത്. ബ്രിട്ടീഷുകാരായ ഡവിഡ് ജെ തൗളസ്, എഫ്.ഡങ്കൻ എം ഹാൽഡെയ്ൻ, ജെ. മൈക്കൽ കോസ്റ്റർലിറ്റ്‌സ് എന്നിവരാണ് പുരസ്‌കാരം പങ്കിട്ടെടുത്ത ശാസ്ത്രജ്ഞർ.

Nobel വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം യോഷിനോരി ഒഷുമിയും സാമ്പത്തിക ശാസ്ത്രത്തിനുള്ള പുരസ്‌കാരം ബെങ്ക്ട് ഹോംസ്‌റ്റോമും കരസ്ഥമാക്കി. രസതന്ത്രത്തിനുള്ള നൊബേൽ സമ്മാനം ബെൻ ഫെറിങ്ക. ഫ്രേസർ സ്റ്റോഡർട്ട്, ജീൻ പിയറി സോവേജ് എന്നിവർ പങ്കിട്ടു.

ഓസ്‌കാർ

ലിയനാർഡോ ഡി കാപ്രിയോയ്ക്ക് ഓസ്‌കാർ പുരസ്‌കാരം ലഭിച്ചത് ലോകത്തെ തന്നെ ഏറ്റവും വലിയ ആഘോഷമായാണ് ആരാധകർ കൊണ്ടാടിയത്. അഞ്ച് തവണ ഓസ്‌കാറിന് നോമിനേഷൻ ചെയ്ത ടൈറ്റാനിക് നായകനെ ഇത്തവണയാണ് ആ വലിയ അംഗീകാരം തേടിയെത്തിയത്. അലെക്‌സാണ്ടർ ഗോൺസാലസ് ഇനാരിത്തുവിന്റെ ദ റെവനെന്റ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് കാപ്രിയോയ്ക്ക് പുരസ്‌കാരം ലഭിച്ചത്. ഇനാരിത്തുവിനെ മികച്ച സംവിധായകനായും തെരഞ്ഞെടുത്തു.

leonardo de capriyoമികച്ച നടി റൂം എന്ന ചിത്രത്തിലൂടെ ലൈംഗികാതിക്രമങ്ങൾക്ക് ഇരയായ സ്ത്രീയുടെ ആന്തരിക സംഘർഷങ്ങൾ തന്മയത്തത്തോടെ സ്‌ക്രീനിൽ പ്രതിഫലിപ്പിച്ച ബ്രി ലാർസന് ലഭിച്ചു. ടോം മെക്കാർത്തി സംവിധാനം ചെയ്ത സ്‌പോട്ട് ലൈറ്റ് ആണ് ഈ വർഷത്തെ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത്.

ജാക്കിച്ചാന് ഓസ്‌കാർ ലഭിച്ചതായിരുന്നു 2016 ലെ മറ്റൊരു പുരസ്‌കാര തിളക്കം. നടനും സംവിധായകനും സ്റ്റണ്ട് മാസ്റ്ററുമെല്ലാമായ ജാക്കി ചാനെ തേടി പുരസ്‌കാര മെത്താൻ അദ്ദേഹത്തിന് 2016 വരെ കാത്തിരിക്കേണ്ടി വന്നു എന്നുമാത്രം. ലോസ് ഏഞ്ചൽസിൽവച്ച് നടന്ന ഗവർണർസ് അവാർഡ് ചടങ്ങിലാണ് ജാക്കി ചാന് ഓസ്‌കാർ സമ്മാനിച്ചത്. 200 സിനിമകൾക്കും, അതിലുപരി പരിക്കുകൾക്കും ശേഷം ഒടുവിൽ തന്നെ തേടി ഈ പുരസ്‌കാരം വന്നുവെന്നായിരുന്നു ഓസ്‌കാർ നേടിയ അദ്ദേഹത്തിന്റെ പ്രതികരണം.

