ആരാണ് സാവിത്രി ഭായ് ഫൂലെ

Savitri bhai phule

സ്ത്രീ ശാക്തീകരണത്തിനും, സ്ത്രീകളുടെ അവകാശത്തിനും, ബാഹ്മണ ആധിപത്യതിനെതിരെയും, പ്രവർത്തിച്ച സാമൂഹിക പരിഷ്‌കർതാവ് സാവിത്രിഭായി ഫൂലെയുടെ ജന്മദിനമായ ഇന്ന് ഗൂഗിൾ ഡൂഡിലിലൂടെ ആദരിച്ചു.

ഇന്ത്യയിലെ ആദ്യ വനിതാ പാഠശാലയിലെ ആദ്യ വിനത അധ്യാപികയാണ് സാവിത്രി ഭായ്. ഇത് കൂടാതെ ആധുനിക മറാഠി കവിതയുടെ മുന്ഗാമിയായും ഇവരെ കണക്കാക്കുന്നു.

മഹാരാഷ്ട്രയിലെ നായ്ഗാവിൽ ഒരു കര്ഷക കുടുംബത്തിൽ 1831 ജനുവരി 3 നു സാവിത്രി ഭായ് ഫൂലെ ജനിച്ചു. ഇന്ത്യയിലെ സാമൂഹികനവോത്ഥാന നേതാവായ,അബ്രാഹ്മണ പ്രസ്ഥാനത്തിന്റെ മാർഗ്ഗദീപം ആയ മഹാത്മാ ജ്യോതിറാവു ഫൂലെ യെ വിവാഹം കഴിച്ചു . അവരുടെ പഠിക്കാനുള്ള തൃഷ്ണ കണ്ടു അദ്ദേഹം സാവിത്രിഭായിയെ എഴുത്തും വായനയും പഠിപ്പിച്ചു.

ജാതിഹിന്ദുക്കളുടെ കഠിനമായ എതിർപ്പ് നേരിട്ട് കൊണ്ട്, ബ്രിട്ടീഷുകാരുടെ സഹായത്തോടെ , മാതാസാവിത്രി മഹാത്മാ ജ്യോതിറാവു ഫൂലെ ദമ്പതികൾ പൂനെയിലെ നാരായൺ പെഠിൽ 1848 ൽ പെൺകുട്ടികൾക്കായുള്ള സ്‌കൂൾ ആരംഭിച്ചു. ഇത് ഇന്ത്യയില ആദ്യതെത് ആയിരുന്നു. അതോടൊപ്പം ആ കാലഘട്ടത്തിൽ ജാതിപീഡനം നേരിട്ടിരുന്ന അയിതജാതിയിൽ പെട്ട കുട്ടികൾ ഇവിടെ വിദ്യാഭ്യാസത്തിനായി എത്തി.

savitri bhai phule

നാട്ടിലുള്ള യാഥാസ്ഥിതികരായ ബ്രാഹ്മണജാതി ഹിന്ദുക്കൾ, കല്ലും ചെളിയും വാരി അവരെ എറിയുമായിരുന്നു. അതുകൊണ്ട് പലപ്പോഴും സ്‌കൂളിൽ ചെന്ന് മറ്റൊരു വസ്ത്രം ധരിച്ചു വേണമായിരുന്നു അവർ്ക്ക് ക്ലാസ്സിൽ പോവാൻ ! ഇതിലൊന്നും പതറാതെ ആ വർഷം തന്നെ അവർ മുതിർന്നവർക്കായി മറ്റൊരു സ്‌കൂൾ സ്ഥാപിച്ചു . 1851 ആയപ്പോഴത്തെക്കും അവർ 3 സ്‌കൂളുകൾ നടത്തിയിരുന്നു.

കുട്ടികൾ സ്‌കൂളിൽ വരുന്നത് പ്രോത്സാഹിപ്പിക്കാനും ഇടയ്ക്കു പഠനം നിർത്തി പോവുന്നത് തടയാനും വേണ്ടി സ്‌കൂളുകളിൽ ഉച്ചഭക്ഷണ സമ്പ്രദായവും ഗ്രാൻഡും ഏർപ്പെടുത്തുന്ന പതിവ് തുടങ്ങിയത് സാവിത്രിയായിരുന്നു.

ഒരു വിദ്യാഭാസ പ്രവർത്തക എന്നതിലുപരി സാമൂഹ്യ പരിഷ്‌ക്കർത്താവായും ജാതിവ്യവസ്ഥക്ക് എതിരെ പോരാടിയ നേതാവ് ആയും സാവിത്രി ഭായി ഫൂലെ അറിയപെടുന്നു.

