കുറ്റകൃത്യങ്ങളുടെ പെൺ വർഷം

female criminality

കുറ്റകൃത്യങ്ങളിൽ പുരുഷൻമാർ മാത്രമല്ല സ്ത്രീകളും ഒട്ടും പുറകിലല്ലെന്ന് തെളിയിക്കുന്ന വർഷം കൂടിയായിരുന്നു 2016. നിരവധി പേരാണ് തട്ടിപ്പിന്റെയും ചതിയുടെയും പേരിൽ പിടിക്കപ്പെട്ടത്.

ലോകത്തെ വിവിധ രാജ്യങ്ങളിലെ ജയിലുകളിലായി ഏഴ് ലക്ഷത്തോളം സ്ത്രീകൾ ശിക്ഷ അനുഭവിക്കുന്നുവെന്നാണ് കണക്കുകൾ. സെന്റ്രൽ ഇന്റസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം രാജ്യ തലസ്ഥാനമായ ഡൽഹിയിൽ ഏറ്റവും കൂടുതൽ പോക്കറ്റടിക്കാരായുള്ളത് സ്ത്രീകളാണ്. ആകെയുള്ളതിൽ 91 ശതമാനമാണ് മോഷണത്തിൽ സ്ത്രീകളുടെ പങ്കെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ഡിസംബറിനൊടുവിൽ പുറത്തുവന്ന ചതിയുടെ കഥ സ്ത്രീകളിലെ കുറ്റകൃത്യവാസനയ്ക്ക് ഉദാഹരണമാണ്. പണമുണ്ടാക്കാൻ മധ്യപ്രദേശിലെ ഇൻഡോർ സ്വദേശിയായ മേഘ ഭാർഗവും സഹോദരിയും കണ്ടെത്തിയത് വിവാഹമെന്ന ഉപാധിയായിരുന്നു. ഒന്നല്ല, അഞ്ച് പേരെയാണ് വിവിധ ഇടങ്ങളിൽനിന്നായി മേഘ വിവാഹം ചെയ്തത്. വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ വീട്ടിൽ നിന്ന് ലഭിക്കാവുന്ന പണവും മറ്റ് വസ്തുക്കളുമായി മേഘ മുങ്ങും. കൂട്ട് സഹോദരി പ്രാചി ഭാർഗവയും സഹോദരീ ഭർത്താവ് ദേവേന്ദ്ര ശർമ്മയും. ഈ വേലകളെല്ലാം ഇവർ ചെയ്യുന്നതാകട്ടെ ആഡംബര ജീവിതം നയിക്കാനാണ്. കൊച്ചിയിൽ സ്ഥിരതാമസക്കാരായ ഗുജ്‌റാത്തി കുടുംബത്തിൽ മരുമകളായി വന്ന് കയറി മേഘ കൈക്കലാക്കിയത് 15 ലക്ഷം രൂപയും 25 പവനുമാണ്.

വിവാഹം കഴിഞ്ഞ് നാളുകൾക്ക് ശേഷം കൊച്ചിയിൽനിന്ന് സഹോദരിയ്‌ക്കൊപ്പം സ്വന്തം വീട്ടിലേക്ക് പോയ മേഘ തിരിച്ച് വരാൻ കൂട്ടാക്കിയില്ല. തിരിച്ച് വിളിച്ചപ്പോൾ ഗാർഹിക പീഢനക്കേസ് ഫയൽ ചെയ്യുമെന്നായിരുന്നു ഭീഷണി. ഇതേ രീതിയിൽ ചത്തീസ്ഗഡ്, ഗുജറാത്ത്, രാജസ്ഥാൻ എന്നിവിടങ്ങളിൽനിന്നും വിവാഹം ചെയ്ത് തട്ടിപ്പ് നടത്തിയ ഇവർ കോടികളാണ് സ്വന്തമാക്കിയത്. കൊച്ചിയിലെ ഗുജ്‌റാത്തി കുടുംബം നൽകിയ പരാതിയിൽ  ഡിസംബറിൽ പോലീസ് പിടിയിലായപ്പോഴാണ് ഇവർ നടത്തിയ ചതിയുടെ കഥ വ്യക്തമാകുന്നത്.