സംസ്ഥാന-ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ

ചലച്ചിത്ര പുരസ്‌കാരങ്ങൾക്ക് ഏറെ വിമർശനങ്ങൾ കേൾക്കേണ്ടി വന്ന വർഷം കൂടിയായിരുന്നു 2016. കലാമൂല്യമുള്ള ചിത്രങ്ങളെയല്ല പകരം ജനപ്രിയ ചിത്രങ്ങളെയാണ് തെരഞ്ഞെടുത്തതെന്നും നല്ല ചിത്രങ്ങളെ തഴഞ്ഞുവെന്നും ഏറെ വിവാദങ്ങൾ കേൾക്കേണ്ടി വന്നു കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിർണ്ണയ സമിതിയ്ക്ക്.

ദുൽഖറിനെ മികച്ച നടനായ് തെരഞ്ഞെടുക്കുകയും ചാർളി, എന്ന് നിന്റെ മൊയ്തീൻ എന്നീ ചിത്രങ്ങൾ പുരസ്‌കാരങ്ങൾ വാരിക്കൂട്ടുകയും ചെയ്തപ്പോൾ ചലച്ചിത്ര പുരസ്‌കാരങ്ങൾ ജനപ്രിയത മാത്രമാണ് മാനദണ്ഡമാക്കുന്നതെന്ന് വിമർശനങ്ങൾ ഉയർന്നു. മികച്ച ചിത്രമായി തെരഞ്ഞെടുത്തത് സനൽകുമാർ ശശിധരന്റെ ഒഴിവ് ദിവസത്തെ കളിയാണ്. മികച്ച നടിയായി ചാർളിയിലെയും എന്ന് നിന്റെ മൊയ്തീനിലെയും അഭിനയത്തിന് പാർവ്വതി തെരഞ്ഞെടുക്കപ്പെട്ടു.

allചാർളിയുടെ സംവിധായകൻ മാർട്ടിൻ പ്രക്കാട്ടാണ് മികച്ച സംവിധായകൻ. മറ്റ് വർഷങ്ങളിൽനിന്ന് വ്യത്യസ്തമായി ഈ വർഷം പുരസ്‌കാരദാനം ജനകീയമായി ആഘോഷിക്കുകയും ചെയ്തു. കോലങ്ങളുടെ സംവിധായകൻ കെ ജി ജോർജിന് ജെ സി ഡാനിയൽ പുരസ്‌കാരം നൽകി അക്കാദമി ആദരിച്ചു.

jayasuryaദേശീയ പുരസ്‌കാരം പ്രഖ്യാപിച്ചപ്പോൾ മികച്ച ചിത്രമായി തെരഞ്ഞെടുത്തത് ബാഹുബലി ആയിരുന്നു. മികച്ച സംവിധായകനായി ബാജിറാവു മസ്ദാനി ഒരുക്കിയ സഞ്ജയ് ലീല ബൻസാലി തെരഞ്ഞെടുക്കപ്പെട്ടു. ഇരു പുരസ്‌കാരങ്ങളും ജനപ്രിയതയുടെ അളവുകോലിലാണ് തെരഞ്ഞെടുത്തതെന്ന വാദങ്ങളും പുരസ്‌കാര സമിതിയ്‌ക്കെതിരെ വിമർശനങ്ങളുമായി സിനിമാ പ്രവർത്തകർ രംഗത്തെത്തിയതും 2016 ൽ.

മികച്ച നടനായി പിക്കുവിലെ അഭിനയത്തിന് അമിതാഭ് ബച്ചനും മികച്ച നടിയായി തനു വെഡ്‌സ് മനു റിട്ടേൺസിലെ അഭിനയത്തിന് കങ്കണ റണോട്ടും അർഹരായി. ഈ വർഷത്തെ ഓസ്‌കാർ നാമനിർദ്ദേശ പട്ടികയിൽ ഉൾപ്പെട്ട വിസാരണൈ എന്ന തമിഴ് ചിത്രത്തിലെ അഭിനയമികവിന് സമുദ്രക്കനി സഹനടനായും ബാജിറാവു മസ്ദാനിയിലെ അഭിനയത്തിന് തൻവി ആസ്മിയും തെരഞ്ഞെടുക്കപ്പെട്ടു.