മരണ നിരക്കിന്റെ ആധിക്യം കൊണ്ടും ശൈശവ വിവാഹം മൂലവും സമൂഹത്തിൽ വിധവകളുടെ എണ്ണം അന്ന് കൂടുതലായിരുന്നു. അവരുടെ സ്ഥിതിയാവട്ടെ പരമ ദയനീയവും. വിധവകൾ ശിരസ്സ് മുണ്ഡനം ചെയ്യേണ്ടതുണ്ടായിരുന്നു. സാവിത്രി ബായ് ജ്യോതിറാവു ദമ്പതികൾ വിധവകളുടെ ശിരസ്സ് മുണ്ഡനം ചെയ്യുന്നതിനെതിരെ പ്രതികരിക്കുകയും അതിനെതിരെ ക്ഷുരകന്മാരെ ബോധവൽക്കരിക്കുകയും ചെയ്തു.

അക്കാലത്ത് , വിധവകൾ, പ്രത്യേകിച്ച് ബ്രാഹ്മണസമുദായത്തിലെ, പലവിധത്തിലും ചൂഷണം ചെയ്യപ്പെട്ടിരുന്നു. പലപ്പോഴും ലൈംഗീകചൂഷണത്തിന് ഇരയായി ഗർഭിണികളാക്കപ്പെടുന്ന വിധവകൾ സമൂഹത്തെ ഭയന്ന് ഒന്നുകിൽ ആത്മഹത്യ ചെയ്യുകയോ അല്ലെങ്കിൽ ജനിച്ചയുടൻ കുഞ്ഞുങ്ങളെ കൊന്നുകളയാൻ നിർബ്ബന്ധിതരാവുകയോ ചെയ്തിരുന്നു. ഒരിക്കൽ ഗര്ഭിണിയായ ഒരു വിധവയെ ആത്മഹത്യയിൽ നിന്ന് പിന്തിരിപ്പിച്ച മാതാസാവിത്രി- മഹാത്മാ ജ്യോതിറാവു ഫൂലെ ദമ്പതികൾ, ഈ കുഞ്ഞിനെ ദത്തെടുത്തു പഠിപ്പിച്ചു, ഡോക്ടറാക്കി .

അവർ ചൂഷിതരായ വിധവകൾകായി ‘ബാൽ ഹത്യാ പ്രതിബന്ധക് ഗൃഹ് ‘ എന്ന പേരിൽ ഒരു ആശ്വാസ കേന്ദ്രം തുടങ്ങുകയും ചെയ്തു.

തൊട്ടുകൂടായ്മക്കെതിരെയും ജാതീയതക്കെതിരെയും ബ്രാഹ്മണഅധീശത്വതിനെതിരെയും ശക്തമായി പ്രതികരിച്ച ഇവർ ദളിതർക്കായി സ്വന്തം വീട്ടിൽ കിണറുണ്ടാക്കി അതിൽ നിന്നും വെള്ളം എടുക്കാൻ അനുവാദം നൽകി. അവർ ‘വിക്ടോറിയ ബാലാശ്രമം ‘ സ്ഥാപിച്ചു. ഗ്രാമ ഗ്രാമങ്ങളിൽ ചെന്ന് സംഭാവന സ്വീകരിച്ച് ദിവസേന ആയിരങ്ങൾക്ക് അന്നം നൽകി.

1890 ൽ മഹാത്മാ ജ്യോതിറാവു ഫൂലെ അന്തരിച്ചു. മാതാപിതാക്കളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടു വളർന്ന യശ്വന്ത് എല്ലാ കാര്യങ്ങളിലും അവർക്ക് പിന്തുണയേകി. പുരോഹിത മേൽനോട്ടമില്ലാതെ സ്ത്രീധനം വാങ്ങാതെയാണ് അവൻ വിവാഹിതനായത്.

പൂനെയിൽ പ്ലേഗ് പടര്ന്നു പിടിച്ചപ്പോൾ മാതാ സാവിത്രി ഭായി മകനോടൊപ്പം ഒരു ആശുപത്രി തുടങ്ങി. രോഗികളെ അവർ സ്വയം പരിചരിക്കുമായിരുന്നു. അങ്ങനെ അവരെ ശുശ്രൂഷിക്കുന്നതിനിടയിൽ രോഗബാധിതയായി 1897 മാർച് 10 ആം തിയ്യതി അവർ അന്തരിച്ചു.

മാതാ സാവിത്രിയുടെ രണ്ടു കവിതാ സമാഹാരങ്ങൾ അവരുടെ മരണാനന്തരം പ്രസിദ്ധീകരിക്കുകയുണ്ടായി. കാവ്യ ഫൂലെ (1934) , ബവൻ കാശി സുബൊധ് രത്‌നാകർ (1982).

savitri bhai phule

മരണാനന്തര ബഹുമതിയായി മഹാരാഷ്ട്ര സർക്കാർ പൂനെ സർവ്വകലാശാലക്കു 2014 ൽ സാവിത്രി ബായ് ഫൂലെ പൂനെ സർവ്വകലാശാല എന്ന് പുനർ നാമകരണം ചെയ്യുകയുണ്ടായി. 1998 ൽ അവരുടെ ബഹുമാനാർത്ഥം തപാൽ സ്റ്റാമ്പും ഭാരത സർക്കാർ പുറത്തിറക്കി.

savitri bhai phule

NO COMMENTS

LEAVE A REPLY