ഏഴു വയസ്സുകാരിക്ക് മൂന്നു മാസം ലൈംഗികപീഡനം; പ്രതികൾ പുറത്തു വിലസുന്നു

ഏഴു വയസ്സുള്ള ഒരു പിഞ്ചു കുഞ്ഞിനെ മൂന്നു മാസത്തിലധികം ലൈംഗികചൂഷണം നടത്തിയവരെ നിയമം തൊടുന്നില്ലന്നു പരാതി. കുഞ്ഞിന്റെ അജ്ഞത, മാനസികാരോഗ്യം നഷ്ടമായ അച്ഛൻ , സ്വാധീനമുള്ള പ്രതികൾ ! ഏതു ഭരണത്തിലും ആരെയും കൂസാതെ നമ്മുടെ കുഞ്ഞുങ്ങളെ കടിച്ചു കുടയുന്നവരെ ഉന്മൂലനം ചെയ്യാൻ നമ്മുടെ നിയമങ്ങൾക്കു കഴിയുന്നില്ലേ ?

എറണാകുളം ജില്ലയിലെ കാക്കൂർ തിരുമാറാടി സ്‌കൂളിലെ ഒരു പിഞ്ചു ബാലികയുടെ വെളിപ്പെടുത്തലാണ് നാടിനെ നടുക്കിയത്. തന്നെ നാല് പേർ ചേർന്ന് പീഡിപ്പിച്ചിരുന്നതായി കുട്ടി തന്റെ അദ്ധ്യാപികയോട് വെളിപ്പെടുത്തുകയായിരുന്നു. തുടർന്ന് അദ്ധ്യാപിക നടത്തിയ അന്വേഷണത്തിൽ കുട്ടി പറയുന്നതിൽ സത്യമുണ്ടെന്ന് മനസിലാക്കി. ഓരോ ദിവസവും കുട്ടിയിൽ പ്രകടമായ നിലയിൽ കണ്ട ക്ഷീണമാണ് ടീച്ചറിൽ സംശയം ഉണ്ടാക്കിയത്. കുട്ടിയുടെ പിതാവ് മാനസികാരോഗ്യം നഷ്‌ടമായ ഒരാളായത് പ്രതികൾക്ക് വളമായിരുന്നു.

ഉദയൻ – 55 വയസ്സുള്ള മനുഷ്യ മൃഗം

പരാതി കൂത്താട്ടുകുളം പോലീസ് സ്റ്റേഷനിൽ എത്തി. പോലീസ് ആദ്യം നടത്തിയ അന്വേഷണത്തിൽ 55 വയസ്സുള്ള ഉദയൻ എന്നയാളിനെ കുട്ടി തിരിച്ചറിഞ്ഞു. അറസ്റ്റ് ചെയ്ത ഉദയനെ റിമാൻഡ് ചെയ്തു. എന്നാൽ കുറ്റവാളികൾ ഇനിയുമുണ്ടെന്നു നാട്ടുകാർ ഉറപ്പിച്ചു പറയുന്നു.

സംഭവത്തിൽ സ്ഥിരം മദ്യപ സംഘം ആയ നാട്ടിലെ നാല് പേരാണ് ഉൾപ്പെട്ടിരിക്കുന്നതെന്ന് പോലീസിന് വിവരം നൽകിയിരുന്നു. അതെ സമയം കുട്ടി തിരിച്ചറിഞ്ഞ ആളെ മാത്രം അറസ്റ്റ് ചെയ്ത് പോലീസ് അന്വേഷണം അവസാനിപ്പിച്ചതായും നാട്ടുകാർ പരാതിപ്പെടുന്നു. പിടികൂടാനുള്ളവരിൽ ഒരാൾ പണസ്വാധീനവും രാഷ്ട്രീയ പിൻബലവും ഉള്ളയാളാണെന്ന് ആരോപണം ഉയരുന്നു.

എന്നാൽ സംഭവത്തിൽ ഉൾപ്പെട്ടതായി അന്വേഷണത്തിൽ ബോധ്യമായ ഉദയനെ പരാതി ലഭിച്ച ഉടനെ തന്നെ കണ്ടെത്തി അറസ്റ് ചെയ്തതായും കേസിൽ വീഴ്ച ഉണ്ടായിട്ടില്ലെന്നും കൂത്താട്ടുകുളം പോലീസ് ട്വന്റിഫോർ ന്യൂസിനോട്‌ പറഞ്ഞു.

ലഹരിയുടെ പിടിയിലമരുന്ന തിരുമാറാടി

തിരുമാറാടി പഞ്ചായത്തിലെ കാക്കൂര്‍ പാലച്ചുവട്‌, വെള്ളേലി ചെക്ക്‌ ഡാം, പനന്തോട്ടം, മനക്കപ്പാലം പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചു മയക്കുമരുന്ന്‌ വ്യാപാരവും ഉപയോഗവും വര്‍ധിക്കുന്നതായി പരാതിയുയരുന്നു. ഈ പ്രദേശത്ത് മുൻപ് കാണാത്ത പുറത്തു നിന്നുള്ള ചെറുപ്പക്കാര്‍ ബൈക്കിലും ഓട്ടോയിലുമായി കാക്കൂര്‍ പാലച്ചുവട്‌ വഴി എത്തിയാണ്‌ മയക്കുമരുന്ന്‌ വില്‍പന നടത്തുന്നതെന്ന് പരാതിയിൽ വ്യക്തമാക്കുന്നു.

മാത്രമല്ല കാക്കൂര്‍ മതിക്കുറകുളിക്കടവുകളില്‍ വൈകുന്നേരങ്ങളില്‍ ചിലര്‍ സ്‌ത്രീകള്‍ കുളിക്കുന്ന ചിത്രങ്ങള്‍ എടുക്കുകയും ദുരുപയോഗം ചെയ്യുന്നതായും കാക്കൂര്‍ ഗ്രാമീണ വായനശാല ഭാരവാഹികള്‍ പോലീസിന്‌ നല്‍കിയ പരാതിയില്‍ പറയുന്നു. ചിത്രം പകര്‍ത്തിയവരെ എതിര്‍ത്തവരെ പേടിപ്പിക്കുന്നതിനാല്‍ സ്‌ത്രീകള്‍ പുറത്ത്‌ പറയാനും കുളിക്കടവില്‍ പോകാനും ഭയപ്പെടുന്നു. കാക്കൂര്‍ പാലച്ചുവട്‌, കൂരാപ്പിള്ളി കുരിശ്‌, കാക്കൂര്‍ അമ്പലപ്പടി ആര്‍.പി.എസിനു സമീപ പ്രദേശങ്ങള്‍ മനക്കപ്പാലം എന്നിവിടങ്ങളില്‍ അനധികൃത മദ്യവില്‍പന നടക്കുന്നതായും പരാതിയില്‍ പറയുന്നു.

ഏഴു വയസ്സുകാരിയുടെ ദുരവസ്ഥ ഇനിയും ആവർത്തിക്കാതിരിക്കാൻ വലിയ ജനമുന്നേറ്റത്തിനൊരുങ്ങുകയാണ് പ്രദേശ വാസികൾ.

 

Child abuse in Ernakulam

NO COMMENTS

LEAVE A REPLY