baahubali-amitabh-piku-kangana-tanu759മലയാളത്തിനും ദേശീയ അവാർഡുകൾ ലഭിച്ച വർഷമായിരുന്നു 2016. എന്ന് നിന്റെ മൊയ്തീനിലെ കാത്തിരുന്നു കാത്തിരുന്നു എന്ന ഗാനത്തിന് സംഗീതം നിർവ്വഹിച്ച എം ജയചന്ദ്രനാണ് മികച്ച സംഗീത സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടത്. മികച്ച ബാലതാരമായി ബെൻ എന്ന ചിത്രത്തിനലെ അഭിനയത്തിന് ഗൗരവ് മേനോൻ പുരസ്‌കാരം കരസ്ഥമാക്കി.

മലയാളത്തിന്റെ ജനപ്രിയ നടൻ ജയസൂര്യയ്ക്ക് മികച്ച ജൂറി പരാമർശം ലഭിച്ചതും ഏറെ ആഘോഷിക്കപ്പെട്ടു. മികച്ച മലയാളം ചിത്രത്തിനുള്ള പുരസ്‌കാരം പത്തേമാരിയും മികച്ച സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രത്തിനുള്ള പുരസ്‌കാരം നിർണ്ണയാകവും സ്വന്തമാക്കി. പരിസ്ഥിതി സംരക്ഷണ സന്ദേശം ശക്തമായ അവതരിപ്പിച്ച വലിയ ചിറകുള്ള പക്ഷികൾ മികച്ച പരിസ്ഥിതി ചിത്രമായി തെരഞ്ഞെടുത്തു.

പദ്മ പുരസ്‌കാരം

വിനോദ് റായ്, അനുപം ഖേർ, ഉദിത് നാരായണൻ, സൈന നെഹ്വാൾ, സാനിയ മിർസ തുടങ്ങി 18 പേരെയാണ് 2016 ൽ പദ്മ ഭൂഷൺ നൽകി ആദരിച്ചത്. രജനീകാന്ത്, രാമോജി റാവു, ശ്രീ ശ്രീ രവിശങ്കർ, യാമിനി കൃഷ്ണമൂർത്തി, ദീരുഭായ് അംബാനി തുടങ്ങി സാമൂഹിക സാംസ്‌കാരിക സിനിമാ വ്യാവസായിക രംഗങ്ങളിലെ പ്രമുഖരായ 10 പേർക്ക് പദ്മ വിഭൂഷൺ സമ്മാനിച്ചു.

അജയ് ദേവ്ദഗൺ, പ്രിയങ്ക ചോപ്ര, എസ് എസ് രാജമൗലി, മദുർ ഭണ്ഡാർക്കർ, തുടങ്ങിയ ചലച്ചിത്ര പ്രവർത്തകർ ഉൾപ്പെടെ 76 പേർക്ക് പദ്മശ്രീ നൽകിയും രാജ്യം ആദരിച്ചു. മരണാനന്തര ബഹുമതിയും വിദേശീയർക്കുള്ള ബഹുമതിയുമായ പദ്മശ്രീ പുരസ്‌കാരം 7 പേർക്കാണ് ലഭിച്ചത്.

സാഹിത്യ പുരസ്‌കാരങ്ങൾ

han-kangസാഹിത്യത്തിലെ ഏറ്റവും വലിയ പുരസ്‌കാരങ്ങളിലൊന്നായ മാൻ ബുക്കർ പ്രൈസ് ഇത്തവണ സ്വന്തമാക്കിയത് ദക്ഷിണ കൊറിയൻ എഴുത്തുകാരി ഹാൻ കാങ്ങാണ്. വിഖ്യാത സാഹിത്യകാരൻ ഓർഹാൻ പാമുക്ക് അടക്കം 155 പേരെ മറികടന്നാണ് ഹാൻ കാങിന്റെ ‘ദ വെജിറ്റേറിയൻ’ എന്ന നോവൽ പുരസ്‌കാരത്തിന് അർഹമായത്. മാംസാഹാരിയായ സ്ത്രീയുടെ മനം മാറ്റത്തെ കുറിച്ചുള്ളതാണ് നോവൽ.