ആലുക്കാസ് ഷോറൂമിൽനിന്ന് സ്വർണ്ണം കടത്തിയ കേസിൽ പിടിക്കപ്പെട്ടത് ഷർമിള എന്ന യുവതിയാണ്. രണ്ട് കോടി മുപ്പത്തിയഞ്ച് ലക്ഷം രൂപയുടെ സ്വർണ്ണമാണ് (900 പവനോളം) ഷർമിള ജ്വല്ലറിയിൽനിന്ന് കടത്തിയത്. 2016 മെയ് മുതൽ സെപ്തംബർ വരെയുള്ള അഞ്ച് മാസത്തിൽ ആലുക്കാസിലെ ജീവനക്കാരുടെയും സഹായത്തോടെ യാണ് തട്ടിപ്പ് നടത്തിയത്. ഷർമ്മിള ജുവലറിയിലെത്തി സ്വർണ്ണം വാങ്ങുമ്പോൾ ചെക്ക് നൽകുകയായിരുന്നു പതിവ്. ദിവസേനെ സ്റ്റോക്ക് ക്ലിയർ ചെയ്തിരുന്നത് ഷാർമ്മിളയെ സ്വർണ്ണം കടത്താൻ സഹായിച്ച ജ്വല്ലറി ജീവനക്കാരായിരുന്നു. ഈ തുക ഇവർ പങ്കിട്ടെടുക്കുകയും ചെയ്യും.

2016 ഏപ്രിൽ 19 നാണ് കോഴിക്കോട് ബിലാത്തിക്കുളത്ത് അച്ഛന്റെയും രണ്ടാനമ്മയുടെയും ക്രൂര പീഢനങ്ങൾക്കൊടുവിൽ ആറ് വയസ്സുകാരി അദിഥി കൊല്ലപ്പെട്ടത്. രണ്ടാനമ്മ പലതവണയായി കുഞ്ഞിന്റെ ശരീരത്തിൽ തിളച്ചവെള്ളം ഒഴിക്കാറുണ്ടായിരുന്നുവെന്ന് അദിഥിയുടെ സഹോദരൻ പോലീസിന് മൊഴികൊടുത്തു. അച്ഛൻ സുബ്രഹ്മണ്യം നമ്പൂതിരിയ്ക്കും രണ്ടാനമ്മ റംല എന്ന ദേവകി അന്തർജനത്തിനും കോഴിക്കോട് അഡീഷണൽ സെഷൻസ് കോടതി മൂന്ന് വർഷം കഠിന തടവിന് വിധിക്കുകയും ചെയ്തു.

കാമുകനൊപ്പം ജീവിക്കാൻ വേണ്ടി മൂന്ന് വയസ്സ് മാത്രം പ്രായമുള്ള സ്വന്തം കുഞ്ഞിനെയും ഭർതൃമാതാവിനെയും ക്രൂരമായി കൊലപ്പെടുത്താൻ കൂട്ട് നിന്ന അനുശാന്തിയ്ക്കും കാമുകൻ നിനോ മാത്യുവിനും ശിക്ഷ വിധിച്ചത് 2016ലായിരുന്നു. 2014 ഏപ്രിൽ 16 ന് നടന്ന സംഭവം അതിക്രൂരമായ കൊലപാതകമെന്ന് നിരീക്ഷിച്ച തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി ഒന്നാം പ്രതി നിനോ മാത്യുവിന് വധശിക്ഷയും അനുശാന്തിയ്ക്ക് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷയും വിധിക്കുകയായിരുന്നു. അപൂർവ്വങ്ങളിലപൂർവ്വമായ കേസ് എന്ന് നിരീക്ഷിച്ച കോടതി സമാനതകളില്ലാത്ത ക്രൂരതയെന്നും അനുശാന്തി മാതൃത്വത്തിന് അപമാനമെന്നുമാണ് അന്ന് വിധി പ്രസ്താവത്തിൽ പറഞ്ഞത്.

ഇത് ചിലർ മാത്രം. ഇനിയും പിടിക്കപ്പെടാത്തതും പുറത്തുവരാത്തതും കണക്കിൽപ്പെടാത്തതുമായ കേസുകൾ അനവധി. ഇതിൽ ചിലരെല്ലാം ബിനാമികൾ. ചിലരാകട്ടെ അസാമാന്യ കുറ്റകൃത്യ വാസനയുള്ളവർ. പിടിക്കപ്പെടില്ലെന്ന തെറ്റിദ്ധാരണയോ സമൂഹം നൽകുന്ന പരിഗണനയുടെ ചൂണഷമോ ആണ് സ്വർണ്ണക്കടത്ത്, കള്ളക്കടത്ത്, നിക്ഷേപ തട്ടിപ്പ്, ബ്ലാക്ക് മെയിൽ എന്നിങ്ങനെയുള്ള കുറ്റകൃത്യങ്ങൾക്കെല്ലാം സ്ത്രീകളെ ഉപയോഗിക്കുന്നതിന്റെ പ്രധാന കാരണം. അല്ലെങ്കിൽ സ്വയം ഇറങ്ങിപ്പുറപ്പെടാൻ ഇവർക്ക് ധൈര്യം നൽകുന്ന ചില കാരണങ്ങൾ.

 

 

Female Criminality, 2016

 

NO COMMENTS

LEAVE A REPLY