നല്ല നാടൻ തല്ലു തുടങ്ങിയ കോൺഗ്രസ് വർഷം – കേരള രാഷ്ട്രീയം 2016

പടികയറിയ പിണറായി , ഇറങ്ങിയ വി എസ്, പതിയിരുന്ന ഉമ്മൻ ചാണ്ടി, വിരിഞ്ഞ താമര, കുഞ്ഞമ്മയിൽ തട്ടി വീണ ഈ.പി.ജയരാജൻ , സ്വന്തം നാവു കൊണ്ട് മുറിവേറ്റ മണിയാശാൻ , കൊഴിഞ്ഞു പോയ രണ്ടില, ആരെപ്പോ പറിച്ചെടുത്താലും മാറ്റി ഉടുക്കാൻ ഒരു രണ്ടാം മുണ്ടുമായി നടക്കുന്ന രാജ്മോഹൻ ഉണ്ണിത്താൻ … വൈവിധ്യങ്ങൾ കൊണ്ട് സമ്പന്നമാണ് 2016 ലെ കേരള രാഷ്ട്രീയം.
വിജയ കാണ്ഡം (ചങ്കിന്റെ എണ്ണത്തിൽ തർക്കമുണ്ട് )
രാഷ്ട്രീയ നേതാവില്‍ നിന്നും സംസ്ഥാന നായക സ്ഥാനത്തേക്കുള്ള പിണറായി വിജയന് എന്ന വ്യക്തിയുടെ സ്ഥാനാരോഹണമാണ് 2016ലെ കേരള രാഷ്ട്രീയത്തിന്റെ ഹൈലൈറ്റും വലിയ വാര്‍ത്തയും. മേയ് 25നായിരുന്നു പിണറായി കേരളത്തിന്റെ 12മത് മുഖ്യമന്ത്രിയായത്. പിണറായി വിജയനില്‍ ജനം ചെലുത്തിയ അമിത പ്രതീക്ഷയുടെ സമ്മര്‍ദ്ദം പക്ഷേ ഭരണത്തെ തെല്ലും സ്വാധീനിക്കുകയോ തമ്നൂലം സെക്രട്ടറിയേറ്റില്‍ നിന്നും അത്ഭുതങ്ങള്‍ സംഭവിക്കുകയോ ചെയ്തിട്ടില്ല. എന്നാല്‍ പിണറായി വിജയന് അതി ശക്തനായ മുഖ്യമന്ത്രിയാണ് എന്നതിന്റെ തെളിവ് നിശബ്ദമായി ഇരുന്ന പ്രതിപക്ഷം തന്നെയാണ്. ഏറ്റവും ഒടുവില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായി കെ. മുരളീധരന് അത് തുറന്ന് പറഞ്ഞ ഡിസംബറില്‍ പിണറായി എന്ന മുഖ്യമന്ത്രി പുറമേ കാണുന്നതിനേക്കാള്‍ കരുത്തനാണെന്ന നവവത്സര പ്രതീക്ഷ കൂടി ജനങ്ങള്‍ക്ക് നല്കുന്നു.
പടിയിറങ്ങിയ ”നാടൻ കാസ്ട്രോ “
പിണറായിയുടെ പടികയറ്റം പക്ഷേ വിഎസ് അച്യുതാനന്ദന് എന്ന നേതാവിന്റെ രാഷ്ട്രീയ അസ്തമനമായി രാഷ്ട്രീയ വിദഗ്ദര്‍ വിലയിരുത്തി. നിയമസഭയിലേക്ക് മേയ് 16 നടന്ന തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ നയിച്ചത് വിഎസ് അച്യുതാനന്ദനിലെ ഇനിയും നിഷേധിക്കാനാകാത്ത ജനപ്രിയ ഘടകം തന്നെയായിരുന്നു. കുറച്ച് നാളെങ്കിലും വിഎസ് മുഖ്യമന്ത്രിയാകുമെന്ന് ഇടതു പക്ഷവും മറുപക്ഷവും പക്ഷമില്ലാത്തരും വിശ്വസിച്ചു. എന്നാല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും വിഭിന്നമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സംവിധാനത്തില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ സര്‍വ്വാധിപതി രീതിയുടെ ചൂട് ഒരിക്കല്‍ കൂടിജനങ്ങളും , രാഷ്ട്രീയ വിദഗ്ദരും , വിഎസ് തന്നെയും തിരിച്ചറിഞ്ഞു.