shankha ghoshഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യ പുരസ്‌കാരമായ ജ്ഞാനപീഠം 2016ൽ സ്വന്തമാക്കിയത് ബംഗാളി കവിയായ ശംഖാ ഘോഷ് ആണ്. സാഹിത്യ അക്കാദമി അവാർഡ്, സരസ്വതി സമ്മാൻ തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ ലഭിച്ച ശംഖാ ഘോഷിനെ കഴിഞ്ഞ വർഷം രാജ്യം പദ്മവിഭൂഷണൻ നൽകി ആദരിച്ചിരുന്നു. അദീം ലതഗുൽമോമെയ്, കബീർ അഭിപ്രായ, ബാബറെർ പ്രാർത്ഥന എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന കൃതികൾ.

prabha varmaപ്രശസ്ത സാഹിത്യകാരൻ പ്രഭാവർമ്മ കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം സ്വന്തമാക്കിയത് 2016ലാണ്. കൃഷ്ണന്റെ ജീവിത കഥയെ ആസ്പദമാക്കി അദ്ദേഹം രചിച്ച ശ്യാമമാധവം എന്ന ഖണ്ഡകാവ്യത്തിനാണ് പുരസ്‌കാരം. വ്യാസ മഹാഭാരതത്തെ അടിസ്ഥാനമാക്കിയാണ് പ്രഭാവർമ്മ ശ്യാമമാധവത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.

2014 ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത് ഈ വർഷമാണ്. നോവൽ വിഭാഗത്തിൽ ടി പി രാജീവിന്റെ കെ ടി എൻ കോട്ടൂർ എഴുത്തും ജീവിതവും പുരസ്‌കാരരത്തിന് അർഹമായി. മികച്ച ചെറുകഥക്ക് വി.ആർ സുധീഷിന്റെ ‘ഭവനഭേദന’വും മികച്ച കവിത സമാഹാരത്തിനുള്ള പുരസ്‌കാരം പി.എൻ ഗോപീകൃഷ്ണന്റെ ‘ഇടിക്കാലൂരി പനമ്പട്ടടി’യും നേടി.

2016 ലെ വയലാർ അവാർഡ് പ്രശസ്ത എഴുത്തുകാരനും പത്രപ്രവർത്തകനുമായ യു. കെ കുമാരന്റെ തക്ഷൻ കുന്ന് സ്വരൂപം എന്ന നോവലിനാണ് ലഭിച്ചത്. ആറോളം പുരസ്‌കാരങ്ങൾ ഇതോടകം തന്നെ തക്ഷൻകുന്ന് സ്വരൂപം സ്വന്തമാക്കിയിട്ടുണ്ട്.

c radhakrishnanമലയാള സാഹിത്യത്തിന് നൽകിയ സമഗ്ര സംഭാവനകൾക്ക് നോവലിസ്റ്റ് സി രാധാകൃഷ്ണന് എഴുത്തച്ഛൻ പുരസ്‌കാരം ലഭിച്ചതും 2016ലാണ്. നോവലിസ്റ്റ്, കഥാകാരൻ, സംവിധായകൻ, അധ്യാപകൻ, മാധ്യമ പ്രവർത്തകൻ എന്നീ നിലകളിൽ തന്റേതായ മുദ്ര പതിപ്പിച്ച വ്യക്തിയാണ് രാധാകൃഷ്ണൻ. എല്ലാം മായ്ക്കുന്ന കടൽ, പുള്ളിപ്പുലികളും വെള്ളി നക്ഷത്രങ്ങളും, സ്പന്ദമാപിനികളേ നന്ദി, ഇവിടെ എല്ലാവർക്കും സുഖം തന്നെ, പുഴ മുതൽ പുഴ വരെ, മുൻപേ പറക്കുന്ന പക്ഷികൾ, കരൾ പിളരും കാലം എന്നിവ അദ്ദേഹത്തിന്റെ ശ്രദ്ധേയ കൃതികളാണ്.