പിന്നീട് വി.എസ് അച്യുതാനന്ദന് വേണ്ടി പാര്‍ട്ടിയും വിഎസ് അച്യുതാനന്ദന് വേണ്ടി പാര്‍ട്ടിയും പിണറായിയുടെ സംസ്ഥാന സര്‍ക്കാറും ചേര്‍ന്ന് കണ്ടെത്തിയ ഭരണപരിഷ്കാര കമ്മീഷന് ചെയര്മാന് സ്ഥാനം ആയിരുന്നു വാര്‍ത്തകളില്‍. അതിന്റെ തൃപ്തിയും അതൃപ്തിയും 2016ല്‍ കെട്ടടങ്ങിയിട്ടില്ല. ഭാരതത്തിലെ ഫിദൽ കാസ്ട്രോ ആണ് വി എസ് എന്ന് സി പി എം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി ഒരു സർട്ടിഫിക്കറ്റു കൂടി നൽകി.
എന്നാല്‍ പൊതുവിഷയങ്ങളിലും ഉള്‍പ്പാര്‍ട്ടി വിഷയങ്ങളിലും ആരാധകരും, രാഷ്ട്രീയ നിരീക്ഷകരില്‍ ചിലരും വി.എസ് തന്നെയും അര്‍ത്ഥമാക്കുന്ന രീതിയില്‍ പോരാട്ടം തുടരുകയാണ്. വി.എസിന്റെ കാര്യത്തില്‍ വാര്‍ദ്ധക്യത്തിന്റെ വ്യാഖ്യാനം പാര്‍ട്ടിയ്ക്കും ശാസ്ത്ര ലോകത്തിനും പലപ്പോഴും തെറ്റുന്നുണ്ട്.
പുറകോട്ടു വലിഞ്ഞമർന്ന് നിവർന്ന് ചാണ്ടി
കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ രണ്ടാം നിരയില്‍ നിന്ന് കുതിച്ചെത്തി ഒന്നാം നിരയിലായ ഉമ്മന്‍ ചാണ്ടി ഒന്നാം സ്ഥാനം അലങ്കരിക്കാന്‍ തുടങ്ങിയിട്ട് പതിറ്റാണ്ട് കഴിഞ്ഞു. നേരിയ വെല്ലുവിളികള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഉമ്മന്‍ചാണ്ടി തന്നെയാണ് കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ പ്രമാണിയായി തുടര്‍ന്നത്. 2016ലെ തുടക്കത്തില്‍ രാഷ്ട്രീയ കേരളം ഏറെ ചര്‍ച്ച ചെയ്തതും വിചാരണയ്ക്ക് വിധേയമാക്കിയതും ഉമ്മന്‍ ചാണ്ടി എന്ന മുഖ്യമന്ത്രിയെ ആയിരുന്നു.
2015ന്റെ തുടര്‍ച്ചയായി കെഎംമാണിയും കെ.ബാബുവും ഉയര്‍ത്തിയ സമ്മര്‍ദ്ധം ഒരു വശത്തും സരിത എസ് നായര്‍ കൊണ്ടു വന്ന സോളാര്‍ വിവാദത്തിന്റെ വെല്ലുവിളി മറുവശത്തുമായി ഉമ്മന്‍ ചാണ്ടിയെന്ന മുഖ്യമന്ത്രി പൊതുമധ്യത്തില്‍ വിചാരണ ചെയ്തതിന്റെ തുടര്‍ച്ചയായാണ് തിരഞ്ഞെടുപ്പ് എത്തിയത്. തിരഞ്ഞെടുപ്പില്‍ അഴിമതിയും വിവാദങ്ങളും ഉമ്മന്‍ചാണ്ടി ഭരണത്തെ
പരാജയപ്പെടുത്തി.
മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറേണ്ടി വന്നു എന്നതല്ല 2016ലെ ഉമ്മന്‍ ചാണ്ടിയുടെ രാഷ്ട്രീയ രേഖ. പ്രതിപക്ഷ നേതാവാകാൻ പോലും ഉമ്മൻ ചാണ്ടിക്ക് കഴിഞ്ഞില്ല എന്നതാണ്. പ്രതിപക്ഷ നേതാവാകാൻ താനില്ലെന്ന് ബുദ്ധിയുള്ള ഉമ്മൻ ചാണ്ടി പറഞ്ഞത് ജയിച്ചു വന്ന എം എൽ എ മാരിൽ ‘എ’ ഗ്രൂപ്പുകാർ കുറവായിരുന്നു എന്നത് കൊണ്ടാണെന്നു ബുദ്ധിയുള്ള ചർച്ചാ തൊഴിലാളികൾ മാത്രം മനസിലാക്കി. അഥവാ രമേശ് ചെന്നിത്തലയുടെ സൗജന്യത്തിൽ ആ പദവിയിൽ ഒരു അലങ്കാരമായി മാത്രം ഇരിക്കാൻ ഉമ്മൻ ചാണ്ടിയുടെ അഭിമാനം അനുവദിച്ചിരിക്കില്ല. രമേശ് തന്നെ പ്രതിപക്ഷ നേതാവായി. വെറുമൊരു എം എൽ എ മാത്രമായി പിൻവലിഞ്ഞ ഉമ്മൻ ചാണ്ടി കാത്തിരുന്ന സമയം ഡിസംബറിന്റെ ആദ്യ പകുതി തന്നെയായിരിക്കണം. സംസ്ഥാനത്ത് ഒരു പ്രതിപക്ഷം ഇല്ലന്ന് ആദ്യം ഉയർന്നു കേട്ട ശബ്ദം കെ . മുരളീധരന്റെ രൂപത്തിലായിരുന്നു. മുസ്ലിം ലീഗും കേരള കോൺഗ്രസ് -ജേക്കബും- അതാവർത്തിച്ചപ്പോൾ പിൻവലിഞ്ഞ ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ സാമർഥ്യം ഒരിക്കൽ കൂടി കേരളം കണ്ടു. 2016 അവസാനിക്കുമ്പോൾ ആരെപ്പോ പറിച്ചെടുത്താലും മാറ്റി ഉടുക്കാൻ ഒരു രണ്ടാം മുണ്ടുമായി നടക്കുന്ന രാജ്മോഹൻ ഉണ്ണിത്താൻ എന്ന രാഷ്ട്രീയ മനുഷ്യന്റെ സദാചാര ഗതികേട് വരെ നീണ്ടു നിൽക്കുന്നു കോൺഗ്രസിലെ ഉമ്മൻ ചാണ്ടി യുഗത്തിന്റെ നേർക്കാഴ്ച !
കുഞ്ഞമ്മ-ബന്ധു വിവാദത്തില്‍ തട്ടി മൂക്കും കുത്തി വീണ ജയരാജന്
വാമൊഴി വഴക്കമെന്നൊക്കെ പറഞ്ഞ് നടന്നവരും പ്രകാശം പരത്തി ഭാഷയ്ക്ക് പുതിയ അര്‍ത്ഥം സമ്മാനിച്ചവരും ഒത്തു പിടിച്ചിട്ടും പിണറായി മന്ത്രി സഭയിലെ വ്യവസായ മന്ത്രി ഇ.പി. ജയരാജനെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. കുഞ്ഞമ്മ-ബന്ധുവിവാദത്തില്‍ തട്ടി മൂക്കും കുത്തി വീണ ജയരാജന് മന്ത്രിസ്ഥാനം നഷ്ടപ്പെടാതെ ഇരിക്കാന്‍ കൊടിയേരിയ്ക്ക് നേരെ കൈ നീട്ടി. പിടിച്ച് എഴുന്നേല്പ്പില്ല എന്ന് മാത്രമല്ല ആ വഴി മന്ത്രിസഭയില്‍ നിന്ന് ഒക്ടോബര്‍ 14ന് പുറത്തേക്ക് പോയി. കമ്മ്യൂണിസ്റ്റ് സംവിധാനത്തിന്റെ ആകെയുള്ള ആനുകൂല്യങ്ങള്‍ നല്കി സ്വയം സ്ഥാന ത്യാഗം ചെയ്തതിന്റെ വീരപരിവേഷം നല്കാനെങ്കിലും സംസ്ഥാനത്തെ മാര്‍ക്സിസ്ററ് പാര്‍ട്ടി ഇതാദ്യമായി തയ്യാറായി. സര്‍ക്കാര്‍ തസ്തികകളില്ഡ അടുത്ത ബന്ധുക്കളെ നിയമിച്ചു എന്നതായിരുന്നു വ്യവസായ മന്ത്രി ഇപി ജയരാജനെതിരായ ശക്തമായ ആരോപണം. വിവാദത്തിലെ പങ്കാളി പികെ ശ്രീമതിയെ പാര്‍ട്ടി താക്കീതു ചെയ്യുകയും ചെയ്തു. ബോക്സിംഗ് ഇതിഹാസം മുഹമ്മദാലിയെ കേരളത്തിന്റെ അഭിമാനതാമെന്നൊക്കെ ചാനലില്‍ തട്ടി വിട്ട് ഭരണത്തെ നാണം കെടുത്തിയിരുന്നു ഇ.പി.
”വൺ ടൂ ത്രീ …” മണിയാശാൻ പെട്ടു !
ഇ.പി. ജയരാജന്റെ വീഴ്ച എം.എം. മണിയുടെ കയറ്റമായി. ജയരാജന്റെ ഒഴിവില്‍ മണിയാശാന് മന്ത്രിയായി. വകുപ്പ് വ്യവസായം കിട്ടിയില്ല. പകരം വൈദ്യുതി നല്കി. സത്യപ്രതിജ്ഞയും നാട്ടിലെ സ്വീകരണവും കഴിഞ്ഞെത്തിയപ്പോള്‍ പഴയ അഞ്ചേരി ബേബി വധം തലപൊക്കി. മണിയാശാന് എന്ന വിദ്യുഛക്തി വകുപ്പ് മന്ത്രി എംഎം മണി കൊലക്കേസിലെ പ്രതി തന്നെയെന്ന് കോടതി പറഞ്ഞു. മണി നല്കിയ വിടുതല്‍ അപേക്ഷ നിരസിച്ച വിധിയില്‍ വിചാരണ തുടരാന്‍ കോടതി നിര്‍ദേശിച്ചു. പ്രസംഗത്തിന് കൈയ്യടി നേടാന്‍ ആശാന് തന്നെ സ്വയം കുഴിച്ച വണ്‍ടുത്രീ പ്രസംഗം ആണ് മണിക്കെതിരെ തിരിഞ്ഞ് കുത്തിയത്.
കൊഴിഞ്ഞു പോയ രണ്ടില
വര്‍ഷാന്ത്യത്തില്‍ എംഎം മണിയുടെ ഭാവി കൃത്യമല്ലെങ്കിലും കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന്റെ ഫലം വന്ന അധികമാകും മുമ്പേ കെഎം മാണി ഭാവി പരിപാടികള്‍ തീരുമാനിച്ചത് 2016ലെ രാഷ്ട്രീയ സംഭവങ്ങള്‍ പ്രധാനപ്പെട്ട എന്നായി.
ബാര്‍ കോഴ വിഷയത്തില്‍ ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ നിന്നും രാജി വച്ചിറങ്ങേണ്ടി വന്ന കെഎം മണി 2016ലെ തെരഞ്ഞെടുപ്പില്‍ യുഡിഎഫില്‍ നിന്ന് തന്നെ മത്സരിച്ചു. എന്നാല്‍ വൈകാതെ നയം വ്യക്തമാക്കി. രാജി വയ്ക്കേണ്ടി വന്നതും ബാര്‍ കോഴയും കോണ്‍ഗ്രസിലെ ഒരു സംഘത്തിന്റെ ഗൂഢാലോചനയുടെ ഫലമായാണെന്ന് മാണി തുറന്നടിച്ചു. യുഡിഎഫിന്റെ രൂപീകരണം മുതല്‍ മധ്യകേരളത്തില്‍ മുന്നണിയെ സുരക്ഷിതമാക്കിയിരുന്ന മാണിയും രണ്ടിലയും കൊഴിഞ്ഞ് പോയി.