ശൗര്യചക്ര

പത്താൻകോട്ട് ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച മലയാളി എൻഎസ്ജി കമാൻഡോ നിരഞ്ജന് ശൗര്യചക്ര പുരസ്‌കാരം നൽകി രാജ്യം ആദരിച്ചു. . എൻഎസ്ജിയാണ് ധീരതയ്ക്കുള്ള പുരസ്‌കാരത്തിന് നിരഞ്ജനെ ശുപാർശ ചെയ്തത്.

niranjan

കായിക രംഗത്തെ പുരസ്‌കാരങ്ങൾ

കായിക രംഗത്തെ ഓസ്‌കാർ ആയ ലോറസ് അവാർഡുകൽ ലഭിച്ചത് ടെന്നീസ് താരങ്ങളായ നൊവാക് ദ്യോക്കോവിച്ചിനും സെറീനാ വില്യംസിനും. ഫുട്‌ബോൾ താരം ലയണൽ മെസ്സി, ഉസൈൻ ബോൾട്ട് എന്നിവരെ പിന്തള്ളിയാണ് ഇവർ ഒന്നാമതെത്തിയത്. ഇത് മൂന്നാം തവണയാണ് സെറീന ലോറസ് പുരസ്‌കാരം സ്വന്തമാക്കുന്നത്. 2003 ലും 2010 ലുമായിരുന്നു സെറീന ഈ നേട്ടം കരസ്ഥമാക്കിയത്.

serina-dyokovich-awardഈ വർഷത്തെ ബാലന്തിയോർ പുരസ്‌കാരം നേടിയത് കാൽപന്തുകളിയിലെ വിസ്മയമായ പോർച്ചുഗീസ് ഫുട്‌ബോളർ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്. അഞ്ച് തവണ ലോക ഫുട്‌ബോളറായ മെസ്സിയെ പിന്തള്ളിയാണ് ക്രിസ്റ്റിയാനോ ഈ നേട്ടം സ്വന്തമാക്കിയത്. ഇതിന് മുമ്പ് രണ്ട് തവണ ക്രിസ്റ്റ്യാനോ, മികച്ച ഫുട്‌ബോളറായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

ഇന്ത്യയിലെ പരമോന്നത കായിക ബഹുമതിയായ ഖേൽരത്‌ന പുരസ്‌കാരം ദിപ കർമാർക്കറും ജിത്തു റായിയും സ്വന്തമാക്കിയ വർഷമാണ് 2016. റിയോ ഓളിമ്പിക്‌സിൽ ജിംനാസ്റ്റിക്‌സിന് വെങ്കല മെഡൽ നേടിയ ദീപയ്ക്ക് രാജ്യം നൽകിയ അംഗീകാരം കൂടിയായിരുന്നു ഖേൽ രത്‌ന പുരസ്‌കാരം.

deepa karmarkar+ഇവരെ കൂടാതെ ബോക്‌സിങ് താരം ശിവ ഥാപ്പ, ഷൂട്ടിങ് താരം അപൂർവ്വ ഛന്ദേല, അത്‌ലറ്റ് ലളിത ബാബർ, ഹോക്കി താരം വി രഘുനാഥ് എന്നിവരും അർജ്ജുന അവാർഡിന് അർഹരായി. മലയാളികൾക്ക് 2016 ൽ അർജ്ജുന അവാഡ് ലഭിച്ചിട്ടല്ല.

sindhu P V FINALറിയോ ഒളിമ്പിക്‌സിൽ ഇന്ത്യയ്ക്ക് വേണ്ടി പി വി സിന്ധു ബാഡ്മിന്റണിൽ വെള്ളിയും ദീപ കർമാർക്കർ ജിംനാസ്റ്റിക്‌സിൽ വെങ്കലവും സ്വന്തമാക്കിയതും ഈ വർഷം തന്നെ.

winners of 2016

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here