മദ്യത്തിൽ വഴുതി വീണ ബാബുവേട്ടൻ
ബാര്‍ കോഴക്കേസില്‍ ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ നിന്ന് പുറത്ത് പോയ കെബാബു പക്ഷേ ഉടന്‍ തന്നെ തിരിച്ച് വന്നു. എന്നാല്‍ തിരഞ്ഞെടുപ്പില്‍ കെ.ബാബുവിന്റെ തോല്‍വി 2016ലെ വലിയ രാഷ്ട്രീയ വാര്‍ത്തയായി. സിപിഎം ഇറക്കിയ യുവ തുര്‍ക്കി എം സ്വരാജ് ആയിരുന്നു എതിരാളി എങ്കിലും യുഡിഎഫ് സുരക്ഷിത മണ്ഡലത്തിലെ ബാബുവിന്റെ തോല്‍വി അഴിമതിയ്ക്കെതിരെയുള്ള ജനവിധിയുടെ ശക്തി തെളിയിക്കുന്നതായി.
വിരിഞ്ഞ താമരയും പറന്നുയർന്ന സുരേഷ് ഗോപിയും
സംസ്ഥാന നിയമ സഭയില്‍ ഒ. രാജഗോപാല്‍ അംഗമായി . അത് ബിജെപിയുടെ കേരളത്തിലെ അക്കൗണ്ട് തുറക്കലായി, വാര്‍ത്തകളില്‍ ഒന്നാം തലക്കെട്ടുകളില്‍ ഒന്നായി. ദേശീയ തലത്തില്‍ മോഡി ഉയര്‍ത്തിയ താമര തരംഗത്തിന്റെ പ്രതിഫലനം ആയിരുന്നില്ല കേരളത്തില്‍. ഒ രാജഗോപാല്‍ എന്ന വ്യക്തി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നടത്തിയ നിര്‍ണ്ണായക നിരന്തര പോരാട്ടങ്ങള്‍ക്കുള്ള അംഗീകാരമായിരുന്നു അത്. കേരളത്തില്‍ സാമുദായികമായി കുറച്ചെങ്കിലും കെട്ടുറപ്പുള്ള എസ് എന്ഡിപിയുടേയും ഈഴവ സമുദായത്തിന്റേയും പിന്തുണ ബിജെപി മുന്നണി സ്ഥാനാര്‍ത്ഥികളില്‍ 18പേരുടെ നില മെച്ചപ്പെടാന്‍ ഇടയായി. ഒപ്പം ദേശീയ തലത്തില്‍ സംഘപരിവാറിന്റെ സംഘടിത ഹിന്ദു അജണ്ട വളരെ ചെറിയ അളവില്‍ കേരളത്തിലും പ്രതിഫലിച്ചു. ഒ.രാജഗോപാല്‍ ഉയര്‍ത്തിയ വളർച്ചാ പ്രതീക്ഷയുടെ തുടര്‍ച്ച സൃഷ്ടിക്കാന്‍ ബി ജെ പി ദേശീയ നേതൃത്വം കേരളത്തിനൊരു എം.പി.യെ കൂടി സമ്മാനിച്ചു. ജനപ്രിയ താരം സുരേഷ് ഗോപി രാജ്യസഭാ എംപിയായി കലാകാരന്മാരുടെ ക്വാട്ടയില്‍ നോമിനേറ്റ് ചെയ്യപ്പെട്ടു.
സോളാര്‍, ബാര്‍ കോഴ വിവാദങ്ങളില്‍ തുടങ്ങി തെരഞ്ഞെടുപ്പില്‍ പിണറായി വിജയന്റെ ഉദയം ഒടുവില്‍ രാജ് മോഹന്‍ ഉണ്ണിത്താന് രണ്ടാം മുണ്ടുമായി നടക്കുന്ന കാഴ്ചയില്‍ രാഷ്ട്രീയ കേരളത്തിന്റെ 2016കലണ്ടര്‍ അവസാനിക്കുകയാണ്.
കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സ്ഥാപക ദിനത്തില്‍ തുടങ്ങിയ തല്ല് 2017ന്റെ പ്രധാന വാര്‍ത്താ വിഭവമാകും!. മത്സരത്തിന് മണിയാശാന്റെ കൊലക്കേസ് വിചാരണയും മന്ത്രിസാഥാനത്തിന്റെ ഭാവി വിശകലനങ്ങളും പ്രതീക്ഷിച്ച് കൊണ്ട് 2017നെ കാത്തിരിക്കുന്ന രാഷ്ട്രീയ ചിത്രം കൂടി സമര്‍പ്പിക്കുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here